14
Unspoken feelings are unforgettable
Nostalgia (1983)
ആ മാളികയിൽ മൊത്തം ആറു മുറികൾ ഉണ്ടായിരുന്നു. രണ്ട് ബെഡ് റൂമുകൾ മണിയറകൾക്ക് സമാനം. ഏസി ഉള്ളതിനാൽ കൂളിങ് എപ്പോഴുമുണ്ട്. കിടക്കേണ്ട താമസം ഉറക്കം താനേ കണ്ണുകളിൽ എത്തിക്കുന്ന മൃദുവായ തുണിമെത്തയും പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് ബ്ലൂ ടൂത്ത് സ്പീക്കറും. ചുമരിൽ സ്ഥാപിച്ച വലിയ എൽ സി ഡി സ്‌ക്രീനിൽ നിന്നും ഇഷ്ടമുള്ള വീഡിയോകൾ തെരെഞ്ഞെടുക്കാം. പടിഞ്ഞാറെക്ക് തുറക്കാവുന്ന കിളിവാതിലുകൾ, തുറന്നാൽ കണ്ണുകളിലേക്ക് ഓടിയെത്തുന്നത് ശാന്തമായി ഒഴുകുന്ന പുഴ. അതിന്റെ ഭംഗി കൂട്ടാൻ ചുമരിൽ സ്ഥാപിച്ച വാൻ ഗോഗിന്റെ ഭാവനയിൽ തെളിഞ്ഞ മനോഹരമായ താഴ്‌വാര കാഴ്ചകളും. പങ്കാളിയുമൊത്ത് ഒരു ഗ്ലാസ്സിൽ നിന്നും വൈൻ നുണഞ്ഞു ഒടുവിൽ മടുപ്പിന്റെ അവസാനം മണിയറ തുറന്ന് വരാന്തയിലേക്ക് എത്തുമ്പോൾ ആവി പറക്കുന്ന ചായയുമായി സേവകർ എത്തിയിട്ടുണ്ടാകും. ഷെൽഫിൽ നിന്നും ഇഷ്ടമുള്ള പുസ്തകങ്ങൾ എടുത്ത് മറിച്ചു നോക്കുമ്പോഴേക്കും രണ്ടാം മണിയറയിൽ നിന്നും പങ്കാളികൾ എത്തുകയായി. ഒടുവിൽ ഒരുമിച്ചൊരു സദ്യ! അതും കഴിഞ്ഞ് ഒരു ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ടാകും. ഒരറ എമിയ്ക്കും കുര്യനും അവകാശപ്പെട്ടതാണ്. മീരയ്ക്കും ബർണാഡിനും മറ്റൊരറയിൽ ഇടമുണ്ടാകുമോ........? ഇതെല്ലാം സ്വപ്നമാണെന്ന് മാത്രം!
ആഗ്രഹങ്ങൾ ഉണ്ടെങ്കിലും എമിയെ പിന്നോട്ട് വലിച്ചു. ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയാൽ സുഖകരമായ കാഴ്ചകൾക്കും മുകളിലായി വൈകാരികമായ മറ്റു ചില വസ്തുതകൾ കൂടിയുണ്ട്. മീരയോടും ബർണാഡിനോടും സ്വപ്നത്തിൽ വച്ചു തന്നെ നോ പറഞ്ഞു! നിങ്ങൾക്ക് ആ മണിയറ അവകാശപ്പെട്ടതല്ല!
മീര : മൈ ഡിയർ സ്വപ്നം കാണുകയാണോ......?
അരണ്ട വെളിച്ചത്തിൽ മടിയിൽ തലവച്ചു ഓർമ്മകൾ അയവിറക്കി മീര കിടക്കുകയായിരുന്നു. അപ്പോഴേക്കും എമി സ്വപ്നങ്ങളോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ടായിരുന്നു.
എമി : എടീ പെണ്ണേ എന്റെ കാല് വേദനിക്കുന്നു.....
മീര : നല്ല സുഖമുണ്ട്, ഓർമ്മകൾക്ക്!
എമി : ഒന്നു പോയേ...... ഒറ്റക്ക് കിടന്ന് സ്വപ്നം കാണ്! അല്ല അത്രമാത്രം രസിക്കാൻ എന്ത് മാത്രമുണ്ട് ഓർമ്മകൾ.......?
മീര : വലുതായിട്ടില്ല ,എങ്കിലും ഓർക്കാൻ അല്പം അവശേഷിച്ചിട്ടുണ്ട് ! അത് മതി
ഒന്നു മറ്റൊന്നിനൊരു പ്രോമിസല്ലെന്നു കൊടുതൂക്കി മലയിലെ ഒറ്റരാത്രികൊണ്ട് മനസ്സിലാക്കിയിരുന്നു . ആ രാത്രിയിലെ അനുഭൂതിയിൽ നിന്നും കരകയറാൻ മീരക്കും ബർണാഡിനും പിന്നീടൊരിക്കലും സാധിച്ചില്ല എന്നതാണ് വാസ്തവം. കൂട്ടം തെറ്റി ഓടിയ ഇണക്ക് പിന്നാലെ പോകാതെ മറ്റൊരിടത്ത് അഭയാർത്ഥിയായപ്പോൾ വ്യവസ്ഥകളോട് യോജിക്കാൻ കഴിയാതെ വന്നു. അംഗീകാരങ്ങൾ നേടാൻ ജീവിതം മറന്ന് അതിവേഗം പായുന്ന സ്നേഹദീപവും മീരയെ അസൂയകൊണ്ട് ശ്വാസം മുട്ടിച്ചിരുന്ന ദേവും യഥാർത്ഥ കഥയിലെ വില്ലൻ കഥാപാത്രങ്ങളായി.
നിശബ്ദതയായിരുന്നു എല്ലാത്തിനുമുള്ള മറുപടി. വാക്കുകൾ പുറത്തേക്ക് വരാത്തതിനാൽ എമിയും കൂടുതലൊന്നും ചോദിച്ചില്ല. തലമുടിയിഴകളിലൂടെ സർപ്പങ്ങൾ ഇഴഞ്ഞു, മീര ആവശ്യപ്പെടാതെ, എമിയുടെ വിരലുകൾക്ക് അങ്ങനെയൊരു പ്രത്യേക കഴിവുണ്ടായിരുന്നു .
മീര : ഈ സർപ്പമിഴച്ചിൽ നിർത്തേണ്ട ട്ടോ....
എമി : മധുര സ്വപ്നങ്ങൾക്കിടയിൽ ദുഃസ്വപനം വന്നാലോ.......?
മീര : യു മീൻ..........
എമി : ഫ്ലാറ്റിലൊക്കെ ചെറിയ സംസാരമുണ്ട്
നിന്നെപറ്റി ബർണാഡിനെ പറ്റി ഞങ്ങളെയൊക്കെ പറ്റി........
മീര : അതൊക്കെ നിസ്സാര ചൊറികളല്ലെ....
എമി : ഒരു സാധാരണ വീട്ടമ്മയുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചാൽ ഈ ലോജിക്കൊന്നും നടക്കുകേല.........
മീര : ദേവിനെ സംബന്ധിച്ചാണെങ്കിൽ എന്റെ കണങ്കാലിലെ ഒരു രോമം അത്രേ ഉള്ളൂ. പിന്നെ സ്നേഹദീപം അത് പറയാൻ ഞാൻ ആളല്ല.
എമി : തന്റെ കഥയുടെ ആഴം എനിക്ക് മനസ്സിലാകുന്നില്ല.
മീര : വെറുതെ ആഴമളക്കാൻ തുനിയാതെ ആ ആഴത്തിൽ ഇനിയും മുങ്ങി താഴാതിരിക്കുന്നതാ നല്ലത്.
അധികമാർക്കും ഇക്കാര്യങ്ങളെപറ്റി അറിയില്ല. ധാരാളം പറയാനുണ്ട് . ഒരർത്ഥത്തിൽ വാശിയുടെ പുറത്ത് നടത്തപ്പെട്ട ഒരു കല്യാണം കൂടിയായിരുന്നു ദേവുമൊത്തു നടന്നത്. മീര അന്ന് സ്വീഡനിൽ ആയിരുന്നു. റോയൽ പാലസിൽ വച്ചു നടന്ന ഓപ്പൺ എക്‌സിബിഷനിൽ ഇരുണ്ട നിറമുള്ള ഒരുരിത്തം വന്ന പാലക്കാടൻ ചെറുപ്പക്കാരൻ സായിപ്പൻമാരുടെ ഹരമായി അവിടുണ്ടായിരുന്നു. അയാൾക്ക് ചുറ്റും സ്വീഡിഷ് സുന്ദരിമാർ നിന്നു പഴയ എസ് എൽ ആർ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുകയാണ്. പശ്ചാത്തലത്തിൽ പേപ്പർ പൾപ്പും വജ്രപ്പശയും ചേർത്ത മിശ്രിതം ഉപയോഗിച്ചുള്ള ലൈവ് മോഡലിങ് നടക്കുകയാണ്. ഒരു ഹോളിവുഡ് സ്റ്റാറിനു പോലും ഇങ്ങനെ ഓപ്പൺ സ്റ്റേജ് പെർഫോമൻസ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ആരാധികമാരുടെ നടുവിലൂടെ നുഴഞ്ഞു കയറിയ മീരയുടെ പെർഫോമൻസ് അതിലും ഗംഭീരം ആയിരുന്നു.
