Sunday, 10 May 2020



  അതിജീവനം വെറുമൊരു മരീചികയാണോ



 അന്ധനായ ഗുരു ഉറക്കം നടിക്കുകയാണു. കേള്‍ക്കുന്നത് കേട്ടതായി ഭാവിക്കുന്നില്ല. അറിഞ്ഞത് അറിഞ്ഞതായി നടിക്കുന്നില്ല. ഉറക്കം നടിക്കുന്ന ഗുരുവിനെ പിടിച്ചുണര്‍ത്താന്‍ തക്ക ശേഷി ശിഷ്യര്‍ക്കുമില്ല.
  ദക്ഷിണ- പശ്ചിമ ദില്ലിയിലെ ഗലികളിലോ ധാരാവിയിലെ  ചേരികളിലോ ചെന്നു നിങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നു പറയുന്നത് ക്രൂരമായ തമാശയായി പോകും ! COVID 19 കാലത്തെ ലോക്ക്ഡൌണ്‍ പിന്‍വലിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചില രാഷ്ട്രീയക്കാര്‍ അധികാര കസേരയില്‍ ഇരുന്ന 10 ഉം 15 ഉം വര്‍ഷംകൊണ്ട് ഇതുവരെ ചെയ്യാത്തതും എന്നാല്‍ ഉടനടി ചെയ്യാന്‍ പോകുന്നതുമായ വികസനവും ദാരിദ്ര്യ നിര്മ്മാര്‍ജ്ജനത്തിനും വേണ്ടിയാണല്ലോ ഇതൊക്കെ ചെയ്യുന്നതെന്നോര്‍ക്കുമ്പോള്‍ അതിലേറെ തമാശയും അതിലുപരി പരമ പുച്ച്ചവും തോന്നിയില്ലെങ്കിലെ അദ്ഭുതമുള്ളു. ജനാധിപത്യ രാഷ്ട്രീയ വിശകലനങ്ങളില്‍ അങ്ങനെ ഒരു യാഥാര്ത്യം തങ്ങി നില്‍ക്കുമ്പോഴും വഴിയാധാരമാക്കപ്പെടുന്ന ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബവും അനുഭവിക്കുന്ന നരക യാതനകള്‍ ചില മനുഷ്യ മനസ്സുകളിലെങ്കിലും നിഴലിച്ചങ്ങനെ പതിഞ്ഞു നില്‍പ്പുണ്ട്. ഇത്തരമൊരു സമ്മിശ്രാവസ്ഥയില്‍ നിന്നായിരിക്കണം വൈറസിനൊപ്പം ജീവിക്കാം എന്ന അതി ജീവന സിദ്ധാന്തം പലരും പ്രകടിപ്പിച്ചു തുടങ്ങിയത്. ഇന്ത്യയുള്‍പ്പെടുന്ന വികസ്വര രാജ്യങ്ങള്‍ ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അറിയാതെയെങ്കിലും ഈ നയത്തിലേക്ക്‌ കടക്കുമ്പോള്‍ വികസിത രാജ്യങ്ങള്‍ ഒരിക്കലും തകരാന്‍ ആഗ്രഹിക്കാത്ത തങ്ങളുടെ മേല്‍ക്കോയ്മയുടേയും ബിസിനസ് താല്പര്യങ്ങളുടേയും പിന്‍ബലത്തിലാണ് ഈ ഒരു നയ രൂപീകരണത്തില്‍ എത്തിയതെന്ന വസ്തുത വിസ്മരിച്ചു കൂടാ. ഒരു നയവുമില്ലാത്ത ആഫ്രിക്കയിലെയും ചില തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെയും അവസ്ഥ അതിലും ഭീകരമാണ്.
      അദൃശ്യനായ കൊറോണ വൈറസെന്ന ഭീകരനോപ്പം ജീവിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ ഒരുങ്ങിയിരിക്കേണ്ടതുണ്ട്. മനുഷ്യനോടും മൃഗങ്ങളോടും വളരെയധികും പ്രതിപത്തിയുള്ള കൊറോണ വൈറസ് നമ്മുടെ ഉള്ളില്‍ പ്രവേശിക്കാന്‍ കാത്തുനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി വേണം നമ്മള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍. എന്നാല്‍ അതു തീര്‍ത്തും അനായാസമായ കാര്യമല്ലതാനും. ലോക്ക് ഡൌണ്‍ ഭാഗികമായി പിന്‍വലിച്ചപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ പ്രധാന മാര്‍ക്കറ്റു കളില്‍ ഒന്നായ ചാലയില്‍ കണ്ടത് ജനസമുദ്രത്തെയായിരുന്നു. ഇടുങ്ങിയതും ചെറു കടകളാല്‍ ചുറ്റപ്പെട്ടതുമായ ചാലയില്‍ സാമൂഹിക അകലം പാലിക്കുയെന്നു പറഞ്ഞത് വെറും പാഴ് വാക്കു മാത്രമായി പോയി. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിന്‍റെ തലസ്ഥാന നഗരിയിലാണ് ഇതു നടന്നതെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൂടാ. അപ്പോള്‍ മുംബൈ കൊല്‍കൊത്ത അഹമ്മദാബാദ് ചെന്നൈ തുടങ്ങിയ ജനസാന്ദ്രതയേറിയ വമ്പന്‍ നഗരങ്ങളില്‍ എന്തായിരിക്കും അവസ്ഥ ! നമ്മുടെ ചിന്തകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമായിരിക്കും. അപ്പോള്‍ കൊറോണ വൈറസെന്ന അതിഥിയെ ഉള്ളില്‍ കടക്കാന്‍ അനുവദിക്കാതെ നാം എങ്ങനെയാണ് ജീവിക്കുന്നത്.........?
           പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം കൂടിയാണിത്. എത്ര സംസ്ഥാനങ്ങളില്‍ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണ് ? ഗുജറാത്തില്‍  GSDP യുടെ വെറും 0.72 % മാത്രമാണ്  മുൻകാലങ്ങളിൽ   പൊതുജനാരോഗ്യ സംരക്ഷണത്തിനായി നീക്കി വച്ചിട്ടുള്ളത്‌. 2015-16 കാലത്തു 1.26 ലക്ഷം കോടിയുടെ ആഭ്യന്തര ബജറ്റില്‍ 7 432 കോടിമാത്രമാണ് പൊതുജനാരോഗ്യത്തിനായി നീക്കിയിരുപ്പ്‌ നടത്തിയത് . പ്രത്യേകിച്ചും 94 ല്‍ സൂററ്റില്‍ പ്ലേഗ് പൊട്ടിപുറപ്പെട്ടപ്പോള്‍ ശരിയായാ പരിശോധന സൗകര്യം പോലുമുണ്ടായിരുന്നില്ലയെന്ന ആക്ഷേപം തദവസരത്തില്‍ ഓര്‍ക്കുന്നത് നനായിരിക്കും. അതില്‍നിന്നും ഒട്ടും മുന്നോട്ടുപോയിട്ടില്ലയെന്നതു വേദനാ ജനകം തന്നെയാണ്. മറ്റു ചില സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. ബീഹാറില്‍ 2019 ല്‍ അക്യൂറ്റ് എന്സേഫലൈറ്റിസ് സിണ്ട്രോമിന്‍റെ പാശ്ചാത്തലത്തില്‍ അടിയന്തരമായി അനുവദിച്ച 3300 കോടിയുടെ പകുതിയും പാഴായ വസ്തുത വിസ്മരിച്ചു കൂടാ. രോഗാതുരമായ പ്രൈമറി ഹെല്‍ത്ത് സിസ്റത്തെ പുനര്ജീവിപ്പിക്കാനും ജീവനക്കാരുടെ കുറവ് നികത്താനും ഇതുവരെ അവര്‍ക്ക് കഴിഞ്ഞിട്ടില്ലയെന്നു പറയുന്നത് പരിതാപകരമാണ്. AES (അക്യൂറ്റ് എന്സേഫലൈറ്റിസ് സിണ്ട്രോമിന്‍റെ ) മുസ്സഫര്‍പൂരില്‍ എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഈ കണക്കുകള്‍ക്കു വളരെ പ്രസക്തിയുണ്ട് താനും.
   ഇന്ത്യയിലെ വെറും രണ്ട് സംസ്ഥാനങ്ങളുടെ കാര്യം മാത്രമാണിത്. അങ്ങനെയെങ്കില്‍ ആധുനിക വൈദ്യശാസ്ത്രം COVID 19 പ്രതിരോധ നടപടികളുടെ ഭാഗമായി അനുശാസിക്കുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും ശുചിത്വ പരിപാലനവും പോഷണാഹാരവും റാന്‍ടം പരിശോധനകളും എങ്ങനെ സാധ്യമാകും ? അങ്ങനെയെങ്കില്‍ അതിജീവനത്തിന്റെ ഒന്നാം ഘട്ടം തന്നെ ഇന്ത്യയില്‍ പാളിപ്പോകാം.
   വൈറസിനോടൊത്ത് ജീവിക്കുന്ന കാലഘട്ടത്ത് അതിരൂക്ഷമായി അനുഭവപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു വൈതരണിയാണു തൊഴില്‍ പ്രശ്നങ്ങള്‍. തൊഴില്‍ ലഭിച്ചാലും അന്നന്നത്തെ അന്നമൂട്ടാനുള്ള കൂലിപോലും ചിലപ്പോള്‍ ലഭിച്ചെന്നു വരില്ല. സോഷ്യല്‍ സയന്‍സില്‍ ഇഷ്ടമില്ലാത്തതും ഒട്ടും മെച്ചമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ ഏര്‍പ്പെടുന്നവരും കുറഞ്ഞകൂലിയും സാധാരണയായി തൊഴിലില്ലായ്മയുടെ ഗണത്തിലാണ് കണക്കാക്കപ്പെടുന്നത്. സ്വതവേ അത്തരമൊരു അവസ്ഥയില്‍ നട്ടം തിരിയുന്ന ഇന്ത്യന്‍ തൊഴിലാലികളും തൊഴിലിടങ്ങളും കൂടുതല്‍ പതനത്തിലേക്ക് പോകുന്ന കാഴ്ച അതി വിദൂരമല്ല.ഈ ഒരവസ്ഥ മുന്‍കൂട്ടി കണ്ടുകൊണ്ട് ഫലപ്രദവും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്താന്‍ ഇപ്പോഴത്തെ രാഷ്ട്രീയ ഭരണ നേതൃത്വത്തിനു നാളിതുവരെ കഴിഞ്ഞിട്ടില്ല. 90കളുടെ ആദ്യം നരസിംഹറാവു-മന്‍മോഹന്‍ സിംഗ് കൂട്ടുകെട്ടില്‍ പിറന്ന LPG യ്ക്കും 2004 ല്‍ ഇടതുപക്ഷ പിന്തുണയോടെ നടപ്പിലായ തൊഴിലുറപ്പ് പദ്ധതിക്കും ശേഷം ക്രിയാത്മകമായി ഉള്‍ത്തിരിഞ്ഞ തൊഴിലുകള്‍ കൂട്ടത്തോടെ സൃഷ്‌ടിക്കപ്പെട്ട ഒരറ്റ പദ്ധതിപോലും രൂപപ്പെട്ടില്ലയെന്നതു രാഷ്ട്രീയ നേതൃത്വങ്ങളുടെ കഴിവുകേടിനെക്കാളും പിടിപ്പുകെടെന്നു പറയുന്നതായിരിക്കും ഉചിതം .  