Tuesday, 2 April 2024

വീൽ ഓഫ് ലൈഫ്

 13



 ഇന്നലത്തെ യാത്ര ക്ഷീണമുണ്ട്. മുറിയിലെ എസി കേടായതിനാൽ ഉറക്കവും ശരിയായിട്ടില്ല. കപിലമൂർത്തി സറിന്റെ ക്ലാസും കൂടിയായപ്പോൾ ഫ്യൂസ് മൊത്തത്തിൽ അടിച്ചുപോയ അവസ്ഥ. എന്നിട്ടും  ഒറ്റക്ക്   ഡ്രൈവ് ചെയ്ത് കടപ്പുറത്തെത്തിയിരുന്നു മീര. തൊട്ടടുത്തെ കൽമണ്ടപത്തിനു സമീപം കാർ പാർക്ക് ചെയ്ത ശേഷം തീരദേശ റോഡിന്റെ അരിക് ചേർന്ന് കുറേ ദൂരം നടന്നു. വടക്കെ അറ്റത്ത് മൈൽ കുറ്റിയുടെ മുകളിൽ സിഗരറ്റുo പുകച്ചുകൊണ്ട് ബർണാഡ് ഇരിക്കുകയായിരുന്നു. സമീപത്ത് മൊബൈലിൽ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു എമി. കുറച്ചകലെ വച്ചുതന്നെ പുകഞ്ഞുകൊണ്ടിരിക്കുന്ന സിഗരറ്റ് കുറ്റിയെ മീര തിരിച്ചറിഞ്ഞിരുന്നു. അടുത്ത് എത്തിയ ശേഷവും ബർണാഡിനോട്‌ മീരയൊന്നും സംസാരിച്ചില്ല.റോഡിനു സമീപം നിന്നുകൊണ്ട്  ആർത്തിരമ്പുന്ന കടലിനെ നോക്കുകയായിരുന്നു. ഈ കാണുന്ന പരിപാടിയിലൊന്നും താത്പര്യമില്ലാത്ത പോലെ. 

എമി : അപ്പോൾ എന്താ പ്ലാൻ.......?

ബർണാഡ് : ആനുവൽ  ഫെസ്റ്റിവലിന്റെ ഭാഗമായി ഇൻസ്റ്റിലേഷൻ ചെയ്യുന്നു അതും കോളേജ് മുറ്റത്ത് 

എമി : മീരയുടെ അഭിപ്രായം എന്നതാ.....?

മീര : നിങ്ങൾ ചെയ്തോളൂ.......

ബർണാഡ് : അതെങ്ങന ശരിയാകാനാ.......? മീരയില്ലാതെ ഇത് ശരിയാകത്തില്ലെന്നേ.....?

മീരയൊന്നും മിണ്ടിയില്ല. കടലിനെ തന്നെ നോക്കിനിൽക്കുകയായിരുന്നു.

മീര : എനിക്ക് സ്വാതന്ത്ര്യം വേണം. ചിന്തിക്കാനും മിണ്ടാനും പ്രവർത്തിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം!

എമി : അതിപ്പോ ആരാ ഇല്ലാണ്ടാക്കിയേ......?

കുറച്ചകലെ മാറി നിന്ന് എമിയും മീരയും സംസാരിച്ചു തുടങ്ങി.

ചിരിയും സംസാരവും ആരോഗ്യത്തിനു നല്ലത് തന്നെയാ. അതിനു വിലങ്ങു തടിയിടാൻ സാക്ഷാൽ ഹിറ്റ്‌ലർ രണ്ടാം ജന്മമെടുത്ത് ഈ കടൽക്കരയിൽ വന്നാൽ കൂടി കഴിയില്ല. ചത്തു മണ്ണിൽ മൂടപ്പെട്ടവരെ പറ്റി വെറുതെ പറയാതിരിക്കുന്നതാ ഭംഗി. ചാരമായി മണ്ണിൽ അടിഞ്ഞവർ നിരുപദ്രവകാരികളാ. പക്ഷേ അടക്കം ചെയ്യപ്പെട്ടവർ കല്ലറ പൊളിച്ചു ഇവിടേക്ക് വരുന്ന ഒരു കാലമുണ്ട്! സൂക്ഷിക്കണം. അതുവരേക്കും ഈ സ്വാതന്ത്ര്യമെന്നത് സുരക്ഷിതമാണ്. അതൊരുത്തനൊ ഒരുത്തിയോ തന്റെ അവകാശമെന്നും പറഞ്ഞു എടുത്തുകൊണ്ട് പോകാൻ വരില്ല. " താൻ ഇക്കാര്യത്തിൽ കൂടുതൽ നെർവസ് ആകണ്ട " മീര പറഞ്ഞു.

