15
ഇങ്ങനെയൊരു ദിവസം അയാൾ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. എങ്കിലും കൈകാലുകൾ തളരുന്ന പോലെ. ഒരു കൂജ നിറയെ വെള്ളം കിട്ടിയാൽ ഒറ്റ കമത്തിനു കുടിച്ചേക്കും! ബർണാഡ് മീരയെ ചേർത്ത് പിടിച്ചുകൊണ്ട് തന്റെ ഫ്ലാറ്റിലേക്ക് നീങ്ങുകയാണ്. ഇതെല്ലാം കണ്ട് കൊണ്ട് സെക്രട്ടറി റൂമിൽ തന്നെയുണ്ട്. അയാൾ സിസിറ്റിവി ക്യാമറകൾ അവരുടെ ഒരുമിച്ചുള്ള നടത്തം തന്നെ ഫോക്കസ് ചെയ്യുകയാണ്. റൂമിൽ വക്കീൽ വാഹിദബീഗവും മറ്റു ചിലരും ഉണ്ടായിരുന്നു.
സെക്രട്ടറി : എപ്പടി ഇറുക്ക്......?
അഡ്വ. വാഹിദ ബീഗം : സംഗതി നടന്നപ്പോൾ മറന്നു പോയ തമിഴൊക്കെ സെക്രട്ടറിക്ക് ഓർമ്മവന്നു തുടങ്ങി!!!!!!!
പണികൊടുക്കുന്നെങ്കിൽ പോലും അതിന് നിയമത്തിന്റെ പിൻബലമുണ്ടാകണം, അതിൽ ലൂപ് ഹോളുകൾ ഉണ്ടാകരുത്! അതുകൊണ്ടല്ലേ പോലീസിനെ വിളിച്ചത്.....! പിന്നെ എസ് എച് ഒ രാമലിംഗത്തെ നമ്മൾ പലർക്കും പരിചയവുമുണ്ട്. അതുകൊണ്ടായിരിക്കണം കേസൊന്ന് അന്വേഷിക്കട്ടെയെന്നും പറഞ്ഞു ഹെഡ് കോൺസ്റ്റബിൾ സുലൈമാനെയും വനിത പി സി വാണിയേയും മഫ്റ്റിയിൽ ഇങ്ങോട്ട് വിട്ടത്!ചില മുന്നറിയിപ്പുകൾ കൊടുത്തിട്ടും അവരൊന്നും പഠിച്ചില്ല, വിദേശ ഇന്ത്യക്കാരല്ലേ....? ആ ശീലങ്ങൾ ഈ കാലാവസ്ഥക്ക് വേണ്ടാ!
അഡ്വ. വാഹിദ ബീഗം : ഒരു സൂചികൊണ്ടെടുക്കേണ്ടത് തൂമ്പാകൊണ്ട് എടുത്ത പോലെ.........
സെക്രട്ടറി : കവലപ്പെടാതെ മാഡം, അന്ത രാമലിംഗം സർ റൊമ്പ സ്ട്രിക്റ്റ്!
എന്തൊക്കെ ആയിരുന്നു കഴിഞ്ഞ ചില ദിവസങ്ങളിൽ! ഡെമോൺസ്‌ട്രേഷനെന്നും പറഞ്ഞു കൂത്താട്ടമായിരുന്നല്ലോ മീരയുടെയും ബർണാഡിന്റെയും ഫ്ലാറ്റിൽ നടന്നത്? കോളേജ് പിള്ളേർ വന്നുംപോയി നിന്നു. എമി ഉൾപ്പെടെ ഈ ഫ്ലാറ്റുകളിൽ മാറിമാറി താമസിച്ചു. മുന്നറിയിപ്പ് കൊടുത്തിട്ടും പരിപാടികൾ തുടർന്നതിനാൽ ഒരു ചെക്ക് ഇരിക്കട്ടെ!
