Thursday, 14 November 2024

വീൽ ഓഫ് ലൈഫ്

 17



ദുരന്തത്തിൽ നിന്നും ഒളിച്ചോടിവന്നു ദുരന്തത്തിലേക്ക് തന്നെ കാലെടുത്തുവച്ച അനുഭവം നിങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ്.ആനകളും വെടിക്കെട്ടുമുള്ള ഉത്സവപറമ്പിൽ കാഴ്ചക്കാരായി നിങ്ങൾ മാത്രമേ ഉള്ളൂ. വലത് വശത്ത് ബർണാഡെങ്കിൽ ഇടതു വശത്ത് അത് മീരയാണ്. കഴുത്തിലണിയാൻ മുഷിഞ്ഞ റിബൺകൊണ്ട് ചുറ്റിയ ഒരു മാലയുണ്ട്. വളരെ വിചിത്രമായി തോന്നുന്നു. ദുരന്തത്തിനൊടുവിൽ മുഷിഞ്ഞ റിബൺ മാലപോലും ക്ലൈമാക്സുണ്ടാക്കാൻ കെൽപ്പുള്ളതാണ്. അന്നൊരു വൈകുന്നേരം കോളേജ് മുറ്റത്തെ വാകമര ചുവട്ടിൽ ഒരു പുകയുമെടുത്തു തുടങ്ങിയതല്ലേ ജീവിതം.... ആ കൊള്ളിയെ ഇങ്ങനെ കെടുത്തികളയുരത്. അതിരുന്നു പുകയട്ടെ. എരിഞ്ഞു തീരണ്ട, മറിച്ചു ആരെങ്കിലും വെള്ളമൊഴിച്ചു കെടുത്തട്ടെ............

മീര : അല്ല ഒളിച്ചോടാൻ മാത്രം നമ്മൾ ഭീരുക്കളല്ല.........

ബർണാഡ് : ഇതും ഒരു പുഷ്പം നുള്ളിയെടുക്കും പോലെ എടുത്തു കളയേണ്ട സംഗതി മാത്രമേ ഉള്ളൂ!

എമി : ഞാൻ കരുതി.........

കുതിരക്കോളൻ വേഗത്തിൽ ഒരു നീക്കുപോക്ക് പ്രതീക്ഷിക്കുന്നുണ്ട്........ " കുര്യന്റെ നാട്ടിലെ ഒരു മൊഴിയാണിത്! വല്യ പ്രസക്തിയൊന്നുമില്ല, വ്യാകരണ നിഘണ്ടുവിലോ ഭാഷാ ശാസ്ത്ര പുസ്തകങ്ങ ളിലോ ഇതിനൊരർത്ഥവും കല്പ്പിച്ചിട്ടില്ല. മലബാറിലേ ചിലയാളുകൾ അനൗദ്യോഗികമായി മൊഴിയുന്ന മണിമുത്തുകൾ! പെറുക്കി എടുത്തു സാന്ദർഭികമായി പ്രയോഗിച്ചാൽ വല്യ അർത്ഥങ്ങൾ ഉണ്ട്!

എമി : അതായത് നിങ്ങൾക്കിത് പ്രയോജനപ്പെട്ടേക്കാം..........

മീര : എന്തായിത്.........?

ആ കടലാസ് മറിച്ചു നോക്കാൻ മീര വെപ്രാളപ്പെട്ടില്ല. അത് കൈപ്പറ്റിയുമില്ല. എമിയുടെ കയ്യിലിരുന്ന കടലാസിനെ ആകാംക്ഷയോടെ നോക്കിനിന്നു.വെറുതെ കപ്പലുണ്ടാക്കി സമീപത്തെ അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടാലോ.....? അങ്ങനെ വെറുതെ കിട്ടുന്ന പേപ്പറൊക്കെ ഇങ്ങനെ കളിച്ചു കളയാം....

ബർണാട് : ആഹ്! നല്ല ഐഡിയ!

മീര : അതല്ല പഴയപോലെ താറാവ് റോസ്‌റ്റും പാലപ്പവുമുണ്ടാക്കി കളിക്കാം!

എമി : കളിയെങ്കിൽ അത് രാജാവിന്റെ തല തന്നെയായിരിക്കണം!

ഒന്നിൽ കൂടുതൽ വിജയികളെ പ്രഖ്യാപിക്കുന്ന അപൂർവ്വമായൊരു കളി! ഒടുവിൽ സംസാരിച്ചു സംസാരിച്ചു പോലീസ് കേസും ദുർഘഡങ്ങളും ചിത്രത്തിൽ നിന്നും അകലുന്ന കാഴ്ച. ഒഴിയാബാധപോലെ ഓടിക്കുതിച്ചു കൊണ്ട് കടിക്കാൻ പാഞ്ഞടുത്തുകൊണ്ടിരുന്ന പേപ്പട്ടികൾ പെട്ടെന്ന് അപ്രത്യക്ഷമായതു പോലെ. അനിഷ്ട സംഭവങ്ങൾ മനസ്സിൽ നിന്നും മായാൻ നിമിഷ നേരം മതിയെന്ന് അവർക്ക് തോന്നി.

" ഇന്നലെ സൂപ്പർ മാർക്കറ്റിൽ നിന്നും വരുന്നവഴി വനിത പി സി വാണിയെ അവിചാരിതമായി പരിചയപ്പെട്ടു. നമ്മൾ ഇൻസ്‌പെക്ടർ രാമലിംഗത്തെ പറ്റി കണ്ടതും കേട്ടതുമൊക്കെ സത്യമാണ്! അതിശയപ്പെടാനില്ലെന്ന് "

" സംഗതി ഇപ്പോൾ സെക്ഷൻ 268 ആണ്. "

"ഓ! അതു വല്യ കാര്യമാക്കണ്ടന്നേ...! പൊതുശല്യം അഥവാ പബ്ലിക് ന്യൂയിസൻസിന്റെ ഗണത്തിൽപ്പെടുത്തി ഫ്ലാറ്റിൽ നിന്നും പുകച്ചു പുറത്തു ചാടിക്കാനുള്ള അടവ് നയമായിരിക്കും...." മീരയുടെ ഈ വാക്കുകളിൽ അമർഷമാണോ പുച്ഛമാണോ എന്നറിയാൻ ലേശം പാടുപെടും ബർണാഡ് പറഞ്ഞു. അങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും സംഗതി മറ്റു ചില ദിശയിലേക്കും പോകാൻ സാധ്യതയുണ്ട്. 

" ഏമാന്റെ ഭാഷയിൽ പറഞ്ഞാൽ ലവൻമാരും ലവളുമാരും ചേർന്നാൽ ചിലതൊക്കെ ഒപ്പിക്കും! അധികം പറച്ചിലിനൊക്കെ നിൽക്കാതെ വ്യഭിചാരമെന്ന ആഭിചാര ക്രിയയൊപ്പിക്കാൻ പോലീസ് ഏമാനു വല്യ താമസം വരില്ല "

എമി പറഞ്ഞു നിർത്തിയയിടത്തു നിന്നും തുടങ്ങാൻ ആരും തുനിഞ്ഞില്ല.

ഭീകര നിശബ്ദത അവിടെമാകെ തളം കെട്ടി. ബർണാഡും മീരയും പരസ്പരമൊന്നു നോക്കി. നാക്കുകൾ സ്തംഭിച്ച പോലെ. എമിയുടെ സാന്നിധ്യം എന്തോ ഒരു ബുദ്ധിമുട്ടുള്ളതു പോലെ. അവർക്കിരുവർക്കും എന്തൊക്കെയോ സംസാരിക്കണം. മനസ്സ് അതിനായി നീറുകയാണ്.അതു മനസ്സിലാക്കിയെന്നോണം എമി ഒരത്യാവശ്യമുണ്ടെന്നും പറഞ്ഞു കോളേജ് എൻട്രൻസിലേക്ക് പോയി. മിഴിച്ചു നിന്നിരുന്ന ബർണാഡിന്റെ തലമുടി ഇഴകളിലേക്ക് വിരലുകൾ ഓടിച്ച ശേഷം മീര പ്രതികരിച്ചു.

" വർഷങ്ങൾക്കു മുൻപ് ആ രാത്രിയിൽ നീ എന്നെയൊന്നു അറിഞ്ഞിരുന്നെങ്കിൽ ഈ ദുർഗതി നമുക്ക് വരില്ലായിരുന്നു! "

നഷ്ടപ്പെടാൻ അധികമൊന്നും ഇനി അവശേഷിച്ചിട്ടില്ലല്ലോ...........?

മീര തുടർന്നു. അതൊരുപക്ഷേ അറിയാനുള്ള നിയമ നടപടി ആയിരിക്കും ഈ കേസും പുകിലുമൊക്കെ........ അല്ലെങ്കിലും ഇനിയെങ്കിലും പറയൂ!

തന്റെ കഥകളുടെ കെട്ടുകൾ അഴിക്കാൻ മീര തയ്യാറാണ്. പക്ഷേ ജീവിത യാഥാർഥ്യങ്ങളെ ഒരു ദുസ്വപ്നം പോലെ കൊണ്ടു നടക്കുന്ന ബർണാഡിന്റെ മൗനം അതിനും മേലായിരുന്നു. 

ജീവിതം ചൂടേറ്റു പൊള്ളി നീറുകയാണ്. ഇച്ചിരി തണുത്ത വെള്ളം ആരാ ആഗ്രഹിക്കാത്തതു.......????????????????






No comments: