10
കുറച്ചു ദിവസങ്ങൾക്കു ശേഷം അവർ വീണ്ടും കോളേജിൽ എത്തി.ക്ലാസ്സെല്ലാം കഴിഞ്ഞ ശേഷം പടിഞ്ഞാറ് വശത്തെ നടപ്പാതയിലൂടെ പുറകു വശത്തെ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. നിലാവ് മാത്രമല്ല കൂട്ടിനു വെട്ടി തിളങ്ങുന്ന എൽ ഇ ഡി ബൾബുകളുടെ നിരതന്നെയുണ്ടായിരുന്നു.
മീര : ഇന്നേന്താ പ്രത്യേകത..........?
എമി : ടൗൺ ഹാളിൽ യൂണിവേഴ്സിറ്റി കാലോൽസവത്തിനു തിരിതെളിഞ്ഞിട്ടുണ്ട്. സംഘാടക സമിതിയുടെ കുറച്ചു പന്തലുകൾ ഇവിടെയും ഉണ്ട്.
ബർണാഡ് : കേട്ടിരുന്നു. പത്തമ്പത് പേർക്ക് കഴിയാനുള്ള സൗകര്യം ഈ പന്തലിൽ ഉണ്ടെന്നാ കേട്ടത്.
സാധാരണ 6 മണിക്ക് മുന്നേ താഴിട്ട് പൂട്ടുമായിരുന്ന കോളേജ് കാന്റീൻ അപ്പോഴും തുറന്നു കിടക്കുന്നു. കുറച്ചു വിദ്യാർത്ഥികളുമുണ്ട്. കുടവയറും തടവിക്കൊണ്ട് മൊബൈലിൽ എന്തോ കണക്കുകൾ നോക്കുന്നുണ്ട് നടത്തിപ്പുകാരൻ കേളു ആശാൻ.
ബർണാഡ് : അണ്ണാ ക്യാന്റീൻ ഇപ്പൊ 24 മണിക്കൂറുമാക്കിയൊ.........?
കേളു ആശാൻ അപ്പോഴാണ് അവരെ കണ്ടത്.
കേളു ആശാൻ : എന്റെ സാറേ കലോത്സവമല്ലേ.......? ഇച്ചിരി വല്ലതും തടയണ സമയാണ്, പിള്ളേർ സെറ്റൊക്കെ പത്ത് പത്തര വരെ കാണും!
മീര : കഴിക്കാൻ എന്തെങ്കിലും...........
കേളു ആശാൻ : കേറി പോരീൻ! കഴിക്കാന്നെ......
മൂവരും വലത് വശത്തെ ആദ്യത്തെ ടേബിളിനു ചുറ്റുമിരുന്നു.
കേളു ആശാൻ : ചെറുകടി വേണമെങ്കി ആവി പറക്കണ പരിപ്പുവടയുണ്ട്. കുറച്ചു നേരം വെയിറ്റ് ചെയ്യാമെങ്കിൽ ദോശയും ഓംലെറ്റും പപ്പടവുമൊക്കെ എടുക്കാം.
എമി : തക്കാളി ചമ്മന്തി ഉണ്ടോ
കേളു ആശാൻ : എടുക്കാല്ലോ......
എമി : 3 ചായയും 3 പരിപ്പുവടയും എടുത്തോളൂ...... ദോശയുടെ കാര്യം ആലോചിക്കാം
കേളു ആശാൻ : ആലോചിക്കാൻ ഒന്നുമില്ല മാഡം, നല്ല മാവാണ്, പുളിയൊന്നുമില്ല.....
ഇതും പറഞ്ഞു കേളു ആശാൻ അകത്തേക്ക് കയറി. കുറച്ചു ദിവസങ്ങൾക്കു ശേഷമുള്ള ഒത്തു കൂടലായിരുന്നെങ്കിലും പുതുമയുള്ളതു പോലെ തോന്നിയിരുന്നില്ല. ഈ ദിവസങ്ങളിൽ വളരെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ് അവർ കടന്നു പോയിക്കൊണ്ടിരുന്നത്. എന്നിരുന്നാലും അതേ പറ്റിയൊന്നും ആരും ഒന്നും സംസാരിച്ചില്ല. ന്യൂ നോർമൽ ഫീലിങ്ങിലേക്കുള്ള തുഴച്ചിൽ ആരംഭിച്ചിരുന്നു
അതിനിടയിൽ " മാ നിഷാദ " യെന്ന വേദിയെ പറ്റിയും അതിനെ തുടർന്നുണ്ടായ പുകിലുകളെ പറ്റിയുമായി സംസാരം.