മീര : നിങ്ങൾ പാലക്കാട്ടുകാരനാണോ.....?
ദേവ് : ന്നാലോ.....?
ഉത്തരമുള്ള ചോദ്യങ്ങൾക്ക് ഒരു മറുപുറമുണ്ട്. അകലങ്ങളിലാണെങ്കിലും അത് തേടിയെത്തിയിരിക്കും.
വിവാഹാലോചനയുടെ രൂപത്തിൽ തരവൻ കണാരൻ മൂപ്പർ പുനലൂർക്ക് വന്നു. ജാതകവും പൊരുത്തവും കുലമഹിമയൊന്നും നമുക്ക് നിർബന്ധമല്ലെങ്കിലും വീട്ടുകാർക്ക് അതിലൊരു ശരിയുണ്ട്. അയുക്തി ചൂണ്ടിക്കാട്ടാൻ പറ്റിയ നാവൊന്നും മീരയിലും ഉണ്ടായില്ല, ദേവിലും. സ്വീഡനിൽ ജോലി ചെയ്യുന്നവർ ഒരുമിച്ചു തീരുമാനിച്ചു, നാട്ടിൽ കല്യാണവും നടത്തിയെന്ന് കുടുംബത്തിലെ മൂപ്പൻമാരും മൂപ്പത്തിമാരും അടക്കം പറഞ്ഞു . കല്യാണം പൊടിപൊടിച്ചു. കൊച്ചേട്ടൻ മാത്രം ഒന്നും പറഞ്ഞില്ല. എല്ലാത്തിനുമൊരു മൂകസാക്ഷി പോലെ ഒരു ചെറു ചിരിയിൽ ഒതുക്കി.
കല്യാണത്തിനു അഞ്ചാം നാൾ ശുഭ മുഹൂർത്തത്തിൽ സ്വീഡനിലേക്ക് രണ്ടാളും വിമാനം കയറി. പരസ്പരം തൊട്ട് ജീവനുള്ള ശരീരാവയവങ്ങളിലെ ഉപ്പു രുചിക്കാൻ സ്റ്റോക്ക് ഹോമിലെ ഫ്ലാറ്റും പാർക്കുകളുമാണ് നല്ലതെന്ന് മീരക്ക് തോന്നി. അമ്മായിമാരും വല്യച്ഛൻമാരും സൽക്കരിച്ചു നൽകിയ പായസവും മൊരിച്ച ഇറച്ചി കഷ്ണങ്ങളും രുചിച്ചു നോക്കാനുള്ള സമയം പോലും നാട്ടിൽ തികച്ചില്ലായിരുന്നു .അതുകൊണ്ട് തന്നെ ഈ നേരത്ത് മീരയെയൊന്ന് പുണരാനോ തങ്ങളുടേതായൊരു സമയം കണ്ടെത്താനോ ദേവിനും സാധിച്ചില്ല .
പിന്നെ ആഹ്ലാദത്തിന്റെ ആഴ്ചകളായിരുന്നു. ഇക്കിളിപ്പെടുത്തിയും കെട്ടിപിടിച്ചും ഇണ ചേർന്നും ജീവിതം തങ്ങളുടേതായ വഴിക്ക് ദേവും മീരയും കൊണ്ടെത്തിച്ചിരുന്നു. സ്നേഹം പ്രകടിപ്പിക്കാൻ നാലു ചുവരുകളുടെ മറയോ ഇരുട്ടോ ആവശ്യമേ ഇല്ലെന്നു ചുരുങ്ങിയ കാലം കൊണ്ട് അവർക്ക് തോന്നി. കാലത്തിനു മാത്രം ഈ ആഹ്ലാദങ്ങളിൽ ഒരസൂയ ഉള്ളതു പോലെ. അത് ദേവിലൂടെ മുളപൊട്ടി.തന്റെ സൃഷ്ടികളായ ശില്പങ്ങളെ കാണിച്ചു യാഥാർഥ്യങ്ങളുടെ തരിമ്പ് പോലും അവശേഷിക്കാത്ത മുഖസ്തുതി കിട്ടാൻ മീരയെ പ്രേരിപ്പിക്കുമായിരുന്നു. അതിപ്പോ ഒരു മെത്തയിൽ കെട്ടിപിടിച്ചു കിടന്നാലും ശരി ആ വക സൂക്കേട് മീരയൊരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. കുശുമ്പ് മൂത്ത് സർക്കാർ മുസോളിയത്തിൽ ചെന്ന് ദേവ് മീരയെ അകാരണമായി വിമർശിക്കുന്ന സംഭവം പോലുമുണ്ടായി.
മീര : ദേവെന്ന കലാകാരനെയല്ല ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. അയാളുടെ സ്റ്റാർ വാല്യുവിനോട് എനിക്കൊരു ആരാധനയുണ്ടായിരുന്നു.
മുള്ളാൻ വേണം അനുവാദം, ഉണ്ണാൻ വേണം ഏമാന്റെ സമ്മതം ! തുടങ്ങി നിബന്ധനകളിലൂടെ ഒരു പ്രേമമുണ്ടാകില്ലയെന്ന് മീര ആണയിട്ടു!
മീര : അയാൾ വെറുമൊരു പിന്തിരിപ്പനാണ്! തനി ഉൽപതിഷ്ണു! പുരോഗമനത്തെ പറ്റി നാലാള് കാൺകെ പറയുമെങ്കിലും ഇരുട്ടിൽ അയാളിലെ പ്രഭു ഉണരും!
എമി : എന്റെ ക്ഷണമാണ് തന്റെ മൂഡ് കളഞ്ഞത് സോറി ഡിയർ. ഓർമ്മകളുടെ മധുരം നുണയുകയായിരുന്നല്ലോ.......?
വിഷയം മാറിപ്പോയതിലുള്ള അനിഷ്ടമൊന്നും അവിടെ പ്രസക്തമല്ലാതായി. ഇൻസ്റ്റിലേഷനെക്കാളും ജീവിത അനുഭവങ്ങൾ പങ്കുവെക്കേണ്ട സമയമാണിതെന്ന തോന്നൽ കലശലായിരുന്നു. ഒന്ന് മറ്റൊന്നിനു പകരമാവില്ലല്ലോ? അതുകൊണ്ട് തന്നെയായിരുന്നു മീരയും എമിയും വഴിതെറ്റി ജീവിതാനുഭവങ്ങളുടെ തീചൂളയിലേക്ക് ഒന്നിറങ്ങാൻ ശ്രമിച്ചത്.
മീര : എന്റെ തോൽവികൾ നിങ്ങളോടോക്കെയൊന്നു ഷെയർ ചെയ്യുന്നത് എനിക്കൊരു റിലീഫാണ്.
ഇത് ജീവിതത്തിന്റെ രണ്ടാം ഘട്ടമാണ്. ദേവിനവിടെ എന്താ പ്രസക്തിയെന്നത് ആപേക്ഷികമാണ്. മറുപടിയെ അർഹിക്കുന്നില്ല. ചില നുണയൻമാരും നുണച്ചികളും ചുറ്റിലുമുണ്ട്. കുടുംബത്തിൽ നിന്നുള്ള അഭ്യുദയകാംക്ഷികളെക്കൊണ്ട് പൊറുതിമുട്ടുകയാണ്.
മീര : എന്റെ ജീവിതം എന്റെ വഴികളെന്നതാണു എന്റെ ശരി. സ്നേഹദീപത്തെ വിളിക്കുമെന്നല്ലാതെ വിഷമുള്ളായി ഒരിക്കലും ആ ജീവിതത്തിലേക്ക് കടന്നുപോയിട്ടില്ല.
യഥാർത്ഥ്യങ്ങളിൽ നിന്നും മാറി എമി കാല്പനികതയുടെ മറ്റൊരു ലോകത്തായിരുന്നു. അത് ബർണാഡിലൂടെ സഞ്ചരിച്ചു മീര കടന്നു പോയ അനുഭൂതികളിൽ തട്ടി നിന്നു. ആ തള്ളിച്ചയിൽ കണ്ട് പരിചയമില്ലാതിരുന്ന കൊടിതൂക്കിയിലേക്ക് മനസ്സൊന്നു പാഞ്ഞു.
എമി : കൊടിതൂക്കിയിലേക്ക് എനിക്കൊരിക്കൽ പോകണം, പ്രകൃതി ഒരുക്കിയ കണികാണാൻ!
മീര : പോകുന്നെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന നിങ്ങളെ ഇഷ്ടപ്പെടുന്ന ആളുമായിട്ടായിരിക്കണം
എമി : തീർച്ചയായും
മീര : ഞാനിന്ന് ഹാപ്പിയാണ്. എല്ലാം പങ്കുവച്ച കൂട്ടത്തിൽ ആരും എന്റെ റിലേഷൻഷിപ്പിലേ ഫൈനൽ സ്റ്റാറ്റസ് ചോദിച്ചില്ലല്ലോ.......?
എമി : അത് പങ്കുവച്ചിരുന്നെങ്കിൽ നീ കീഴടങ്ങിപ്പോയേനെ
സ്റ്റാറ്റസ് അറിഞ്ഞാൽ പിന്നെ ചിലർക്ക് രാത്രിയിലാണ് കുഴപ്പം. മെസഞ്ചറിലോ വാട്ട്സ് ആപ്പിലോക്കെയായി സ്നേഹം കവിഞ്ഞൊഴുകും. പിന്നെ കൃമികടിയുടെ അസ്കിതം മൂത്താൽ ഉണ്ടോ ഉറങ്ങിയോ ബോർ അടിക്കുന്നോ എന്നോക്കെയായി..........പിന്നെ ശരീര ശാസ്ത്രം പഠിക്കാനുള്ള മൂഡിൽ പിങ്കാണോ വലുതാണോ എന്നൊക്കെയാകും. ടെസ്റ്റോസ്റ്റിറോണിന്റെ പ്രവാഹമായി മാത്രം ഇതിനെ കണക്കാക്കാൻ സാധിക്കില്ല!
ഓർമ്മകളുടെ വിലയായി നൽകേണ്ടി വന്നത് ഇന്നത്തെ സുഖനിദ്രയായിരുന്നു. ഓർമ്മകളുടെ ആലസ്യത്തിൽ ബർണാഡുമൊത്തുള്ള ആസന്നമായ ഇൻസ്റ്റിലേഷനെ പറ്റിയൊന്നും വലുതായി സംസാരിച്ചില്ല. ബർണാഡിനോടുള്ള ഈർഷ്യയൊക്കെ മീര സൗകര്യപൂർവ്വം തമസ്കരിച്ചു. " രാജാവിന്റെ തലയുടെ " പൂർണ്ണതക്കായി വിട്ടുവീഴ്ചകൾക്ക് ഒരുക്കമായിരുന്നു.
പക്ഷേ എമി താൻ മുമ്പ് കണ്ട സ്വപ്നത്തിലെ അവസാന ഭാഗത്തെ കുറിച്ച് വാചാലയായി. വലിയ മാളികയിലെ അടുക്കളയിൽ വനിതകൾ ആരുമുണ്ടായിരുന്നില്ല. പുരുഷൻമാർ മാത്രം. അവർ കറികളിലെ ഉപ്പ് രുചിച്ചു നോക്കി. ഇറച്ചി കഷ്ണങ്ങളിൽ വേണ്ടുവോളം എരിവ് ചേർത്തു. കുരുമുളകിന്റെ പ്രത്യേക ഗന്ധം അടുക്കളയിൽ തങ്ങി നിന്നു. ഒടുവിൽ തീൻ മേശയിൽ എത്തിയ കറികൾ പോരായെന്ന് അതിഥികളിൽ ഒരാളായ എമി പറഞ്ഞു . മടുപ്പോടെ വിയോജന കുറിപ്പ് സന്ദർശക ബുക്കിൽ എഴുതാൻ തുനിഞ്ഞെങ്കിലും പങ്കാളി ആർത്തിയോടെ അതെല്ലാമെടുത്ത് ഭക്ഷിച്ചിരുന്നു! തെല്ലു അരിശത്തോടെ കണ്ട സ്വപ്നം പൂർത്തീകരിച്ചപ്പോഴേക്കും മീര ഉറക്കത്തിലേക്ക് നീന്തി തുടങ്ങിയിട്ടുണ്ടായിരുന്നു.
ഒടുവിൽ ജാലകത്തിലൂടെ തെളിഞ്ഞ ശരത്കാല രാത്രിയിലെ ആകാശത്തിലെ നക്ഷത്രങ്ങളെയും ചീറിപ്പായുന്ന കൊള്ളിമീനുകളെയും സാക്ഷിയാക്കി കണ്ട സ്വപ്നത്തിനു അവധി നൽകി ഉറക്കമെന്ന മഹാ സാഗരത്തിലേക്ക് അവർ വഴുതി വീണിരുന്നു !