ഇത്തരത്തില്‍ തൊഴിലില്ലായ്മയും കുറഞ്ഞ വേദനത്താലും വീര്‍പ്പുമുട്ടുന്ന ഇന്ത്യന്‍ നഗരങ്ങള്‍ കൂടുതല്‍ അരക്ഷിതാവസ്തയിലേക്ക് പോകുമെന്നതു തര്‍ക്കമറ്റ കാര്യമാണ്. അതു സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലും അതി രൂക്ഷമായി അനുഭവപ്പെടാം. ഈ ഒരവസ്ഥയില്‍ ശക്തമായ നടപടികളെടുക്കാന്‍ ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞില്ലായെങ്കില്‍ ദൂരവ്യാപക ഫലങ്ങള്‍ക്ക് വഴിവയ്ക്കുകയും വൈറസിനോത്തുള്ള ജീവിതത്തിന്റെ രണ്ടാം ഘട്ടം നുളയിലെ നുള്ളിപ്പോവുകയും ചെയ്യാം.
    ഭക്ഷ്യ സുരക്ഷ കൈവരിക്കുന്നതിണോ വിദ്യാ സമ്പന്നരകുന്നതിണോ പകരം ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമന്യേ മതപരമായും ജാതീയമായും കൂടുതല്‍ കരുത്തരായി ദൌര്‍ബല്യങ്ങളെ മറക്കുന്ന പുത്തന്‍ ട്രെണ്ടാണ്  ഇന്ത്യയിലുടനീളം ഇപ്പോള്‍ ഹിറ്റായി വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ചില്ലറ രാഷ്ട്രീയ ലാഭങ്ങള്‍ കിട്ടിയതോഴിച്ചാല്‍ കലാപങ്ങളും റിലീഫ് ക്യാമ്പുകളും കൂടുതല്‍ ഉണ്ടായത് മാത്രം മിച്ചം. ആ അവസരത്തില്‍ ബോധപൂര്‍വ്വമായോ ആല്ലാതെയോ മറന്ന ചിലതുണ്ട്. ഹങ്ങര്‍ ഇന്റക്സ്‌ 102 ലേക്ക് കൂപ്പു കുത്തിയതും HDI 129 ലേക്ക് തെന്നിമാറിയതും ‌ഹാപ്പിനെസ്സ് ഇന്റക്സില്‍ പിന്നാക്കം പോയതും. ഇത്യാദി പ്രഭ്രുതികളും കലാപ കാഹളം മുഴക്കുന്നവരും ഇതൊന്നും കണ്ടില്ലെന്നു തോന്നുന്നു. അനന്തര ഫലമെന്നോണം കൊറോണ കാലത്ത്പോലും ശരിയായ ചികിത്സക്കും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്കും മുതിരാതെ ചികിത്സക്കായി  മൃഗ വിസര്‍ജ്ജ്യങ്ങളേയും അന്ധവിശ്വാസങ്ങളേയും ആശ്രയിക്കുന്ന ഒരു വലിയ ജനവിഭാഗത്തെ നമുക്കിപ്പോഴും കാണാവുന്നതാണ്. ആത്മീയ പരവേശമാണോ അതോ ബലഹീനതയാണോയെന്നു മാത്രം വ്യക്തമാകാനുണ്ട് ! ഇത്തരം അരക്ഷിതമായ സാമൂഹിക അന്തരീക്ഷത്തില്‍ അതിജീവനത്തിന്റെ മൂന്നാം ഘട്ടം പൂര്‍ണ്ണമായും പരാജയപ്പെടാം.
  പരാജയപ്പെടുന്നിടത്ത് ഒരു പുതിയ തുടക്കം നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. അവിടെ ഗുരു ചാടിയെണീക്കും. ചാടിയെണീക്കുമ്പോഴേക്കും സകലതും നശിച്ചിട്ടുണ്ടാകാം. എങ്കിലും അനര്‍ഗള നിര്‍ഗളമൊഴുകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. അന്തരീക്ഷത്തില്‍ അതങ്ങനെ ഒഴുകി നടക്കും. കാര്യമില്ല ഹേ !!!!!!!!!!! അതങ്ങനെയാണു. പക്ഷെ അതങ്ങനെയല്ല എന്നു ഗുരു തെളിയിച്ചാല്‍ ചരിത്രം മാറ്റിയെഴുതപ്പെടാം. പുത്തനുണര്‍വ് സൃഷ്ടിക്കാം. അതിനുള്ള ആര്‍ജ്ജവം കൊടി നിറഭേദമെന്യേ ജനാധിപത്യത്തില്‍ ഏതു ഗുരുവിനും കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. കൊറോണയോടൊത്ത് ജീവിക്കുമ്പോള്‍ നമുക്ക് ആ ഒരു പ്രതീക്ഷ മാത്രമേ അവശേഷിക്കുന്നുള്ളൂ. അത്തരത്തില്‍ ചരിത്രം തിരുത്തിയെഴുതപ്പെടുന്നിടത്താണ് ജനങ്ങള്‍ വിജയിക്കുന്നതും അതിജീവനം യാഥാര്‍ത്ഥ്യം ആകുന്നതും. 