എമി : ഇതൊക്കെ വെറും നിസ്സാര പ്രശ്നങ്ങളാണ്. കുത്തിപ്പൊക്കാൻ എല്ലാ ഗ്രൂപ്പുകളിൽ നിന്നും ആൾക്കാരുണ്ട്.
ശരിക്കും ധാർമ്മികതയുടെ പ്രശ്നമാണിതൊക്കെ. പിള്ളേർ രാഷ്ട്രീയത്തിന്റെ പേരിൽ എതിരാളികളുടെ പള്ളക്ക് കത്തി കുത്തിയിറക്കുന്നു , ഒടുവിൽ ചില നിർഭാഗ്യവാൻമാർ ആശുപത്രിയിൽ എത്തുമ്പോഴേക്കും ഈ ലോകത്തേക്ക് വിട പറഞ്ഞിട്ടുണ്ടാകും. നഷ്ടം ആർക്ക്......? അവനെ അല്ലെങ്കിൽ അവളെ ആശ്രയിച്ചു കഴിയുന്നവർക്ക്.......
മീര ബർണാഡിന്റെ സംഭാഷണത്തിനിടയിൽ ഇടപെട്ടു.
മീര : ഇത് ധാർമ്മികതയുടെ പ്രശ്നം മാത്രമല്ല, കഴിവ് കേടാണ്. മനുഷ്യന്റെ കഴിവ് കേട്!
എമി : പിന്നെ ഇപ്പോഴത്തേ ട്രെന്റ് സൈബർ ബുള്ളിയിങ്ങും വെർബൽ റേപ്പുമാണ്.
ബർണാഡ് : അങ്ങനെയെങ്കിൽ വേദിക്ക് ഏറ്റവും അനുയോജ്യമായ പേര് തന്നെയാണ് മാ നിഷാദാ.......!
എമി : അപകീർത്തിപ്പെടുത്തലെന്നും പറഞ്ഞു ഇതിനെതിരെ എല്ലാ ചോട്ടാകളും കേസിനു പോയിട്ടുണ്ട്......
ഇതിനിടയിൽ ചായയും പരിപ്പുവടയുമെത്തി. കേളു ആശാനോട് ദോശയും മൊട്ടയും ഏർപ്പാടാക്കിയശേഷം ചായയും കൊണ്ട് അവർ പുറത്തേക്കിറങ്ങി. ചുറ്റും കാലോൽസവത്തിന്റെ ബഹളമാണ്. പ്രകാശ വിസ്മയമായ ഹാലോജൻ ലാമ്പുകളും വിവിധ വർണ്ണത്തിലുള്ള എൽ ഇ ഡി ബൾബുകളും കൊണ്ട് പരിസരം ഉത്സവപ്പറമ്പു പോലെയായി. സംഘാടക സമിതിയുടെ പന്തലിൽ വിദ്യാർത്ഥികൾ വന്നും പോയുമിരിക്കുന്നു. ഈ ആൾക്കൂട്ടത്തിലും തെരുവ് പട്ടികൾ സഭാ കമ്പമൊന്നും കാട്ടാതെ അങ്ങോട്ടുമിങ്ങോട്ടും തേരാ പാരാ ഓടുന്നുണ്ട്. ഇതിനിടയിൽ ഇരുട്ടിൽ നിന്ന് ചില കല്ലുകൾ ഇവറ്റകളുടെ ദേഹത്ത് പതിക്കുന്നുണ്ട്. കുരച്ചോടുന്ന ഈ പട്ടികൾ നേരെ റോഡിലേക്ക്..........
കടിക്കുന്ന പട്ടികൾ എല്ലായിടത്തുമുണ്ട്.
എമി : നീ എന്താ ചായ കുടിക്കാൻ ഇരുട്ടത്ത് വന്നത്.......?