മീര : അതല്ല മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ അള്ളു വച്ചോ എന്നൊരു സംശയം.....?

എമി : ഈ ചോദ്യമേ ബാലിശമാണ്. എനിക്ക് തോന്നുന്നു താൻ " രാജാവിന്റെ തലയിലേക്ക് " കൂടുതൽ ഇൻവോൾവ് ആകുന്നുണ്ടെന്നാണ്!

It's a life game! കൈകാര്യം ചെയ്യേണ്ട രീതി വളരെ വ്യത്യസ്തമാണ്. എടുത്ത് ചാടാൻ എളുപ്പമാണ്, അതിൽ നിന്നും ഊരിവരാനോ പ്രയാസം! സാഹചര്യം നമ്മളെക്കൊണ്ട് പലതും ചെയ്യിക്കുമെങ്കിലും പശ്ചാത്താപത്തിന്റെ പങ്ക് എപ്പോഴെങ്കിലും അറിഞ്ഞോ അറിയാതെയോ എത്തിയാൽ ഗെയിമിൽ മുന്നോട്ടുള്ള യാത്ര വളരെ ദുഷ്കരമായിരിക്കും. ജയവും തോൽവിയുമെന്നത് ഗെയിമിനെ സംബന്ധിച്ചു ആപേക്ഷികമാണ്. 

എമി : അതെല്ലാതെ മൂന്നാമതൊരാൾ ഈ കളിക്കളത്ത്   വന്നിട്ടുണ്ടോ......?

മീര : അറിയില്ല. 

എമി : ദേവോ അല്ലെങ്കിൽ സ്നേഹദീപമോ എപ്പോൾ വേണമെങ്കിലും ഈ കളിത്തട്ടിൽ പ്രവേശിക്കാൻ കഴിവുള്ളവരാണ്!

ജീവന് തുല്യം സ്നേഹിക്കുന്നവരും അതുപോലെ വെറുക്കുന്നവരും നൽകുന്ന പാഠങ്ങൾ ഏകദേശം ഒരുപോലാണ്. കണ്ടും അറിഞ്ഞും പ്രവർത്തിക്കണം. ജീവിത പാഠങ്ങളിലെ ആദ്യ അദ്ധ്യായങ്ങളിലൊന്നിതാണ്.

എമി : അപ്പോ വായോ നല്ല അനുസരണയുള്ള കുട്ടിയെപ്പോലെ വന്നു പ്ലാനിങ് തുടങ്ങാം. ഒരുക്കമൊക്കെ   നിന്റെ ഫ്ലാറ്റിൽ നിന്നും ആകട്ടെ!

മീര : കലയും ജീവിതവുമൊക്കെ ഒരുമിച്ചു കൊണ്ടുപോകേണ്ടത് ആണെല്ലോ അല്ലേ....?

എമി : തീർച്ചയായും!