രാമലിംഗത്തിനു വേണമെങ്കിൽ സെക്ഷൻ 370 എടുത്തിട്ട് അലമ്പാo. കൂടുതലൊന്നും ഇല്ല. അവർ ഈ ഫ്ലാറ്റിൽ വേണ്ടാ. പണംകൊണ്ടും പ്രതാപം കൊണ്ടും മുൻപിൽ ഇവിടെ ചിലരുണ്ട്. അതു കഴിഞ്ഞു മതി മറ്റുള്ളവർ. അത് മനസ്സിലാക്കി അടങ്ങി ഒതുങ്ങി കഴിയാൻ താത്പര്യമില്ലാത്തവർ ഇങ്ങോട്ട് വരണ്ട. ബ്രോക്കർക്ക് ഈ വക കുശുമ്പും കുന്നായ്മയും തന്റെ കസ്റ്റമേഴ്സിനെ അറിയിക്കേണ്ട ധാർമികതയും ഇല്ലല്ലോ.........?
വാണി : അല്ല സാറേ എസ് എച് ഒ ക്ക് ഇമ്മാതിരി കേസിനൊക്കെ മഫ്റ്റിയിൽ നമ്മളെ അയക്കേണ്ട കാര്യമുണ്ടോ.........?
സുലൈമാൻ : അത് പി സി ക്ക് എസ് എച് ഒ രാമലിംഗത്തെ പറ്റി അറിയാമേലാഞ്ഞിട്ടാ.....
സുലൈമാൻ : ഓൻ ആടെയും നിക്കും! ഈടെയും നിക്കും, കയ്യീ വല്ലതും തടയുമോ, അതാ മുഖ്യം! ഇനി എന്തൊക്കെ കാണണം എന്റെ ബദറുങ്ങളേ.........
വാണി : അപ്പോൾ......
സുലൈമാൻ : കാണാൻ പോണ പൂരത്തെപറ്റി വർണ്ണിക്കണൊ......? പി സി എന്തെല്ലാം കാണാൻ കിടക്കുന്നു.
സുലൈമാൻ പുറത്തെ കാനയിലേക്ക് കാർക്കിച്ചൊന്ന് തുപ്പി. ഫ്ലാറ്റിന്റെ ഗ്രിൽ പതിപ്പിച്ച മതിലിലൂടെ വെറുതെ ഒന്ന് നോക്കി. ഒരു മിന്നായം പോലെ ബർണാഡിനെ കണ്ടു. മീരയെ ചേർത്ത് പിടിച്ചുകൊണ്ട് അയാൾ താഴേക്ക് എത്തുന്ന ലിഫ്റ്റ് കാത്ത് നിൽപ്പാണ്.
സുലൈമാൻ : ഇത് കണ്ടിട്ട് എന്ത് പറയുന്നു
വാണി : ഏത്.....?
പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ഇല്ലാത്ത കാര്യമാണ്. പരസ്പരം ഇഷ്ടമാണെങ്കിൽ എന്തും ആകാമല്ലോ.....? ഏത് അറ്റം വരേക്കും.....കണ്ടാൽ ചില നാറികൾ ചോദിച്ചെന്നുമിരിക്കും!
വാണി : സാറിനു ഈ അസ്കിതം ഇല്ലെന്നാ കരുതിയിരുന്നേ......?
സുലൈമാൻ : രണ്ട് പിള്ളാരുടെ വാപ്പ കൂടിയാ ഞാൻ
വാണി : അതൊരു തരം ഒഴുക്കൻ മറുപടിയാ സാറേ
അവിടെ ഒരിക്കലും കേസിന്റെ മെറിറ്റിനെ പറ്റിയോ ലൂപ്ഹോളുകളെ പറ്റിയോ സംസാരിച്ചില്ല. അല്ലെങ്കിലും ഇതത്രയോ കണ്ടിരിക്കുന്നു. ഒരുളുപ്പുമില്ലാതെ വാദിയിൽ നിന്നും പ്രതിയിൽ നിന്നും ശിഷ്ടം കൈപ്പറ്റുന്ന എസ്. എച്. ഒ. അയാളുടെ അസിസ്റ്റന്റുമാർ. സത്യത്തിനും ന്യായത്തിനും മുകളിലൊക്കെ എന്നേ കരി നിഴൽ വീണിരിക്കുന്നു.
വാണി : സാറേ ഞാൻ മടുത്തു
ഒന്നൂറി ചിരിച്ച ശേഷം സുലൈമാൻ പാന്റിന്റെ കീശയിൽ നിന്നും ഒരു കടലാസ് എടുത്തു. അതൊന്ന് നിവർത്തിയ ശേഷം വാണിയുടെ കയ്യിൽ കൊടുത്തു. വാണി പിന്നെയൊന്നും മിണ്ടിയില്ല. നീണ്ട നിശബ്ദത.
സുലൈമാൻ : അത് വിട്ട് കള. ഈ കണ്ടം ചാടി അടുത്ത റോഡിൽ എത്തിയാൽ എല്ലാം മാറും.
തനിക്കു ജീവിക്കണം അതുപോലെ മീരക്കും ബർണാഡിനും ജീവിക്കണം. അതിന് എന്ത് സഹായമാണ് ചെയ്യേണ്ടത്.......? അതിന് വിലങ്ങു തടിയായിട്ടുള്ളത് ആളുകളുടെ കയ്യിലെ പൂത്ത പണമാണ്. കേസ് നടത്തുന്നവർക്ക് പണമുണ്ട്. കുറ്റാരോപിതർക്ക് അതിലുമേറെ പണമുണ്ട്. ഇടനിലക്കാർക്കാണ് പഞ്ഞം! ഇവിടെ നമ്മളെ പോലുള്ള നിസ്സാരർ നേരിടുന്ന ധാർമിക പ്രശ്നമുണ്ട്. അതിനോളം ഒന്നും എത്തില്ല താനും!
വാണി : ഈ മറുപടി പൂർണ്ണമല്ല.
ആളുകൾ അതിജീവനത്തിനായാണ് പോലീസ് സ്റ്റേഷനെ സമീപിക്കുന്നത്. കാക്കി കണ്ടാൽ ആൾക്കാർ പേടിച്ചോടുന്ന കാലമൊക്കെ കഴിഞ്ഞു. ഒരർത്ഥത്തിൽ അതാണ് ശരിയും. സർ കാണിച്ചു തന്ന ബാധ്യത കടലാസ് തന്റെ ഉള്ളിലും ഉണ്ട്. കടലാസ് ആയിട്ടില്ല. എങ്കിലും ഈ കൊള്ളരുതായ്മകളെ എങ്ങനെ സഹിക്കാനാ!
പ്രധാന നിരത്തിൽ നിന്നും അവർ ഒരു ഓട്ടോ റിക്ഷ പിടിച്ചു. ഇനിയുമുണ്ട് ദൂരം. സ്റ്റേഷനിൽ എത്താൻ ഇനിയും ഇരുപതു മിനിറ്റ് എടുക്കും. അതിനിടയിൽ കോഫീ ഹൌസിൽ ഇറങ്ങി ഒരു ചായ കുടിക്കണം. ഈ അന്വേഷണം എവിടെ എത്തിനിൽക്കുന്നു വെന്ന് ഒരനുമാന ത്തിൽ എത്തിചേരണം.
വാണി : അല്ല സാറേ നമ്മൾ മീരയോട് ചോദിച്ച അതേ കാര്യം ഒരുമിച്ച് ഓരോട്ടയിൽ സഞ്ചരിക്കുന്ന നമ്മോളോട് വേറൊരാൾ ചോദിച്ചാൽ എന്തായിരിക്കും മറുപടി.............?
കഥകളൊക്കെ ഇനിയൊരു ചായകുടി കഴിഞ്ഞിട്ടാകാം..........
No comments:
Post a Comment