ബർണാഡ് : ഇരുട്ടല്ലല്ലോ.......?
ദീപാലങ്കാരങ്ങളുടെ പ്രഭാവമില്ലാത്ത നിലാവിലൊരിടം. ക്യാമ്പസ് നോക്കിയാൽ ഇപ്പോൾ ഇങ്ങനെയുള്ള സ്ഥലങ്ങൾ പരിമിതമാണ്.
ബർണാഡ് : മീരക്കോർമ്മയുണ്ടോ...? കൊറേ വർഷങ്ങൾക്ക് മുൻപ് ഇതു പോലൊരു യൂത്ത് ഫെസ്റ്റിവലിനു രാത്രിയിൽ കൊടിതൂക്കി മലയിൽ നമ്മൾ പോയത്.........?
അന്ന് മച്ചുനൻ ദേവദാസിന്റെ എൽ എം എൽ വെസ്പയുമെടുത്ത് നാഷണൽ ഹൈവേ പിടിച്ചു നീങ്ങി. മീര കൂടെയുണ്ടായിരുന്നു. പാൽ നിലാവ് പൊഴിക്കുന്ന പൗർണമി രാത്രിയിൽ തന്നോടൊപ്പം വരുന്നതിന് പേടിയുണ്ടോയെന്ന് ബർണാഡ് ചോദിച്ചിരുന്നു. ആളനക്കവും തിരക്കുമുള്ള ഹൈവേ വിട്ടു തീരദേശം വഴി വിട്ടാലോ എന്നായിരുന്നു മീരയുടെ മറുപടി. പേടിയുണ്ടാ യിട്ടല്ല. സുപരിചിതമല്ലാത്ത വഴികളിലെ പതിവ് ഏടാകൂടങ്ങൾ ആ വഴി തെരെഞ്ഞെടുക്കുന്നതിൽ നിന്നും പിന്നോട്ട് വലിച്ചു. കന്യാകുമാരി ഹൈവേയിലൂടെ ശരവേഗത്തിൽ സ്കൂട്ടർ നീങ്ങി. നിരത്തിലെ ഒഴുകി നടന്ന ജന സഞ്ചയത്തിനു റ്റാറ്റയും കൊടുത്തു വായുവിൽ പറക്കുന്നപോലായിരുന്നു വെസ്പയിലിരുന്നുള്ള മീരയുടെ യാത്ര......
എമി : വഴിമുടക്കികൾ ഒന്നും വന്നില്ലേ......?
നെയ്യാറ്റിൻകര കഴിഞ്ഞു ചെക് പോസ്റ്റിനു അടുത്തെത്തിയപ്പോൾ ഒരു കപ്പ് ചായ കുടിക്കാനൊരു മോഹം! എങ്കിൽ അന്തരാത്മാവിനു ശാന്തി കൊടുക്കാൻ ഒന്നു പുകച്ചാലെന്നായി ആശ. ഒന്നു നീട്ടി വലിച്ചു തുടങ്ങിയപ്പോഴേക്കും പൂതികൊണ്ട് മീരയുമെടുത്തു ഒരണ്ണം! നിർത്താത്ത ചുമ! കണ്ടു നിന്നവർ സ്തബ്ദരായി. അദ്ഭുത പ്രതിഭകളെ നോക്കുന്നപോലെ രണ്ടു പേരിലേക്ക് മാത്രമായി നോട്ടം മാറിയിട്ടുണ്ടായിരുന്നു. ആൾക്കൂട്ടം കണ്ണുകൾ കൊണ്ട് സംസാരിക്കുന്നു. ചില കണ്ണുകളിൽ കാമം കത്തി നിൽപ്പുണ്ട്. മോഹമില്ലാത്തവരില്ലെങ്കിലും അതിമോഹികളിൽ നിന്നുള്ള മോചനത്തിനായി പെട്ടെന്ന് സ്ഥലം കാലിയാക്കി.
കൊടിതൂക്കിയെ പറ്റി മീരക്ക് ചില വിചാരങ്ങളുണ്ടായിരുന്നു. വർക്കല ക്ലിഫ് പോലെ കടൽക്കാഴ്ചയുടെ ബൈനോക്കുലർ പതിപ്പ് വേണമെങ്കിൽ കൊടിതൂക്കിയിൽ പോകണമെന്നാ മീരയുടെ പക്ഷം.അകലെ പടിഞ്ഞാറൻ തീരത്തെ തെങ്ങിൻ കൂട്ടവും വെള്ള പുതച്ച കടപ്പുറവും കടന്നുള്ള അറബികടലിന്റെ കാഴ്ച സ്വപ്നസമാനമാണ്.
ആ സ്വപ്നത്തിലേക്കുള്ള ദൂരമാണ് കൊടിതൂക്കിയിലെത്തുമ്പോൾ അവസാനിക്കേണ്ടത്. കേട്ടറിവ് മാത്രമാണ്. എങ്കിലും റിട്രീറ്റ് സെന്ററുകളും ഹോട്ടൽ സമുച്ചയങ്ങളും അവിടെയും ഉയർന്നിരിക്കാമല്ലോയെന്ന ചിന്തക്ക് പ്രസക്തിയുണ്ട് താനും. എല്ലാമൊരു പ്രഡിക്ഷ നല്ലേ. ആ ധാരണയുടെ പുറത്താണ് മുന്നോട്ടുള്ള കുതിപ്പ്! ഹൈവേയൊക്കെ പിന്നിട്ട് സ്കൂട്ടർ പഞ്ചായത്ത് റോഡിൽ പ്രവേശിച്ചു. വളഞ്ഞു പുളഞ്ഞ റോഡ്. ഇരുവശങ്ങളിലുമായി കരിമ്പനകളുടെ നിരതന്നെയുണ്ട്. സ്ട്രീറ്റ് ലൈറ്റുകൾ വിരളം. കവലകളിൽ പോലും നേരിയ ആളനക്കം മാത്രം.കുറെ കഴിഞ്ഞു നാല് റോഡുകൾ ചേരുന്നൊരിടത്തെത്തി.ജി പി എസ് സൗകര്യങ്ങളുണ്ടായിരുന്നെങ്കിലും ഇന്നത്തെ പോലെ പ്രചാരമുണ്ടായിരുന്നില്ല . ഒടുവിൽ അടുത്തുകണ്ടൊരു മൈൽ കുറ്റിയിലിരുന്ന് ബീഡി വലിക്കുന്ന ഏകാകിയായൊരു വൃദ്ധനോട് വഴി ചോദിച്ചു. മുന്നോട്ടുള്ള വഴിയും ഇടത്തോട്ടുള്ള വഴിയും കൊടിതൂക്കിയിലേക്കാണ്.മുന്നോട്ടുള്ള വഴി ദൂരം കൂടുതലും ഇടത്തോട്ടുള്ള വഴി ദൂരം കുറവുമാണ്. രാക്കിളിപ്പാട്ടിനെ പേടിയില്ലെങ്കിൽ ഇടത്തോട്ടു തന്നെ വച്ചുപിടിക്കാം......
എമിക്ക് കൂടുതൽ താത്പര്യം തോന്നി. രാക്കിളിപാട്ടിന്റെ പൊരുൾ തേടി ആ രണ്ട് മനസ്സുകളിലൂടെ അലഞ്ഞു. ഒടുവിൽ കള്ളവാറ്റ് സംബന്ധിച്ച ഒരു രഹസ്യക്കോഡ് മാത്രമാണെന്ന് ബർണാഡ് പറഞ്ഞു.
ഇടത്തോട്ടുള്ള റോഡിനിരുവശവും പൊന്തക്കാടുകളാണ്. പണ്ടെപ്പോഴോ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സർക്കാർ കുത്തിയ കുളങ്ങളും അനുബന്ധ കെട്ടിടങ്ങളുമാണ് ചുറ്റും. ഇന്നിപ്പോ ഉപയോഗ ശൂന്യമാണ്. കൊതുക് സാമ്രാജ്യങ്ങളായിമാറി ഈ കുളങ്ങൾ. അവിടെക്കാണ് കള്ള വാറ്റുകാർ നുഴഞ്ഞു കയറിയത്. കുളങ്ങളിൽ വാഷ് നിറച്ച ഭീമൻ കലങ്ങൾ താഴ്ത്തിയിരുന്നു. പൊന്തക്കാടുകളിൽ കലവും ട്യൂബ്യും ഐസുമൊക്കെ അടങ്ങുന്ന സ്വേദനോപകരണങ്ങൾ സജ്ജമാക്കി. വാറ്റി എടുക്കുന്ന ചാരായത്തെ കുപ്പികളിലാക്കി ഉപയോഗശൂന്യമായ ഈ കെട്ടിടങ്ങളിൽ സൂക്ഷിച്ചു. ഒരുപോലെ ഗോഡൗണുകളും അനധികൃത ചാരായ ഷാപ്പുകളുമായി മാറി ഈ കെട്ടിടങ്ങൾ. പൊന്തക്കാടുകളെ നെടുകെ പിളർന്നു ഒറ്റയടിപ്പാതകൾ ഉണ്ടായി. അങ്ങ് തിരുവനന്തപുരം ടൗണിൽ നിന്നു പോലും കള്ള വാറ്റിനായി കുടിയന്മാർ ഇവിടെ വന്നിറങ്ങി. 96 ലെ ചാരായ നിരോധനത്തിനു ശേഷം എക്സൈസുകാരുടെ വിഹാരകേന്ദ്രമായി ഈ പ്രദേശം. എങ്കിലും കള്ളവാറ്റ് തുടരുന്നുണ്ട്. തമിഴ്നാട്ട് നിന്നും ടാക്സ് വെട്ടിച്ചു സാധനങ്ങൾ ഈ റോഡു വഴി കടത്തുന്നുമുണ്ട്. പോലീസിനെയും എക്സൈസിനെയും കബളിപ്പിക്കാൻ വാറ്റുകാരും കള്ളൻമാരും ഒരുപോലെ ഉപയോഗിക്കുന്ന കോഡാണ് രാക്കിളിപ്പാട്ട്.
കാക്കിയിട്ടവരെ പോലെ മറ്റുള്ളവർ കുഴപ്പക്കാരല്ലെന്ന ധാരണ വാറ്റ് കാർക്കും ഉണ്ടായിക്കാണും. അങ്ങനെ രാക്കിളിപാട്ടിന്റെ ഇടിമുഴക്കങ്ങൾ ശ്രവിച്ചുകൊണ്ടാണ് ആ ദൂരം താണ്ടിയത്. ഇതിനിടയിൽ ജീപ്പോ വാനോ പായുമ്പോൾ രാക്കിളിപ്പാട്ടിന്റെ സ്വരമങ്ങു കടുക്കും. സംഘത്തിലെ തലമൂത്ത ആളായിരിക്കും ഈ നാടൻ പാട്ട് ഉച്ചത്തിൽ തകിലു കൊട്ടി പാടിയിരുന്നത്. ആ കടുപ്പത്തിൽ മാളത്തിൽ ഒളിച്ചിരിക്കുന്ന പാമ്പുകൾക്ക് ഇണചേരാൻ പോലും പേടിയാണത്രെ . പാട്ട് അത്രക്ക് ഭീകരമാണ്. പോണ വഴിയിൽ പാമ്പ് പോയിട്ട് ഒരു പട്ടിയെ കൂടി കണ്ടില്ല. പേടിയങ്ങു ഇരച്ചു കയറി. മനുഷ്യരെ കാണണ്ട ഒരു പട്ടിയെ എങ്കിലും.......?
എമി : പിന്നെന്താ നടന്നത്......?
മീര : നാലും കൂടുന്ന ഒരു കവലയിലാ എത്തിയെ. സ്ഥലമങ്ങു ഓർക്കുന്നില്ല.