ജീവിതപാഠങ്ങൾ പഠിച്ചു തുടങ്ങേണ്ടത് സ്വന്തം വീട്ടിൽ നിന്നാകണം. വഞ്ചിയൂരെ ഫ്ലാറ്റിനു സ്വന്തമെന്നൊരു നാമധേയം നൽകാൻ സാധിക്കില്ലെങ്കിലും ആ ഫ്ലാറ്റുകൾ ഒക്കെ ബർണാഡിനും മീരക്കും എമിക്കും സ്വന്തം പോലാണ്. അതെ സ്വാതന്ത്ര്യം എമിയുടെ ഫ്ലാറ്റും നൽകുന്നുണ്ട്. ഉയർന്നു പൊങ്ങിയ കോൺക്രീറ്റുകാടുകളിൽ അഭയം കണ്ടെത്തിയ നവീന മനുഷ്യർ. കാടുകളിൽ അഭയം കണ്ടെത്തിയ ആദിമ മനുഷ്യരുമായി അജഗജാന്തരം വ്യത്യാസമുണ്ടെങ്കിലും ആഗ്രഹങ്ങളും ബലഹീനതകളും ഒരു പോലാണ്. ആരെയും കീഴ്പ്പെടുത്താനുള്ള മോഹം. ആണിന് സ്ത്രീയെ വരുതിയിലാക്കാനും സ്ത്രീക്ക് ആണിനെ കടി ഞ്ഞാണിടാനുമുള്ള മോഹം. ഒടുവിൽ എല്ലാ ആശകളുടെയും പരിസമാപ്തിയെന്നത് നാല് ചുമരുകൾക്കുള്ളിൽത്തന്നെയാണ്. അവിടെ ഒത്തുതീർപ്പുകൾക്കു വഴങ്ങിയും ഭോഗിച്ചും തിന്നും കുടിച്ചും മനുഷ്യായുസ്സിന്റെ ഒരു ഭാഗം പിന്നിടുന്നു. 

മീര : അപ്പോൾ പിന്നെ സ്വന്തമല്ലാത്ത ഫ്ലാറ്റെന്നത് ഇക്കാര്യത്തിൽ  ഒരു പ്രശ്നമേ അല്ല.

പണ്ട് വല്യമ്മച്ചി പറഞ്ഞു തന്നൊരു കഥയുണ്ട്, പ്രായമറിയിച്ച നാളിൽ ഒരു ഉപദേശം പോലെ കാല്പനികതയൊക്കെ ചേർത്ത് തള്ളിയ കഥ! ആദ്യം ഒരൽഭുതം പോലെ ഈ കഥ കേട്ടുകൊണ്ടിരുന്നെങ്കിലും പിന്നെ പിന്നെ അത് റിസൈക്കിൾ ബിന്നിലേക്ക് പുറം തള്ളപ്പെട്ടു. എങ്കിലും അതിലെ ചില കണ്ണികൾ തന്നെ വീണ്ടും വീണ്ടും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് എമി പറഞ്ഞു.

കടലിനെ പ്രണയിച്ച യുവതിയുടെ കഥ. പടിഞ്ഞാറ് പടർന്ന് കിടക്കുന്ന അറബിക്കടലിനെ മലനാട്ടിലെ ഒരു നസ്രാണിപ്പെണ്ണു നോട്ടമിട്ടു. സാഹിത്യത്തിന്റെ അസ്കിതമുള്ളതുകൊണ്ടാണ് കടലിനോടുള്ള പ്രണയമെന്ന് പാപ്പനും വല്യമ്മായിയുമൊക്കെ അപ്പനോട്‌ പറഞ്ഞു. കടലായതുകൊണ്ട് കൊഴപ്പമില്ലെന്നും വല്ല കഥയോ കവിതയോ എഴുതി ആ പ്രണയം തീരുമെന്നും അവർ കരുതി. പ്രതീക്ഷകളെ അസ്താനത്താക്കി പെണ്ണ്  ഒരു സുപ്രഭാതത്തിൽ കടലിനോടൊപ്പം ഒളിച്ചോടി! 

എമി : ഒരു തിരുത്തുണ്ട്! കടലിന്റെ മകനായ മുക്കുവ യുവാവിനൊപ്പം യുവതി കടൽ കടന്നുവെന്ന് സാരം! 

അതെവിടേക്കെന്ന് മാത്രം വ്യക്തമല്ലായിരുന്നു. ആ യാത്രക്കിടയിൽവച്ചു സഞ്ചരിച്ച ബോട്ടിൽ നിന്നും രണ്ടുപേരും കടലിലേക്ക് എടുത്തു ചാടിയതായി കരക്കാർ ക്ക് വിവരം ലഭിച്ചു. ജഡങ്ങൾ മാത്രം ഒരിക്കലും പൊന്തിവന്നില്ല. ഒന്നുകിൽ കടലിടുക്കുകളിലെ ഒടയൻ വാഴികളിൽ അകപ്പെട്ടിട്ടുണ്ടാകാം. അല്ലെങ്കിൽ കടലിൽ അകപ്പെട്ട അവർ സ്രാവുകൾക്ക് ഭക്ഷണമായി തീർന്നിരിക്കാം.തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അവരെയും നോക്കി പെണ്ണിന്റെ  അപ്പൻ ഇപ്പോഴും കടൽക്കരയിൽ നിൽക്കാറുണ്ടെന്ന് വല്യമ്മച്ചി പറയാറുണ്ട്. 

കഥയുടെ മോട്ടീവിനോടും ഉദ്ദേശശുദ്ധിയോടും വിരുദ്ധാഭിപ്രായമുണ്ടെങ്കിലും എമിക്ക് എമിയുടേതായ ഒരു ന്യായീകരണമുണ്ട്. "എടുക്കുന്ന തീരുമാനങ്ങളിൽ മറ്റുള്ളവർ സ്വാധീനിക്കരുതെന്നും അത്     ശുഭപര്യവസായി ആയില്ലെങ്കിൽ പോലും ആത്യന്തികമായ ദുഃഖം സമ്മാനിക്കരുതെന്നുമുള്ള എമിയുടെ   ന്യായീകരണം പൊതുവിൽ സ്വീകാര്യതയുള്ളതായി മീരക്ക് തോന്നി.

എമി : അപ്പോൾ ഒരു തീരുമാനത്തിൽ എത്തിചേരാമല്ലോ......?

അവർ നടന്നുനടന്നു ബർണാഡിനടുത്തേക്ക് എത്തിയിരുന്നു.

മൗനം സമ്മതമെന്ന പൊതു ധാരണയിൽ അവർ എത്തിയിരിക്കുന്നു. അതിനിടയിൽ അവരുടെ പിണക്കങ്ങളും ഇണക്കങ്ങളും ശ്രദ്ധിച്ചുകൊണ്ട് നൈറ്റ് പട്രോ ളിങ്ങിനെത്തിയ പോലീസുകാർ അവിടുണ്ടായിരുന്നു. പോലീസുകാർ സംശയദൃഷ്ടിയോടെ ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷേ ആരും ഒന്നും മിണ്ടിയില്ല.രംഗം അത്ര പന്തിയല്ലെന്നു കണ്ടു കൂടുതൽ സമയം അവിടെ നിൽക്കാൻ മൂവരുടെയും മനസ്സ് അനുവദിച്ചില്ല.മീര തന്റെ കാറുമായി എമിയുടെ ഫ്ലാറ്റിലേക്കും ബർണാഡ് വഞ്ചിയൂരേക്കും പോയി.

   മീരക്ക് എല്ലാം ഉള്ളു തുറന്നു എമിയോട് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും കൊടിതൂക്കിയിലെ വിശേഷമൊക്കെ മറവിയുടെ ആഴങ്ങളിലേക്ക് ബോധപൂർവ്വം തള്ളിയിട്ടു . തിരിച്ചറിവിന്റെ സമയമായി ഇതിനെ വിലയിരുത്താൻ സാധിക്കില്ല. പ്രതീക്ഷിച്ചത് കിട്ടിയുമില്ല, വിധിച്ചത് കൊയ്യാനും സാധിച്ചില്ല, അങ്ങനെ രണ്ട് പേരിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന മീരക്ക് ഈ കളിയിലൂടെ ജയിച്ചേ തീരൂവെന്ന വാശി, ഒന്നും അവസാനിച്ചിട്ടില്ല. ആ പ്രതീക്ഷയിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ തുറിച്ചു നോട്ടം അലോസരമുണ്ടാക്കിയിരുന്നു. ഒന്നോർത്താൽ  കരിയും പുകയും അതും ജീവിതത്തിന്റെ ഭാഗമാണെല്ലോ.......?






No comments: