12
നിറപ്പകിട്ടുള്ള ജീവിതമെന്നത് ശൂന്യതയിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന അദ്ഭുത പ്രതിഫാസമല്ല. അതിനു തിരുവനന്തപുരത്തു നിന്നും വണ്ടി കയറി ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനേക്കാൾ ദൂരമുണ്ട്. ഈ നിമിഷം വരെ കൊടിതൂക്കി എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നതെങ്കിൽ അവിടെ എത്തിപ്പെട്ടാൽ എന്ത് മാറ്റമാണ് ഉണ്ടാവുകയെന്നത് ആകാംക്ഷയാണ്. ആകാംക്ഷക്കൊടുവിലാണ് അവർ അവിടെ എത്തിച്ചേർന്നത്. മീരയെന്നും ബർണാഡേന്നും പേരായ രണ്ടു പേർ. തിരുവനന്തപുരത്ത് നിന്നുള്ള ksrtc ഫാസ്റ്റ് പാസഞ്ചറിൽ. ഒടുവിൽ ചുട്ടു പൊള്ളുന്ന വെയിലിൽ ക്ഷീണത്തെ അവഗണിച്ചു ആസന്നമായ നിർജ്ജലീകരണത്തെ കയ്യിൽ കരുതിയിരുന്ന ഓ ആർ എസ് ലായനികൊണ്ട് നേരിട്ട് വൈകുന്നേരത്തോടെ കൊടിതൂക്കി മലയിൽ എത്തിചേർന്നു.
പോക്കുവെയിലിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങിയിരുന്നില്ല . പരിസരം കരിഞ്ഞുണങ്ങാറായ പാഴ്ചെടികളെ കൊണ്ട് നിറഞ്ഞിരുന്നു. എങ്കിലും കഴിഞ്ഞ അഞ്ചാറു വർഷങ്ങൾക്കുള്ളിൽ എപ്പോഴോ നട്ട ബദാo മരങ്ങൾ തണൽ നൽകുന്നുണ്ടായിരുന്നു. ഇതിനിടയിൽ അന്യ നാട്ടിൽ നിന്നും ഇറക്കുമതി ചെയ്ത കുള്ളൻ മാവുകളും ഉണ്ടായിരുന്നു. ആടി തിമിർത്ത് ചിരിക്കുന്ന വേനൽക്കാലത്തെ സൂര്യ കിരണങ്ങൾ ഈ തണലിനു മുമ്പിൽ മാത്രം ഇളിഭ്യരായി. ഇരിക്കാനൊരിടം തേടുകയായിരുന്നു മീരയും ബർണാഡും. കുട്ടികളും യുവാക്കളും പ്രായം ചെന്നവരുമായി ധാരാളം പേർ അവിടുണ്ടായിരുന്നു. ഇത്തിരി വട്ടത്തെ നുറുങ്ങു തണലിൽ ചിലർ അഭയം കണ്ടെത്തിയപ്പോൾ കമിതാക്കൾ കുറ്റിച്ചെടികൾക്കു മറവിൽ ആശ്രയം തേടി .
ഇരിപ്പിടം കണ്ടെത്തുന്നത് ഒരു ഭാരിച്ച പണി പോലെ അവരിരുവർക്കും തോന്നി. കുറ്റിച്ചെടികളുടെ മറവിൽ നിന്നും ശ്രിംഗാര നാദങ്ങൾ കേട്ടുകൊണ്ടിരിന്നു . പിടിച്ചു വച്ച വികാരങ്ങളെ പുറത്ത് കളയാൻ തത്രപ്പെടുന്ന കാമുകി കാമുകൻമാർ. പരിസര ബോധമെന്നത് കേവലം കാല്പനികമെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകണം. ഒടുവിൽ ആഞ്ഞിലിയുടെ ചുവട്ടിൽ നരകലർന്ന ഉണങ്ങിയ പായൽ പറ്റിചേർന്ന പാറക്ക് സമീപം ഇരിപ്പിടം ഉറപ്പിച്ചു. അവകാശികളുടെ അലർച്ചകളോ അപേക്ഷയുടെ സ്വരമോ വരാത്ത സ്ഥിതിക്ക് ഇന്നത്തെ വൈകുന്നേരം ഈ തണൽ മീരക്കും ബർണാഡിനും മാത്രമുള്ളതാണ് .
ഈ 5 മണി നേരത്തിനു പുതുമയുടെ യാതൊരു ലക്ഷണവും ഉള്ളതായി അവർക്ക് തോന്നിയിരുന്നില്ല. സൂര്യൻ അതിന്റെ രൗദ്ര ഭാവം വിട്ടു തുടങ്ങിയതൊഴിച്ചാൽ എവിടെയും ശാന്തമാണ്. മാവിൽ കയറി മാമ്പഴം പറിച്ചു കഴിക്കുന്ന പിള്ളേരും കാലം സമ്മാനിച്ച നൊമ്പരങ്ങളിലും സുന്ദരമായൊരു വൈകുന്നേരം ലക്ഷ്യമിട്ടുവരുന്ന വയസ്സായവരുമൊക്കെ അവരുടേതായ ലോകം തീർക്കുകയാണ് കൊടികുത്തി മലയിൽ. തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പ്രകൃതിയുമായി അലിഞ്ഞു ചേർന്ന് ആനന്ദകരമാക്കുന്ന കാമുകി കാമുകൻമാരൊന്നും തന്നെ മീരക്കും ബർണാഡിനും മറ്റുള്ളവർക്കും അരോചകമായി തോന്നിയിരുന്നില്ല. " ഇതിലെന്ത് പുതുമ.....? " ബർണാഡ് അഭിപ്രായപ്പെട്ടു.
മീര : നമ്മൾ പുതുമ തേടിയാണോ ഇവിടേക്ക് വന്നത്......?
കാലം തീർത്ത ചുഴിയിൽ മുങ്ങിപ്പോയ ഓർമ്മകളുടെ പുനരാവിഷ്കരണമല്ലേ.....? അതിനിടയിൽ കാണുന്ന കാഴ്ചകൾ പ്രസക്തമല്ലല്ലോ......? മീര പറഞ്ഞു. ബർണാഡിന്റെ ചുണ്ടുകൾ അനങ്ങിയെങ്കിലും ഒന്നും പുറത്തു വന്നില്ല.
മീര : ഒരു മിനിമം ഗ്യാരന്റി അത്രേ വേണ്ടിയിരുന്നുള്ളൂ.........
മീര : നിനക്കെന്റെ ആഗ്രഹങ്ങളെ കാണാനും കഴിഞ്ഞിരുന്നില്ല....
ബർണാഡ് : കഴിഞ്ഞതെല്ലാം മറവിയുടെ ഗർത്തങ്ങളിൽ തന്നെ മറഞ്ഞിരിക്കുന്നതല്ലെ ഭംഗി......? ഒരൊറ്റ രാത്രികൊണ്ട് എന്തെല്ലാം ഓർമ്മിച്ചെടുത്തു........? എന്തൊക്കെ വിസ്മരിച്ചു........?
മീര : കഴിഞ്ഞോ എല്ലാം..........സംതിങ് ഡിഫറന്റ്, ഒന്നും ഫീൽ ചെയ്യുന്നില്ല............
ബർണാഡ് : ഇതു പ്രതീക്ഷിച്ചായിരിക്കും രണ്ടാമതൊരിക്കൽ കൂടി നമ്മളിവിടേക്ക് എത്തിയത്..........?
കയ്യിൽ കരുതിയിരുന്ന സോഫ്റ്റ് ഡ്രിങ്ക്സിന്റെ കുപ്പി തുറന്ന് മീര ഒരു കവിൾ അകത്താക്കി. പടിഞ്ഞാറു നിന്നും നല്ല തണുത്ത കാറ്റ് വീശാൻ തുടങ്ങി. ഈ വെയിലത്തു വീശിയ കാറ്റിനു പതിവിനെക്കാൾ കൂടുതൽ കുളിർമയുള്ളത് പോലെ. പഞ്ചാരമണൽ നിറഞ്ഞ തീരം ഒരതിർത്തി പോലെ താഴ്വാരത്തെ മരങ്ങൾക്കും കടലിനുമിടയിലായി നിലകൊണ്ടു. മനുഷ്യരും യാനങ്ങളും കട്ടമരങ്ങളും ഒരു പൊട്ടുപോലെ പഞ്ചാര മണലിൽ കുടിങ്ങിപ്പോയ കരട് പോലെ അങ്ങിങ്ങായി കോറി കിടപ്പുണ്ടായിരുന്നു.
ബർണാഡ് : വൈകുന്നേരത്തെ ഈ കാഴ്ച മനോഹരം തന്നെ!
മീര : ഓ! ഇപ്പോഴെങ്കിലും ഒന്നു സമ്മതിച്ചല്ലോ
ബർണാഡ് മീരയുടെ കയ്യിൽ നിന്നും കുപ്പി വാങ്ങി ഒരു കവിൾ അകത്താക്കി. ദാഹത്തിനു താത്കാലിക ശമനമായി.
ബർണാഡ് : മീരക്കൊരു പാട്ട് പാടാമോ......?
മീര : ഈ കുയിൽ പാടില്ല. വേണമെങ്കിൽ.....
ഞൊടിയിടയിൽ മീരയൊരു കുസൃതിയൊപ്പിച്ചു. ബർണാഡിതു തീരേ പ്രതീക്ഷിച്ചിരുന്നില്ല. ഒന്നു ഞെട്ടി മാറിയ ശേഷം വലത്തെ കവിളിൽ വിരലുകളൊന്ന് പായിച്ചു. ലിപ്സ്റ്റിക്കിന്റെ അവശിഷ്ടങ്ങൾ വിരലിലും പതിഞ്ഞിരിക്കുന്നു.
ബർണാഡ് :ച്ചെ! കുറുമ്പ് കൂടുന്നുണ്ട് !
മീര തന്റെ കയ്യിൽ കരുതിയിരുന്ന ടിഷ്യു പേപ്പർ ഉപയോഗിച്ച് ബർണാഡിന്റെ മുഖത്ത് പറ്റിയിരുന്ന ലിപ്സ്റ്റിക് ശകലങ്ങളെ ഒപ്പിയെടുത്തു.
കൊടിതൂക്കി മലക്ക് ഒരു കഥ പറയാനുണ്ട്, പ്രകൃതിയും മനുഷ്യരും ജീവിതവുമൊക്കെ ചേർന്ന പൂർത്തിയാകാത്ത കഥ, ബർണാഡ് തുടർന്നു.
മീര : കഥകൾകേട്ട് മടുത്തെങ്കിലും നിന്റെ കഥകൾ എന്നും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഇടക്ക് ഫുൾ സ്റ്റോപ്പൊന്നും വേണ്ട കേട്ടോ......
വളരെ പണ്ട് . സാക്ഷാൽ AVM കനാലിന്റെ ചിറക് പറ്റി ജീവിതം കരുപിടിപ്പിക്കാൻ അങ്ങ് മാർത്താണ്ടത്ത് നിന്നും മണ്ടക്കാടു നിന്നും വന്ന പൂർവ്വികരുടെ ജീവിതം കൂടിയാണിത്. അതൊരു പക്ഷേ ഈ പ്രദേശത്തെ ചിലയാളുകളിൽ നിന്നും കേട്ട കഥകളുടെ ആകത്തുക കൂടിയാകാം!
നാട്ടിലന്നൊക്കെ സുമാർ പറഞ്ഞാൽ പത്ത് പതിനഞ്ചു കിലോമീറ്റർ അകലെയുള്ള പഴയ തിരുവിതാംകൂറിൽ ഉൾപ്പെട്ട മാർത്താണ്ടത്തും മണ്ടക്കാട്ടുമൊക്കെ ഇവിടെത്തെ പോലെ കൊടും പട്ടിണിയായിരുന്നു. ജോലി കമ്മി കൂലി കുറവ്. വീടുകളിലാണെങ്കിൽ ഒരു കുടുംബത്തിൽ തന്നെ മക്കൾ ഉൾപ്പെടെ 10 പേരെങ്കിലും മിനിമം കാണും. പോരാത്തതിന് കൂട്ട് കുടുംബ വ്യവസ്ഥയും. കൃഷിയൊന്നും വലുതായി പച്ചപിടിക്കുന്നില്ല. പിന്നെയുള്ളത് കന്നുകാലി വളർത്തലാണ്. വീട്ടിലുള്ള ആടുകളെയും കൊണ്ട് മുതിർന്നവർ ഗ്രാമഗ്രാമാന്തരങ്ങൾ കയറി ഇറങ്ങുമായിരുന്നു. അതിൽ ചിലർ വലിയ തോണിയിൽ ആടുകളെയും കൊണ്ട് avm കനാലിലൂടെ കൊടിതൂക്കിയിലും വന്നിരുന്നു. അവരിൽ ചിലർ ഇവിടെ ദിവസങ്ങളോളം തങ്ങും. ആ ദിവസങ്ങളിലേക്ക് ആവശ്യമുള്ള ആഹാരവും വെള്ളവുമെല്ലാം കെട്ടുകളാക്കി തല ചുമടായി കൊടിതൂക്കിയിൽ എത്തിക്കും. എന്നിട്ട് ഏറ് മാടത്തിൽ ദിവസങ്ങൾ കഴിച്ചു കൂട്ടും. ആട്കൾക്കു വേണ്ട പുല്ലും നീരും കൊടിതൂക്കി മലയിൽ നിന്നും തന്നെ വേണ്ടുവോളം ലഭിച്ചിരുന്നു. ആ പതിവ് കാലാകാലങ്ങൾ തുടർന്നു.
കന്നുകാലികളെ മേയിച്ചു കൊണ്ടുവരുന്നവരിൽ കൂടുതലും തമിഴ് പാരമ്പര്യമുള്ള ക്രിസ്ത്യാനികൾ ആയിരുന്നു. ആഴ്ചകളോളം തങ്ങേണ്ടി വരുന്ന സാഹചര്യത്ത് ആരാധനക്കായി ഓലകൊണ്ട് മറച്ച ഒരു പൊതുപള്ളി സ്ഥാപിച്ചു. പ്രോട്ടസ്റ്റന്റെന്നൊ കത്തോലിക്കരെന്നോ എന്ന ഭേദമന്യേ എല്ലാവരും ഈ പൊതുപള്ളിയിൽ ഞായറാഴ്ചകളിൽ ഒത്തു കൂടി. അവരിൽ ബൈബിളിൽ കൂടുതൽ അറിവുണ്ടായിരുന്നവർ താത്കാലിക പാതിരിമാരും ഡീക്കൻമാരുമായി. പക്ഷേ അതിന്റെ തിരുശേഷിപ്പുകളോന്നും തന്നെ കല്ലായോ മൺ കൂനയായോ പോലും ഇന്നിവിടെ ഇല്ല. എന്തിനേറെ പറയണം, ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന നീരുറവ പോലും വിസ്മൃതിയിലേക്ക് നീങ്ങി.അപ്പോഴും ഇതെല്ലാം വാമൊഴിയായി തലമുറകൾ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇന്നിപ്പോ കഥകൾ ഇവിടെ വരെ എത്തി നിൽക്കുന്നു.
മീര : ഇതാണോ കഥ......? മിസ്സിംഗ് എന്തെങ്കിലും........?
ബർണാഡ് : അക്കാലത്തെ പുതിയാപ്ലമാരുടെ കാര്യം പറയാൻ മറന്നു പോയി..........?
അത് വളരെ രസകരമാണ്. ഇടയൻമാരായ മണവാളൻമാർ കല്യാണ രാത്രി തന്നെ വഞ്ചിയിൽ മണവാട്ടിയേയും കൊണ്ട് ഈ മല മുകളിൽ വരുമായിരുന്നു. ഒരുപറ്റം ആടുകളുമായി വരുന്ന അവരോടൊപ്പം പരിചാരകരായി കുടുംബത്തിൽ നിന്നും ചിലർ കൂടെ കൂടുമായിരുന്നു. അവരാണ് ഒരാഴ്ചത്തേക്ക് വേണ്ട അരിയും സാമാനങ്ങളും ചുമന്നുകൊണ്ട് വരുന്നത്. പനയോലകൊണ്ട് കെട്ടി മെടഞ്ഞ കുടിലുകൾക്ക് പുന്നത്തടികൊണ്ട് ചാരും നൽകി. പ്രകൃതിയിൽ നല്ല നിലാവത്ത് കുടിലുകൾക്കുള്ളിൽ അല്ലാതെ ആകാശത്തെയും നോക്കി നോക്കി ചിലർ ജീവിതം തുടങ്ങിയിട്ടുണ്ടാകും, അന്നേരത്തേക്കും പരിചാരകരൊക്കെ അവിടം വിട്ടിട്ടുണ്ടാകും! കൊടികുത്തിയിലെ മണിയറ പോലും ധൈര്യത്തിന്റെ പുറത്താണ്. പക്ഷെ ധൈര്യമുണ്ടെന്നു കരുതി ഇതൊക്കെ എല്ലാരും ചെയ്യില്ല കേട്ടോ. അക്കാലത്തെ കളരി അഭ്യാസികളായ ചില യുവാക്കളും താത്പര്യമുണ്ടായിരുന്ന യുവതികളുമാണ് വിവാഹ ശേഷം ഇങ്ങനെയൊരു ഏർപ്പാട് നടത്തിയിരുന്നത്.
കൊടിതൂക്കിയിലെ ജീവിതമൊന്നും ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല. അത് കഥകളായും അനുഭവങ്ങളായും നമ്മളിലൂടെ മറ്റുള്ളവരിലൂടെ ഒഴുകിക്കൊണ്ടിരിക്കും. ഈ ഒഴുക്ക് കടലാഴങ്ങളിലേക്ക് ഒരിക്കലും ചെന്നെത്തി അവസാനിക്കില്ലെന്ന ഉറപ്പുകൂടിയുണ്ട് .
മീര : ഈ തീക്ഷണതയിൽ എന്റെ മനസ്സറിയാൻ നിനക്ക് താത്പര്യമില്ലേ.........
ബർണാഡ് : മനസ്സെന്ന തേഡ് പാർട്ടിയാണ് കാര്യങ്ങൾ വഷളാക്കുന്നത്.
മീരാ : നിന്നോടൊപ്പം അന്ന് ഞാനും എന്നോടൊപ്പം ഇന്ന് നീയുമുണ്ട്.
ബർണാഡ് : സ്നേഹത്തിന്റെ ഭൂതകാലം തേടിപോയാൽ ഒരുത്തരമേ ഉള്ളൂ, പക്ഷേ ആ സ്നേഹത്തിന്റെ മീനിങ് ഇന്നും എനിക്കറിയില്ല.
അന്യമായതിനെ തേടിപിടിച്ചു തന്റെതാക്കുന്ന ശീലം മീരക്കില്ലായിരുന്നു. അല്ലെങ്കിൽ പണ്ടൊരിക്കൽ കൊടിത്തൂക്കിയിൽ വച്ചു വിടപറഞ്ഞ ബർണാഡിനെ കയ്യോടെ പൊക്കി തന്റെതാക്കാമായിരുന്നു. പിടിച്ചു വാങ്ങുന്ന സ്നേഹം ശാശ്വതമല്ലെന്ന ഉൾവിളി അന്നുമിന്നും മീരക്കുണ്ട്. കുത്തൊഴുക്കുള്ള പുഴയിൽ രണ്ട് തോണിയിൽ സമാന്തരമായി സഞ്ചരിക്കുന്നവർ. പക്ഷേ അതിലൊരു തോണി കടവിൽ ഉപേക്ഷിച്ചു ഒരുമിച്ചു യാത്ര ചെയ്യാൻ താത്പര്യമില്ലെങ്കിൽ പതിയിരിക്കുന്ന അപകടങ്ങളെ ഒറ്റക്ക് തന്നെ അവർക്കിരുവർക്കും നേരിടേണ്ടതായി വരാം. അതോഴുവാക്കാൻ ഒരേ തോണിയിൽ മനസ്സില്ലാമനസ്സോടെയുള്ള ഒരുമിച്ചുള്ള യാത്ര ആത്മഹത്യാപരമെന്നാണ് മീരയുടെ പക്ഷം!
മീര : നിന്നോടുള്ള സ്നേഹവും വിശ്വാസവുമാണ് അന്നെന്നെ ഇവിടെ എത്തിച്ചത്. ഇന്നിപ്പോൾ നീ...........
ബർണാഡ് : നിന്നെ വെറുക്കാൻ കാരണങ്ങളൊന്നുമില്ലല്ലോ...........? സ്നേഹിക്കാനാണെങ്കിൽ അധികമുണ്ടു താനും!
ജീവിതം തന്നെ സംഭവങ്ങളാൽ കലുഷിതമാണ്. അതിൽ കഥകളും ഉപകഥകളുമുണ്ട്. യാഥാർഥ്യങ്ങളും അസത്യങ്ങളുമുണ്ട്. കൊടിതൂക്കി പോലെ! എങ്കിലും അതിലൊരു കുളിർമയനുഭവിക്കാൻ കഴിയണം. അല്ലാതെ മറ്റുള്ളവരെ കാണിക്കാൻ നല്ലനടപ്പിനൊന്നും തന്നെ കിട്ടില്ലെന്ന് മീര ആണയിട്ടു.
നേരമിരിട്ടിത്തുടങ്ങി. അകലെ സമുദ്രത്ത് യാനങ്ങളിൽ മിഴി വിളക്കുകൾ തെളിഞ്ഞു. കടലിന്റെ പ്രക്ഷുബ്ദതയൊ ആർത്തിരമ്പുന്ന തിരയിൽ മുങ്ങാം കുഴിയിയിടുന്ന പ്രദേശ വാസികളേയൊ മലമുകളിൽ നിന്നും കാണാൻ കഴിയുന്നില്ല. കൊടിതൂക്കി മലയിൽ നിന്നും ആളുകൾ താഴ്വാരത്തേക്ക് നീങ്ങിത്തുടങ്ങി. ഒടുവിൽ എല്ലാം മറന്ന് ദേഹം ദേഹത്തോട് ചേർന്ന് ഒന്നായി തീർന്ന ചിലരൊടൊപ്പം മീരയും ബർണാഡും ബാക്കിയായി. ഇനിയെന്തെന്ന് ചോദിച്ചാൽ ഉത്തരം ബർണാഡിൽ നിന്നായിരിക്കണം വരേണ്ടത്...................
മീരയുടെ കൈകൾ ഷർട്ടിനുള്ളിലൂടെ കടന്ന് ബർണാഡിന്റെ നെഞ്ചിൽ ഭൂപടം തീർക്കുകയായിരുന്നു. ബട്ടൺസുകളോരോന്നായി കുടുക്കിൽ നിന്നും മോചനം പ്രാപിച്ചു. ചുണ്ടുകൾ ഉപ്പുരസം നുകരാനായി പാമ്പിനെപോലെ ബർണാഡിന്റെ പിൻകഴുത്തിലൂടെ ഇഴയുകയായിരുന്നു.ഒടുവിൽ ഏതോ ദുഃസ്വപ്നം കണ്ടപോലെ ഉപബോധമനസ്സിൽ നിന്നും ബർണാഡ് പാടി.......
"സമയമായില്ല പോലും സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി "
ആ കരുണയിൽ ശാന്തത അശേഷമില്ലായിരുന്നു . പക്ഷേ അത് മനസ്സിലായിരുന്നില്ലയെന്നു മാത്രം. അതിൽ പൊലിഞ്ഞുപോയത് ഒരുപിടി ആഗ്രഹങ്ങൾ കൂടി ആയിരുന്നു. വഞ്ചികൾ ഇപ്പോഴും അശാന്തമായ കടലിൽ തന്നെയാണ്. പുഴയിൽ അല്ലെന്ന് മാത്രം! അശാന്തിയുടെ കൂറ്റൻ തിരമാലകൾ നെഞ്ചിൽ അടിച്ചുകയറിക്കൊണ്ടിരിക്കുമ്പോഴേക്കും തിരുവനന്തപുരത്തേക്കുള്ള ലാസ്റ്റ് ബസിനു സമയമായെന്ന് ബർണാഡ് പറഞ്ഞിരുന്നു.
4 comments:
വീൽ ഓഫ് ലൈഫ് അതിന്റെ സാധാരണ സ്ഥിതിഗതികളിൽ നിന്നും വഴിമാറി വൈവിദ്ധ്യമാർന്ന മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുമ്പോ വായനയും ഏറെ ഹൃദ്യമായ് മുന്നോട്ടു പോകുന്നുണ്ട്.. കൊടിതൂക്കി മലയിലേക്കുള്ള ബാർണാ ടിന്റെയും മീരയുടെയും യാത്രയും സ്ഥല കാലങ്ങളും ഓർമകളും പിന്നെ കൊടിതൂക്കി മലയുടെ പഴംകഥകളും കൊണ്ട് ഇഴുകിചേർന്ന് അതി സംഗീർണ്ണമായ മറ്റൊരു തലം സൃഷ്ടിക്കുന്നുണ്ട് ഈ അധ്യായം..വായനക്ക് ഒരു നവ്യ അനുഭവം പകർന്ന ഈ അധ്യായത്തിനും,, വീൽ ഓഫ് ലൈഫിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും ഭാവുഗങ്ങൾ നേരുന്നു
👍🏻👍🏻👍🏻👍🏻👌🏻👌🏻
👍
എഴുത്തു ശൈലിയിലെ വ്യത്യസ്തത നന്നായിട്ടുണ്ട്.... 👍🏿👍🏿👍🏿
Post a Comment