Wednesday, 2 June 2021

കളിയും ! കാര്യവും ! BE CAREFUL

 ചില ബ്ലാക്ക് തമാശകള്‍ !!!!



അല്ലെങ്കിലും നല്ല കാലത്ത് നല്ല ചിന്തകള്‍ ഔസേപ്പ് മാപ്പിളയുടെ മനസ്സില്‍ കയറില്ലായിരുന്നു. കേസും പരിവട്ടവുമായി നടന്നു ഉള്ളതും കൂടി നഷ്ടപ്പെട്ടു. അവസാനം 3 സെന്ററില്‍ ഓലയും ചാരി ഒരു കൂര തട്ടികൂട്ടിയപ്പോള്‍ പരാന്നഭോജികളായ അയല്‍ക്കാര്‍ വാളും പരിചയമായി വന്നു. അതിരു തര്‍ക്കമായി. ഔസേപ്പ് മാപ്പിളക്കു അവിടെയും രക്ഷയില്ലാതായി !

           Bad luck! മോനെ Bad luck! a fit of temper creates a lot of problems!

ദുരന്തങ്ങള്‍ക്കും വേണ്ടേ ചില മര്യാദകള്‍ ! പക്ഷെ ചില ആളുകള്‍ അതു മുതലെടുത്തുകൊണ്ടേയിരിക്കും. പ്രത്യേകിച്ചും ദുര്‍ബലരെങ്കില്‍ !

മനുഷ്യരും അവരെ ബാധിക്കുന്ന അസുഖങ്ങളും ഏതാണ്ടു ഈ സ്വഭാവം കാണിച്ചുപോരുന്നു !!!!!!

ഓപ്പര്‍ചൂണിറ്റിക് ഇന്ഫെക്ഷന്‍ - ആധുനിക വൈദ്യശാസ്ത്രത്തില്‍ വളരെ വിരളമായി  കേട്ടുകൊണ്ടിരുന്ന a group of infections എന്ന് നമുക്ക് ഈ ഗണത്തെ വിളിക്കാവുന്നതാണ്. രോഗപ്രതിരോധ സംവിധാനം താറുമാറാകുന്ന വേളയില്‍ നമ്മുടെ ശരീരത്തിലോ അല്ലെങ്കില്‍ നമ്മുടെ ചുറ്റുപാടുകളിലോ സാധാരണയായി കണ്ടുവരുന്ന ബാക്റ്റീരിയകള്‍, ഫംഗസുകള്‍, വൈറസുകള്‍ എന്നിവ അണുബാധകള്‍ ഉണ്ടാക്കുന്നു. സാധാരണഗതിയില്‍ നിരുദ്രപകാരികളായ ഇവ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം താറുമാറാകുന്ന വേളയില്‍ വില്ലനായി കടന്നെത്തുന്നു.

ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് ഇന്നൊരു വില്ലനാണ് !

കോവിഡ് പിടിപെട്ടപ്പോള്‍ അതു വെറുമൊരു ജലദോഷപ്പനിയല്ലേ എന്നായിരുന്നു കുറച്ചു പേരുടെയെങ്കിലും ധാരണ. പല ലോകനേതാക്കളും എന്തിനേറെ ചില നമ്മുടെ രാഷ്ട്രീയ നേതൃത്വം വരെ ഈ അഭിപ്രായവുമായി മുന്നോട്ട് പോവുകയായിരുന്നു ഇക്കാലയളവുവരെ.

എന്നാല്‍ കളി കാര്യമായി. കോവിഡ് 19 പടര്‍ന്നു പിടിച്ചു. സൂപ്പര്‍ സ്പ്രെഡുകള്‍ ഉണ്ടായി. മഹാമാരിയുടെ രൂക്ഷതയില്‍ ആളുകള്‍ നട്ടംതിരിഞ്ഞു തുടങ്ങി. മരണനിരക്ക് കുത്തനെ ഉയര്‍ന്നു. ഇതിനു പുറമേ ക്രൂരനായ ഒരു അതിഥിയായി ബ്ലാക്ക് ഫംഗസും നമ്മുടെ ഇടയില്‍ എത്തി.

കൊറോണ വൈറസ് ബാധ ചിലപ്പോഴെങ്കിലും "സൈറ്റോകൈൻ സ്റ്റോം സിണ്ട്രോം" എന്നറിയപ്പെടുന്ന അപകടകരമായ ഒരു പ്രതിഭാസത്തിനു കാരണമാകുന്നു.ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പെട്ടെന്ന് അസാധാരണമായി ഉത്തേജിക്കപ്പെടുകയും പ്രവര്‍ത്തനം ശക്തമാകുന്നതിന്റെ ഫലമായി അവയവങ്ങൾക്ക് നാശമുണ്ടാവുകയും ചെയ്യുന്നു.ഈ ഒരവസ്ഥ തടയുന്നതിനായി സ്റ്റീറോയിഡുകള്‍ സാധാരണയായി നിര്‍ദ്ദേശിക്കാറുണ്ട്.ഫലത്തില്‍ ഈ രണ്ടു കാര്യങ്ങളും ശരീരത്തിൻ്റെ സാധാരണഗതിയിലുള്ള രോഗപ്രതിരോധ സംവിധാനത്തെ  ദുർബലപ്പെടുത്തുകയും രക്തത്തിൽ ഗ്ലൂക്കോസ് ലെവല്‍ ക്രമാതീതമായി കൂടുകയും ചെയ്യുന്നു. ഇത് ഫംഗസുകൾ വളരുന്നതിന് അനുഗുണമായ സാഹചര്യം സൃഷ്ടിക്കുന്നു.

മൈക്കോമ്യൂക്കോര്‍സിസ് എന്ന ഈ പാവം ക്രൂരന്‍ കോവിഡ് 19 ബാധിതരിലും രോഗമുക്തി നേടിയവരിലും അങ്ങനെ എത്തിച്ചേരപ്പെട്ടു.  ബ്ലാക്ക്  ഫംഗസ് ഉദയം ചെയ്തു !

ലക്ഷണങ്ങള്‍ മറക്കരുതേ!

മൂക്കിന്റെ ഒരു ഭാഗം മാത്രം എപ്പോഴും അടഞ്ഞിരിക്കുക, മൂക്കിൽ നിന്ന് പഴുപ്പ്, ദുർഗന്ധം, രക്തം എന്നിവ വരിക, മൂക്കിലെ വേദന കൂടി വരിക, കണ്ണിനു ചുറ്റും നീര്, മുഖത്ത് നീര്, വേദന, കണ്ണിൽ ചുവപ്പ്, അകാരണമായി പല്ല് പൊഴിയുന്നു, മോണയുടെ നിറംമാറ്റം, പനി, തലവേദന തുടങ്ങിയവയാണ് പ്രാഥമിക രോഗ ലക്ഷണങ്ങൾ.സിടി സ്കാൻ, എംആർഐ സ്കാന്‍, എൻഡോസ്‌കോപ്പി, ബയോപ്സി എന്നിവയിലൂടെയും രോഗം സ്ഥിരീകരിക്കാം.

ബ്ലാക്ക് ഫംഗസ് ചികിത്സ

രോഗം വേഗത്തിൽ കണ്ടെത്തി ശരിയായ ചികിത്സ തുടങ്ങുക എന്നതാണ് ഇവിടെ പ്രധാനമായും ചെയ്യേണ്ടത്.അല്ലാത്ത പക്ഷം ഫംഗസ് രക്തധമനികളെ നശിപ്പിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു.തത്ഫലമായി മുഖത്തെ അസ്ഥികൾ, കണ്ണ്, തലച്ചോർ , സൈനസുകള്‍ തുടങ്ങിയവയുടെ  നാശത്തിനും കാരണമാകുന്നു.രോഗം ഗുരുതരമായാല്‍ കേടുപറ്റിയ ശരീരഭാഗങ്ങള്‍ നീക്കുന്നതിനായി ശാസ്ത്രക്രിയ പോലും വേണ്ടിവന്നേക്കാം.

ആംഫോട്ടെറിസിൻ ബി എന്ന  ആൻ്റി ഫംഗസ് മരുന്നാണ് അണുബാധ ഇല്ലാതാക്കുന്നതിനായി നിലവില്‍ കൊടുത്തുവരുന്നത്. പൊസകോണസോള്‍, എസാവുകൊണസോള്‍ പോലുളള ആന്റിഫംഗല്‍ മരുന്നുകളും ചികിത്സക്കായി ഉപയോഗിച്ചുവരുന്നു. രോഗം ഗുരുതരമായി ബാധിച്ചവർക്ക് ദീർഘകാല ആശുപത്രി വാസം വേണ്ടിവരും. പ്രതിരോധ ശക്തി കുറയാൻ കാരണമായ പ്രമേഹം നിയന്ത്രണ വിധേയമാക്കുക എന്നതും ചികിത്സയില്‍ വളരെ പ്രധാനമാണ്.

മുന്‍കരുതല്‍ ആകാം
  • വ്യക്തി ശുചിത്വം പാലിക്കുക
  • നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ടു ജോലിചെയ്യുന്ന കോവിഡ് മുക്തര്‍ നിര്‍ബന്ധമായും മാസ്ക് കയ്യുറ ഷൂസ് എന്നിവ ധരിച്ചിരിക്കണം.
  • ഓക്സിജന്‍ സിലണ്ടറുകളില്‍ ഹ്യുമിഡിഫയറായി സ്റ്റെറെയില്‍ വാട്ടര്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കൃത്യമായ ഇടവേളകളില്‍ പുതിയ സ്റ്റെറെയില്‍ വാട്ടര്‍ നിറക്കുകയും വേണം.
  • മാസ്കുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കാതിരിക്കുക
  • നനഞ്ഞ മാസ്കുകള്‍ ഉപയോഗിക്കരുത്.
  • തുടര്‍ച്ചയായി ഉപയോഗിക്കുന്ന മാസ്കുകള്‍ ഫംഗസ് ബാധയ്ക്കുള്ള ഒരു സ്രോതസ്സായി മാറാവുന്നതാണ്.
  • ഉപയോഗിച്ച സര്‍ജിക്കല്‍ മാസ്കുകള്‍, റിയൂസ് നിര്‍ദ്ദേശമില്ലാത്ത എന്‍ 95 മാസ്കുകള്‍ എന്നിവ പുനരുപയോഗിക്കാന്‍ പാടുള്ളതല്ല.
  • പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറവുള്ള കാന്‍സര്‍ ബാധിതര്‍, അവയവമാറ്റം നടത്തപ്പെട്ട രോഗികള്‍,ഡയാലിസിസ് രോഗികള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍, എച് ഐ വി ബാധിതര്‍ എന്നിവര്‍ കോവിഡ് ബാധിതര്‍ ആയാല്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തേണ്ടതാണ്.
കളി കാര്യമായി !

കായബലം കൊണ്ടും സാമ്പത്തികമായും അതി ശക്തരായ മനുഷ്യര്‍ പെട്ടെന്ന് ദുര്‍ബലരായാല്‍ ഔസേപ്പേട്ടന്‍റെ അവസ്ഥയായിരിക്കും അവര്‍ക്കും സംഭവിക്കുന്നത്. ആരോഗ്യമുള്ള ശരീരവും പെട്ടെന്ന് ദുര്‍ബലമായാല്‍ ഇതേ അവസ്ഥയായിരിക്കും സംഭവിക്കാന്‍ പോകുന്നത്. ഈ കോവിഡ് മഹാമാരിക്കാലമെന്ന കെട്ടകാലം ദുരന്തങ്ങളുടെ പേക്കൂത്താണ്. അതിനു തീവ്രത കൂട്ടാന്‍ ബ്ലാക്ക് ഫംഗസും കൂടാതെ വൈറ്റ് & യെല്ലോ ഫംഗസും. അശാസ്ത്രീയ കാര്യങ്ങളും അന്ധ വിശ്വാസങ്ങളും വച്ചുപുലര്‍ത്തി  ഗീര്‍വാണം മുഴക്കുന്ന കപട രാഷ്ട്രീയ - സാമൂഹിക നേതാക്കള്‍ക്ക് ഇതു വെറും ബ്ലാക്ക് തമാശയായേ അനുഭവപ്പെടൂ !!!!!!!