Monday, 20 April 2020

THE MODERN POLITICO - Pseudo political mileage during covid 19 pandemic

മഹാമാരി കാലത്തെ ചില രാഷ്ട്രീയ കാഴ്ചകള്‍




രോഗം ചരിത്രത്തോട് സന്ധിചെയ്യാറില്ല. ചരിത്രം ലോക രാഷ്ട്രങ്ങളോടും.അല്ലെങ്കില്‍ കോളറക്കും വസൂരിക്കും പേവിഷത്തിനുമെതിരെ ലാഭകണക്കുകളുടെ ഏറ്റക്കുറച്ചിലുകള്‍ പരിശോധികാതെ ലോകം ഒന്നിച്ചു പടപൊരിതിയപ്പോള്‍ അകന്നു നിന്നത് മഹാമാരികളായ ഈ രോഗങ്ങള്‍ തന്നെയായിരുന്നു. ചരിത്രം പുനര്‍രചിക്കപ്പെട്ട അപൂര്‍വങ്ങളില്‍ അപൂര്‍വമായ നിമിഷങ്ങളില്‍ ചിലത്. ഇത്തരം അത്യദ്ഭുതങ്ങള്‍ കൊറോണ മഹാമാരിക്കാലത്ത് സംഭവിക്കണമെങ്കില്‍ താത്വാധിഷ്ടിതമായ ലോക രാഷ്ട്രീയ സംഹിതകള്‍ മാറ്റിയെഴുതെണ്ടാതായി  വരും.
       ഡോണാള്‍ഡ റീഗന്‍ തുടങ്ങിവച്ചു മാര്‍ഗരറ്റ് താച്ചര്‍ അട്ടിപ്പേര്‍ അവകാശം പോലെ കൊണ്ടുനടന്ന നവലിബറല്‍  സാമ്പത്തിക പരിഷ്കാരങ്ങള്‍ ഈ ലോകത്തെ തെല്ലന്നുമല്ല മാറ്റിമറിച്ചതു. പുത്തന്‍ വിപണികള്‍ക്കായിലോകരാഷ്ട്രങ്ങള്‍   മത്സരിച്ചപ്പോള്‍ സൃഷ്‌ടിച്ച ലാഭകണക്കുകളെക്കാള്‍ ചരിത്രം പകച്ചു നിന്നത് മാറിയ കാഴ്ചപ്പാടുകള്‍ക്കും മനുഷ്യത്വമില്ലായ്മയുടെ പ്രതിരൂപങ്ങള്‍ക്കും മുന്നിലായിരുന്നു. ആധുനിക കാലത്ത് സാക്ഷാല്‍ ജോര്‍ജ് ബുഷ്‌ സീനിയര്‍ മുതല്‍ ജിയാങ്ങ് സെമിന്‍ വരെ പിന്തുടരുന്ന തീവ്ര കൊളോണിയല്‍ മനോഭാവത്തിനു ചുക്കാന്‍ പിടിക്കാന്‍ ഇനിയൊരു ബാല്യം ജോ ബൈഡനും ക്സി ജിംഗ് പിംഗിനുമുണ്ടോയെന്നു കാലം തെളിയിക്കേണ്ടിയിരിക്കുന്നു.അതിനാല്‍ ഇനിയെന്തെന്ന് ചോദിക്കുന്നതിനെക്കാളും കൊറോണാനന്തരം എന്തെന്ന് ചിന്തിക്കുന്നതായിരിക്കും ഉത്തമം.
   സാമ്പത്തിക രംഗം അടിമുടി മാറ്റിയെഴുതപ്പെടുന്ന കൊറോണാനന്തര കാലയളവില്‍ ഏകാധിപത്യ കമ്മ്യുണിസ്റ്റ് ബൂര്‍ഷ്വാ ലൈന്‍ പിന്തുടരുന്ന ചൈനക്കും അതി മാരകമായ നിയോ കൊളോണിയന്‍ മുതലാളിത്തം പിന്തുടരുന്ന അമേരിക്കക്കും കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല എന്നാണു അണിയറ സംസാരം. അതിലാഭത്തിനായി ഫ്രീ ട്രേഡിങ്ങും ഓപ്പണ്‍ മാര്‍ക്കറ്റും തുറന്നതോടെ അമേരിക്ക മറന്നുപോയ ചിലതുണ്ട്. ചൈന പഠിക്കാതെ പോയ മറ്റു ചിലതുണ്ട്. കാലം തെറ്റിയ വ്യാധികള്‍ തങ്ങള്‍ക്കും വരുമെന്നും വന്‍കര കടന്നും എത്തിപ്പെടുമെന്നുള്ള ചിലത്. സര്‍വതും തീറെഴുതി വിറ്റപ്പോള്‍ അവര്‍ തങ്ങളുടെ പൌരന്മാരെ കൂടി വിറ്റിരിക്കുന്നു. പൊതു വ്യവസ്ഥയില്‍ നിറുത്തേണ്ട ആരോഗ്യം വിദ്യാഭ്യാസം ഭക്ഷണം പാര്‍പ്പിടം തുടങ്ങി പല മേഖലകളിലും ഇന്നു മറ്റാരുടെയോ കീഴിലാണ്. ഈ ഒരു അവസ്ഥാ വിശേഷമാണ് അമേരിക്കയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
 സകലത്തിലും കേമാന്മാരെന്നു നടിച്ച ചൈന രോഗ ബാധ സ്ഥിരീകരിക്കുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും കാലതാമസം വരുത്തി. ലോകാരോഗ്യ സംഘടനക്കുപോലും കാര്യങ്ങള്‍ വേണ്ടരീതിയില്‍ പഠിക്കാന്‍ ചൈന ചികിത്സ രേഖകളും കേസ് ഡാറ്റാകളും കൈമാറിയില്ലായെന്ന ആക്ഷേപം പല അന്തര്‍ദേശീയ മാധ്യമങ്ങളും പങ്കുവെക്കുന്നുണ്ട്. കാലാകാലങ്ങളായി പിന്തുടരുന്ന ഇത്തരം ക്രൂര വിനോദങ്ങള്‍ക്ക് 20 വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് 19 വ്യാധിയുടെ ഉള്ളടക്കങ്ങളിലൂടെ പുറത്തുകടന്നാല്‍ മനസ്സിലാകുക മനുഷ്യന്റെ എന്നത്തേയും ശത്രു അവന്‍ മാത്രമായിരുന്നു എന്നതാണ്.
        കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ലോകത്തെ ഒട്ടു മിക്കരാജ്യത്തെയും ബജറ്റ് പരിശോധിക്കുകയാണെങ്കില്‍ ഈ ഒരു വൈജാത്യം മനസ്സിലാകും. പലപ്പോഴും ടോട്ടല്‍ GDP യുടെ പത്തും ഇരുപതും ശതമാനം ആരോഗ്യ മേഖലയിലേക്ക് നീക്കിയിരുപ്പ് നടത്തുന്ന ലോക രാഷ്ട്രങ്ങളിലെ ഇന്നത്തെ ആരോഗ്യസ്ഥിതി ആരെയും ഭീതിപ്പെടുത്തുന്ന ഒന്നാണ്. 2017 ഇല്‍ അമേരിക്ക ടോട്ടല്‍ GDP യുടെ 18 % ആരോഗ്യ മേഖലയിലേക്ക് നീക്കിയിരുപ്പ് നടത്തിയപ്പോള്‍  ലോകത്തെതന്നെ പൊതുജനാരോഗ്യ പരിപാലനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബ്രിട്ടന്‍  ബജറ്റില്‍ ആരോഗ്യത്തിനായി വകയിരുത്തുന്ന നീക്കിയിരുപ്പ് ധനത്തില്‍ ക്രമാനുഗത വര്‍ധനവ്‌ വരുത്തുന്നുണ്ട്. 2000 ത്തില്‍ GDP യുടെ 5.1 ശതമാനമായിരുന്നെങ്കില്‍ 2010 എത്തിയപ്പോഴേക്കും 7.65 ശതമാനമായി. ചൈന 2045 ഓടുകൂടി ടോട്ടല്‍ GDP 20 % ആരോഗ്യത്തിനായി വകയിരുതുമെന്നാണ് പ്രഖ്യാപനം. സ്സ്പെയിനില്‍ സ്ഥിതി അത്ര പന്തിയല്ല. മൊത്ത വരുമാനത്തിന്റെ 5 മുതല്‍ 8 ശതമാനം വരെ ആരോഗ്യത്തിനായി നീക്കിയിരുത്തിയാല്‍ കൂടി സ്പെയിനില്‍ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമാകുമെന്നാണ് ബ്രിട്ടനിലെ London School of Hygiene & Tropical Medicine ലെ Dr ഹെലീന ലേഗിഡോ അഭിപ്രായപ്പെടുന്നത്.
         എന്നാല്‍   GDPയുടെ വെറും 2.5 ശതമാനം വച്ചു ആരോഗ്യ പരിപാലിക്കുന്ന നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് ഈ കണക്കു അദ്ഭുതമായി തോന്നിയേക്കാം. അതിനു പിന്നിലെ യാഥാര്‍ത്യത്തെ ഇഴകീറി പരിശോധിച്ചാല്‍ ലോക രാഷ്ട്രങ്ങള്‍ ആരോഗ്യ പരിപാലനത്തിനായി മുതല്‍ മുടക്കുന്ന ഭീമമായ തുക പലപ്പോഴും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കുമായി വീതം വച്ചു പോകുന്ന മഞ്ഞളിച്ച കാഴ്ചയാണ് പലപ്പോഴും കാണാന്‍ കഴിയുക. മാത്രമല്ല കൊള്ള ലാഭം മാത്രം ലക്ഷ്യ മിടുന്ന ഇത്തരം സ്ഥാപനങ്ങളും ഏജന്‍സികളും താരതമ്യേനെ കഠിനവും എന്നാല്‍ ലാഭവുമല്ലാത്ത പകര്‍ച്ച വ്യാധികള്‍ക്കു  ചികിത്സാ ലിസ്റ്റില്‍ സ്ഥാനമില്ലായെന്നു പറയുമ്പോള്‍ പ്രത്യേകിച്ചും ഒരു ശരാശരി അമേരിക്കക്കാരന് അവനര്‍ഹതപ്പെട്ട ചികിത്സ പോലും നിഷേധിക്കപ്പെടുന്നു. കൊറോണ പോലുളള പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്ന സ്ഥാപനങ്ങളില്‍ ആകട്ടെ ലക്ഷക്കണക്കിന് കാശാണ് ചികിത്സക്കും പരിശോധനക്കുമായി ഈടാക്കുന്നത്.
      മറ്റൊന്ന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടി ലോക ജനതയില്‍ രൂപപ്പെട്ട സങ്കുചിതവും അനഭിലഷണീയവും വികാസം പ്രാപിക്കാത്തതുമായ സ്വഭാവ വൈജാത്യമാണ്. ക്രോണിക് കാപിറ്റലിസവും കോര്‍പ്പോറെറ്റ് നയങ്ങളും ലോക ജനതയെ ഇത്തരത്തില്‍ മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു എന്നു സാരം. സോഷ്യലിസ്റ്റ് നയങ്ങള്‍ ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ലോകരാജ്യങ്ങള്‍ക്ക് പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ടു ജനങ്ങളെ നിയന്ത്രിക്കാനോ ലോക്ക്ഡൌണ്‍ പ്രഘ്യാപിക്കാണോ കഴിയാതെ പോയത് തങ്ങളുള്‍പ്പെടുന്ന ജനതയുടെ മേല്‍ സൂചിപ്പിച്ച സ്വഭാവ വൈജാത്യങ്ങള്‍ കൊണ്ടാണ്. ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോന്സന്‍ കൊറോണ പോസിറ്റിവ് ആണെന്ന് അറിഞ്ഞിട്ടു കൂടി പ്രകടിപ്പിച്ച ഒരുതരം നിര്‍വികാരത ഇത്തരം സ്വഭാവ വൈജാത്യങ്ങളുടെ ഭീകരതയെ വരച്ചു കാട്ടുന്നു. അമേരിക്കയിലും ജനങ്ങള്‍ COVID 19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ടു സമാനമായ നിര്‍വികാരത പ്രകടിപ്പിച്ചുകൊണ്ട് തെരുവില്‍ പ്രതിഷേധിച്ചു. ഇറ്റലിക്കാര്‍ക്ക് പറ്റിയത് പകര്‍ച്ചവ്യാധിക്കാലത്തും തങ്ങളുടെ പൌരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേഗപ്പൂട്ടിടാന്‍ കഴിഞ്ഞില്ലയെന്നതാണ്. ഇത്തരം നിര്‍വികാരതയുടെയും ആര്‍ത്തി മൂത്ത ലാഭക്കൊതിയും കാരണത്താല്‍ പല വാക്സിനുകളും അതിന്റെ പരീക്ഷണ ഘട്ടം പോലും പിന്നിടാതെ മുളയിലെ നുള്ളിയെറിയപ്പെടുന്നു. മൂന്നാം ലോകരാജ്യങ്ങളെ മാത്രം ബാധിക്കുന്ന ഇത്തരം പകര്‍ച്ച വ്യാധികള്‍ തങ്ങളെ ബാധിക്കില്ലെന്ന മൂഡവിചാരം സമാനമായി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ 2002 ല്‍ സാര്‍സ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലോകാരോഗ്യ സംഘടന പോലും നല്‍കിയ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് കൊറോണ ഗ്രൂപ്പില്‍പെട്ട വൈറസുകളെ പറ്റി പഠിക്കാത്തതതും വാക്സിനുകള്‍ കണ്ടെത്താത്തതും.
          പകര്‍ച്ചവ്യാധികളുമായുള്ള ഇത്തരം യുദ്ധത്തില്‍ സങ്കുചിത മനോഭാവം വച്ചു പുലര്‍ത്താതെ മനുഷ്യ സ്വഭാവത്തിലും അവന്റെ രാഷ്ട്രീയത്തിലും വാര്‍ ഫുടിംഗ് ചെയ്ഞ്ചസ് അല്ലെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്ന ത്വരിത ഗതിയിലുള്ള പരിണാമം ഉണ്ടായെങ്കില്‍ മാത്രമേ നിലനില്പ് പോലും സാധ്യമാകൂ. നെഹ്‌റുവിയന്‍ സോഷ്യലിസമെന്ന ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഈ ഘട്ടത്തില്‍ വളരെ പ്രാധാന്യത്തോടെ വീക്ഷിക്കേണ്ട ഒന്നാണ്. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍പോലും സോഷ്യലിസം മൂഡമാണെന്ന് വിളിച്ചുപറയുന്ന കപട രാഷ്ട്രീയ ബുദ്ധിജീവികള്‍ നമ്മുടെ ഇടയിലും ഉണ്ടെന്നു പറയുന്നത് പരിതാപകരമാണ്‌. അതോടൊപ്പം ആപല്‍ക്കരവും. നിലയില്ലാ കയത്തില്‍ താഴുമ്പോഴെങ്കിലും മനുഷ്യന്‍ ചിലപ്പോള്‍ മാറിയേക്കാമെന്ന സ്വപ്നം മാത്രമേ ഈ അവസരത്തില്‍ കാണാന്‍ സാധിക്കൂ...................
        

Saturday, 11 April 2020

സ്വയാര്‍ജിത പ്രത്യയ ശാസ്ത്രങ്ങള്‍ നമുക്കിനിയും വേണം









കോവിദ് പ്രതിസന്ധി അവസാനിച്ചാലും കേരളം കാത്തിരിക്കുന്നത്  അസാധാരണമായ സ്ഥിതിവിശേഷതേയാണു. ഇപ്പോള്‍തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭാവിക്കുന്ന കേരളം കോവിദ് പ്രതിസന്ധി അവസാനിച്ചാലും സാമ്പത്തികമായി കൂടുതല്‍ ഞെരുങ്ങുമെന്നത് പകല്‍ പോലെ വ്യക്തമാണ്.സര്‍വിസ് സെക്ടറിന് ഊന്നല്‍ നല്‍കി ലോകത്തിനു മുന്‍പില്‍ കേരള മോഡലെന്ന ബദല്‍ സാമ്പത്തിക പ്രത്യയശാസ്ത്രം കെട്ടിപൊക്കിയ ഈ മലയാള മണ്ണിന്‍റെ വരുമാന സ്രോതസ്സുകള്‍ തകരുന്നത് തന്നെയാണ് ഈ അസാധാരണ സ്ഥിതി വിശേഷത്തിനു കാരണം.
       കൃഷിയും പരമ്പരാഗത വ്യവസായ മേഖലകളും തകര്‍ന്നപ്പോള്‍ കേരളത്തെ താങ്ങിനിറുത്തിയിരുന്നത് വിദേശ പണമായിരുന്നു. കൂടാതെ ടൂറിസം-നിര്‍മ്മാണ മേഖലയിലുണ്ടായ പുത്തനുണര്‍വ്വ്  ഒരു പരിധിവരെ സാമ്പത്തിക രംഗത്തെ ശരിയായ ദിശയില്‍ ചാലിപ്പിച്ചുകൊണ്ടെയിരുന്നു.  എന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു.സാമ്പത്തിക തൊഴില്‍ മേഖലകളില്‍ കൊവിട് പ്രതിസന്ധിയുണ്ടാക്കിയ മുറിവുകള്‍ അടുത്തകാലത്തൊന്നും ഉണങ്ങില്ലയെന്നാണ് IMF ഉം ILO യും  നല്‍കുന്ന മുന്നറിയിപ്പ്. ഇന്ത്യയില്‍ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയുമെന്ന് റിസര്‍വ് ബാങ്കും SEBI യും മുന്നറിയിപ്പു നല്‍കുന്നു. കൊവിദ് 19 നെ ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ ഒരു മാസം കൂടി നീണ്ടാല്‍ വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആകാമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതൊരു ശുഭ സൂചകമല്ല; പ്രത്യേകിച്ചും കേരളത്തെ സംബന്ധിച്ച്  സാമ്പത്തിക സ്രോതസ്സുകളിലുണ്ടായ തകര്‍ച്ച മറികടക്കാന്‍ നവീനവും അതിലുപരി അതിശക്തവുമായ ഇടപെടലുകള്‍ ഉണ്ടായേ മതിയാകൂ.
       അതിജീവനത്തിന്റെ ആദ്യ പടിയെന്നോണം പുനര്ജീവിക്കാനും ഉത്തേജിപ്പിക്കാനും കഴിവുള്ള മേഖലകളെ കണ്ടെത്തുകയാണ് വേണ്ടത്. കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നമുക്ക് ഇത്തരത്തില്‍ വാര്‍ത്തെടുക്കാന്‍ കഴിയേണ്ടതുണ്ട്. മെച്ചപ്പെട്ട വിത്തിനങ്ങള്‍ ഗവണ്മെന്റ് തലത്തില്‍ ഉത്പാദിപ്പിച്ചു നല്‍കുകയും കര്‍ഷകര്‍ക്ക് പൊതു-സ്വകാര്യ നിക്ഷേപകരില്‍നിന്നും കൂടുതല്‍ ഉദാരവ്യവസ്ഥയില്‍ വായ്പകള്‍ ലഭ്യമാക്കുകയും വേണം. അതിലുപരി സര്‍ക്കാര്‍ തലത്തില്‍ തനതുവിളകള്‍ക്കുള്ള വിപണികള്‍ തുറന്നിടുകയും വേണം.
 രണ്ടാമതായി നിര്‍മാണ മേഖലകളിലെ സ്വദേശീ പങ്കാളിത്തത്തെ പ്രോല്‍സാഹിപ്പിക്കണം. അതിനര്‍ത്ഥം അതിഥി തൊഴിലാളികളെ മാറ്റി നിറുത്തണം എന്നല്ല. മറിച്ചു രണ്ട്കൂട്ടരും തമ്മിലുള്ള യോജിച്ച സമീപനമാണ് വേണ്ടത്.കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ നിര്‍മ്മാണ മേഖലകളില്‍ കൊണ്ടുവരണം. അതിലുപരി പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികള്‍ നിര്‍മ്മാണ മേഖലകളില്‍ സ്വീകരിക്കുന്നതിലേക്കായി നിയമനിര്‍മ്മാണം നടത്തണം.
          തകര്‍ന്നു കിടക്കുന്ന പരമ്പരാഗത വ്യവസായ മേഖലകള്‍ കണ്ടെത്തി പുനര്‍ജീവിപ്പിക്കുകയും ഉത്പന്നങ്ങളുടെ വിപണീ സാധ്യത പൊതുജന - സ്വാശ്രയ പങ്കാളിത്തത്താല്‍ കണ്ടെത്തുകയും വേണം. ഇതിനുവേണ്ട വായ്പകള്‍ ഉദാരമാക്കണം. കൂടാതെ സര്‍കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സംരഭങ്ങളെ കണ്ടെത്തി ഉത്തേജിപ്പിക്കുകയും ഉത്പാദനം കൂട്ടി വിപണിയില്‍ ലഭ്യമാക്കുകയും വേണം. കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് ഈ മേഖലകളില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കാവുന്നതാണ്.
     ഇത്തരത്തില്‍ മേഖലകളെ കണ്ടെത്തി ഉത്തെജിപ്പിക്കുമ്പോള്‍ പൊതുപങ്കാളിത്തം സര്‍ക്കാര്‍ അതില്‍ ഉറപ്പു വരുത്തേണ്ടതാണ്‌. ഈ മേഖലകള്‍ മാത്രമല്ല; അനവധി വാതായനങ്ങള്‍ നമ്മുടെ മുന്നില്‍ തുറന്നു കിടപ്പുണ്ട്. ഇതു കണ്ടെത്തി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പുനര്‍ജീവിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിലുപരി ആരോഗ്യം വിദ്യാഭ്യാസം ഭക്ഷണം പാര്‍പ്പിടം പ്രസ്‌ തുടങ്ങിയ മേഖലകളില്‍ പൊതു പങ്കാളിത്തതോടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം.
       ഒന്നാം ലോക മഹായുദ്ധത്തിന്‍റെ അനന്തര ഫലമെന്നോണം അടുത്ത വര്‍ഷങ്ങളില്‍  കണ്ട സാമ്പത്തിക മാന്ദ്യത്തേ കവച്ചുവെട്ടുന്നതാണ്  കൊവിദ് പ്രതിസന്ധിമൂലം ലോകത്താകമാനം രൂപംകൊണ്ട ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി. ഈ പ്രതിസന്ധികള്‍ക്കിടയിലും പോംവഴിയായി രൂപംകൊണ്ട സ്വയാര്‍ജിത പ്രത്യയ ശാസ്ത്രങ്ങളിലൂടെ കേരളം മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ രണ്ടാം മോഡല്‍  കേരള വികസനം മാത്രമാണ് ഈ പ്രതിസന്ധി കാലത്ത് ശരിയെന്നു നമുക്ക് അഭിമാനിക്കാന്‍ സാധിക്കൂ...................................
                                                                                                         സരിന്‍ എരുത്താവൂര്‍

Thursday, 9 April 2020

ലോകമേ..............വിറച്ചു കൊള്ളുക ................


ലോകമേ..............വിറച്ചു കൊള്ളുക ................


ArtStation - Lord Ishvali, Cruel King, Raashaad Jones






                             "നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളനെപോലെ വരും; ഏതു നാഴികയ്ക്ക് നിന്റെ മേല്‍ വരുമെന്ന് നീ അറിയുകയും ഇല്ല. "
വെളിപ്പാടിന്‍റെ പുസ്തകം 3:3
ഫെബ്രുവരി മാസം പള്ളിമേടയില്‍ നിന്നും കേട്ട ഈ വചനങ്ങള്‍ ഇത്ര പെട്ടെന്ന് യാഥാര്‍ത്യമാകുമെന്ന് യോബ് വിചാരിച്ചില്ല....................

         ഒരു ഫോണ്‍ കാളിലൂടെ കാര്യങ്ങള്‍ ഇത്രപെട്ടെന്ന് കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. പതം വന്ന പ്രതലത്തില്‍ കുഴികുത്തിയാല്‍ ആഴത്തില്‍ താഴ്ന്നിറങ്ങുമെന്ന സാമാന്യ തത്വം മനസ്സിലാക്കി ചെകുത്താന്‍മാര്‍ വീണ്ടും നമ്മുടെ അടുത്തെത്തിയിരിക്കുന്നു.ഇരുണ്ട പുകമറക്കുള്ളില്‍ നടക്കുന്ന ഇത്തരം പൊറോട്ടു നാടകങ്ങള്‍ക്ക് പിന്നില്‍ അനുദിനം ശിഥിലമായിക്കൊണ്ടിരിക്കുന്ന കെട്ടിഘോഴിക്കപ്പെട്ട വമ്പന്‍ സാമ്രാജ്യങ്ങളുടെ തലവന്മാരാണന്നത് ആരെയും ഒന്നിരുത്തി ചിന്തിപ്പിക്കും.അമേരിക്കയില്‍ സാക്ഷാല്‍ ട്രമ്പങ്കില്‍ ബ്രസീലില്‍ ബോള്‍സനാരോയും ബെലാറൂസില്‍ ലുകാഷെങ്കോവുമാണ്. ഒന്ന് വളഞ്ഞു ഏഷ്യാ മൈനറിലെത്തിയാല്‍ ആ പേര് കിം ജോങ്ങ് ഉന്നില്‍ എത്തി നില്‍ക്കും.

       കാര്യങ്ങള്‍ കൈവിട്ട പോക്കാണ്.  ഗജപോക്കിരികളായ ചേട്ടന്മാര്‍ ഇന്റര്‍ നാഷണല്‍ റോമിങ്ങ് ഉള്ളവരാനെങ്കില്‍ കൂടി  സ്വതവേ ദുര്‍ബലനും പക്ഷെ അതി ഭീകരനുമായ കൊവിടിനുമുന്നില്‍  അശുക്കളാകുന്ന കാഴ്ച ലോകം കണ്ടുതുടങ്ങിയിരിക്കുന്നു. പൊതുജനാരോഗ്യം മാത്രമല്ല എന്തിനേറെ പറയണം രാജ്യത്തെ പൌരന്‍മാര്‍ക്ക്  സൌജന്യമായി ലഭ്യമാക്കേണ്ട എന്തും കോര്‍പൊറെറ്റു ഏമാന്മാര്‍ക്ക് വിറ്റ്‌ തുലച്ച അമേരിക്കയും ബ്രസീലും ഇന്നു ഇന്ത്യക്ക് മുന്നില്‍ ഭീഷണിയുടെ സ്വരം മുഴക്കി മരുന്നിനായി അപേക്ഷിക്കുകയാണ്. അഭിനവ നീറോമാരായ ഉന്നും ലൂക്കാഷേങ്കോവുംരാജ്യത്തില്‍ നടക്കുന്ന കൊറോണ മഹാമാരിയെ കണ്ടില്ലെന്നു നടിക്കുകയാണ്.ഈ പരിതസ്ഥിതിയില്‍ ഭീഷണിയുടെ സ്വരവുമായി ഏതു കള്ളനും എപ്പോള്‍ വേണെമെങ്കിലും ഇന്ത്യയിലും വരാവുന്നതേയുള്ളൂ. ഭീഷണിയെന്ന ഉണ്ടയില്ലാവെടിക്കു നമ്മള്‍ വിധേയരായാല്‍ സമാനതകളില്ലാത്ത മറ്റൊരു ദുരന്തമായിരിക്കും നമ്മെ വരവേല്‍ക്കാന്‍ കാത്തു നില്‍ക്കുന്നത്.

     സോഷ്യല്‍ ഡെമോക്രസിയില്‍ നിന്നും ക്യാപിടല്‍ ഡെമോക്രസിയിലേക്കും കോര്പോറേറ്റ് ഡെമോക്രസിയിലേക്കും ഏകാധിപത്യത്തിലെക്കും വഴിമാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തു അതിജീവനം അതി കഠിനമാണ്. പ്രത്യേകിച്ചും കൊവിദ് നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ലോകജനത ഇന്നു പരക്കം പായുമ്പോള്‍ പ്രതീക്ഷയുടെ തുരുത്തായി കേരളം മാറുകയാണ്.തക്കം പാര്‍ത്തുവരുന്ന കള്ളന്മാര്‍ക്ക് അത്രക്കൊന്നും നമ്മള്‍ വിധേയരായിട്ടില്ലയെന്ന യാഥാര്‍ത്ഥ്യം ഓരോ കേരളീയന്‍റെയും കേരളത്തിലെ ചുരുക്കം ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ്.



സരിന്‍ എരുത്താവൂര്‍