സ്ട്രീറ്റ് ലൈറ്റൊക്കെ മങ്ങി തുടങ്ങിയിരുന്നു. കൊടിതൂക്കിയിലേക്കുള്ള ആരോ മാർക്ക് വച്ച വഴിയിലൂടെ മുന്നോട്ടു നീങ്ങി.കുത്തനെയുള്ള കയറ്റമാണ്. കുറുക്കന്റെ ഓരിയിടൽ കേൾക്കാം. മിന്നാമിനുങ്ങൾ യുദ്ധത്തിലെ പടയാളികൾ പോലെ രാത്രിയിലും സദാ ജാഗരൂകരായി റോഡിൽ പാറി നടക്കുന്നുണ്ടായിരുന്നു. ഒടുവിൽ മുന്നോട്ടുള്ള പോക്കിനെ തടസ്സപ്പെടുത്തികൊണ്ട് പ്രകൃതി അതിന്റെ മായാജാലം അവിടെ തീർത്തിരുന്നു. ഒരു കൂറ്റൻ പാറ, അതിനെ പൊട്ടിച്ചു വഴി നീട്ടാൻ വേണ്ട കരവിരുതൊന്നും തൽക്കാലം ആർക്കും ഇല്ലാതെ പോയി. ആ പാറക്കൊരു വശം റിട്രീറ്റ് സെന്ററുകളാണ്. മറുവശത്തെ ദുർഘടമായ പാതയിലൂടെ കയ്യിലുണ്ടായിരുന്ന ടോർച്ചിന്റെ സഹായത്താൽ മുന്നോട്ട് പോയി.
ബർണാഡ് : ഇന്നാലോചിക്കുമ്പോൾ ഉടലു മുതൽ ഉയിരുവരെ ഒരു പെരുപ്പ് തോന്നുകയാ......!
മീര : രാത്രിയിലെ സാഹസം സ്വയം വരുത്തി വക്കുന്ന വിനയാണ് ! ഇങ്ങനെയൊക്കെ ആണെലും പേടി തോന്നിയില്ല!
എമി കോട്ടുവായിടാൻ തുടങ്ങിയിരുന്നു. ദോശയും ഓംലെറ്റും തയ്യാറായിട്ടുണ്ടെന്നു കേളു ആശാൻ വിളിച്ചു പറഞ്ഞു.ചൂടാറും മുൻപ് കഴിച്ച ശേഷം എമി ബൈ പറഞ്ഞു.
" ഇന്ന് രാത്രി ബോർ അടിക്കുന്നെങ്കിൽ അങ്ങോട്ട് പോര് " രാത്രിയിലെ മണിക്കൂറുകളോട് വിട ചൊല്ലാതെ മീരക്കും ബർണാഡിനും തന്റെ ഫ്ലാറ്റിലേക്ക് സ്വാഗതമരുളിക്കൊണ്ട് കാറുമെടുത്ത് എമി കോളേജിൽ നിന്നും ഇറങ്ങിയിരുന്നു.
മീര : ഇനിയെന്താ തന്റെ പരിപാടി........?
ബർണാഡ് : മാ നിഷാദ യിലേക്ക് വിട്ടാലോ....?
അതൊരു ചോദ്യമായിരുന്നില്ല. എല്ലാത്തിന്റെയും ഉത്തരമായിരുന്നു.
മീര : അന്ന് നമ്മൾ കൊടിത്തൂക്കിയിൽ ചിലവഴിച്ച സമയത്തെ പറ്റി നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ......?
മീര തുടർന്നു.സാഹസത്തിനു മുതിർന്നത് വെറും ഒരു നിമിഷ നേരം കൊണ്ട് തോന്നിയ ത്രില്ലിനുമപ്പുറം മറ്റെന്തല്ലാമോ ഉണ്ട്...... അതിപ്പോ നീ അത് മനസ്സിലാക്കിയാലും ഇല്ലെങ്കിലും.......!
മീര : അതിനൊരു തുടർച്ച തരാതെ നീ എവിടേക്കോ പോയി മറഞ്ഞു!
ബർണാഡ് : നിനക്ക് തിരമാലകളുടെ മുഴക്കമില്ലാത്ത ശാന്തമായ കടലിനെപറ്റി സങ്കൽപ്പിക്കാൻ കഴിയുമോ........? അങ്ങനെയും ഉണ്ട്. അത് വളരെ അകലെയാണ്. പ്രക്ഷുബ്ദതയെന്നത് ശാസ്ത്രീയമാണ്. പ്രകൃതി നിയമമാണ്! മറിച്ചൊരു പ്രതിഭാസത്തിനു മനുഷ്യന് സാധിക്കില്ല..........ഞാനും ആ പ്രതിഭാസത്തിൽ വീണു പോയി.
അന്ന് എത്ര കഷ്ടപ്പെട്ടാണ് ആ പാറയുടെ വശങ്ങളിലൂടെ കയറിപ്പറ്റിയത്.കാര മുള്ളുകൾക്കു ചേക്കേറാൻ ഈ ദുനിയാവിൽ നമ്മുടെ കാലുകളോളം വരില്ല മറ്റൊന്നും.ചെരുപ്പുകൾക്കുമില്ലേ ഒരു പരിധി....?
ഇതിനിടയിൽ എത്ര പാമ്പുകളെ അറിയാതെ മറികടന്നുകാണും......? ശത്രുകൾ അത്ര ഭീകരരല്ലയെന്ന് തോന്നിപ്പോയി.
മീര : പക്ഷേ ലക്ഷ്യ സ്ഥാനമെന്ന കടമ്പ നമ്മൾ പിന്നിട്ടിരുന്നു ജീവിതത്തിൽ നേടിയില്ലെങ്കിലും.........
മീരയുടെ ശബ്ദമിടറി. മുഖഭാവത്തിനുണ്ടായ മാറ്റം സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ പോലും ബർണാഡ് വേഗത്തിൽ തിരിച്ചറിഞ്ഞു. ഇടത്തെ കൈകൊണ്ട് മീരയെ തന്നിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു.
ബർണാഡ് : എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നുന്നിടത്താണ് പുതിയത് തുടങ്ങുന്നത് .
മീര : പരാജയങ്ങളുടെ നീണ്ട ഘോഷയാത്ര അന്നു മുതലാണെന്ന് ഞാൻ പറഞ്ഞാലോ....?
മീര ഒന്നിരുത്തി മൂളി. എങ്കിലും ബർണാഡിന്റെ കൈ വലയത്തിൽ നിന്നും രക്ഷപ്പെടാൻ അവർക്കിഷ്ടമില്ലായിരുന്നു. അതിപ്പോ ഫുട്പാത്താണെങ്കിൽ കൂടി!
ആ കുളിർമയിൽ വർഷങ്ങൾ സഞ്ചരിച്ചപോലെ. അതിലെപ്പോഴോ കൊടിതൂക്കിയിലും എത്തിയിരുന്നു. അവിടെ വച്ചു രാത്രിയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു. കുന്നിനും കടലിനുമിടയിലെ വിസ്മയങ്ങൾ നക്ഷത്രങ്ങൾ പോലെ മിന്നി മിന്നി നിന്നു. ചക്രവാളവും കടന്നു അതനന്തതയിലേക്ക് അത് വ്യാപിച്ചിരുന്നു. പ്രകൃതി രാത്രിക്ക് കണിയൊരുക്കിയപ്പോൾ അവരിരുവർക്കും ആഗ്രഹങ്ങളെ തടുക്കാൻ സാധിച്ചിരുന്നില്ല. ശയനമന്ത്രമൊരുക്കാൻ അവരിരുവർക്കും അധിക സമയം വേണ്ടിവന്നില്ല. ഒടുവിൽ വസ്ത്രങ്ങളുപേക്ഷിച്ചു ആദിമ രൂപം പൂണ്ടു കുന്നിൻ തറയിൽ ശയിക്കുമ്പോൾ തഴുകി ഉണർത്താൻ പടിഞ്ഞാറ് നിന്നും കുളിർകാറ്റ് വീശിത്തുടങ്ങിയിരുന്നു.....!
3 comments:
സൂപ്പർ... മുൻപ് എപ്പോഴോ ഒരിക്കൽ യാത്ര ചെയ്ത കൊടിത്തൂക്കിയേ മറന്നേ പോയി.. എന്തായാലും ഇതിൽ വായിക്കാൻ കഴിഞ്ഞു... സമകാലിക വിഷയങ്ങൾ ഇന്നും ഇന്നലെയും പോലെ നന്നായി പകർത്തിയുട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙏ആശംസകൾ
Nice
പരിചിത കാലദേശ വിശദീകരണവും സ്വാഭാവികമായ ഭാഷയുടെ ഒഴുക്കും വായനയെ പ്രോത്സാഹിപ്പിക്കുന്നു. അഭിനന്ദനങ്ങൾ!
Post a Comment