9
ഡൽഹി രബീന്ദ്രഭവനിലെ ലളിത് കലാ അക്കാഡമിയിൽ വച്ചു നടന്ന ദേവിന്റെ സ്കൾപ്ച്ചർ ഇൻസ്റ്റിലേഷനിൽവച്ചെടുത്ത ചിത്രങ്ങൾ ക്യാമറ സ്ക്രീനിലൂടെ നോക്കുകയായിരുന്നു ബർണാഡ്.
യു എസിൽ ഒന്നും ഇതിനു വല്യ സ്കോപ്പില്ല! എല്ലാം അതിന്റെ തനത് രൂപത്തിൽ വേണമെന്ന് ബർണാഡ് ഇടക്ക് പറയുന്നുണ്ടായിരുന്നു. മീര ഇതൊന്നും തന്നെ ശ്രദ്ധിച്ചില്ല. അല്ല ശ്രദ്ധിക്കാൻ താത്പര്യവുമില്ലായിരുന്നു. സംഗതി കഴിച്ചിലായല്ലോ എന്നാണ് മീരയുടെ മനസ്സിലപ്പോൾ.
മീര ഗ്ലാസ് കോപ്പയിൽ പുതിന കട്ടൻ കൊണ്ടു വച്ചു. ഒരു വല്യ മൊന്ത നിറയെ മീരയും എടുത്തിരുന്നു.
മീര : എന്താ തനിക്ക് കുടിച്ചിറക്കാനൊരു പ്രയാസം പോലെ.....?
ബർണാഡ് : ഇതിലിച്ചിരി പഞ്ചസാരയൊക്കെ ചേർക്കണം.
മീര : പഞ്ചസാര കുറുക്കി കാച്ചിയ മാർവാഡി ചായ രുചിക്കാനായിരിക്കും ദേവിനെ കണ്ടപ്പോൾ മുങ്ങിയത്......?
ബർണാഡ് : അത് പിന്നെ.........?
മീര : തലകുത്തനെയുള്ള മറുപടിയൊന്നും വേണ്ടാ........
ബർണാഡ് : പിന്നെ.....
മീര : ഒരു പുന്നക്കായും ഇല്ല, പഞ്ചാര കൂടിയ മൊതല് എന്നെപ്പോലെ വിത്തൗട്ട് പുതിന കട്ടൻ കുടിച്ചാൽ മതി!
അപ്പോഴേക്കും മീരയുടെ ഫ്ലാറ്റിലെ ഷെൽഫ് പരതുകയായിരുന്നു ബർണാഡ്. കൂടുതലും ഇന്ത്യൻ ഇംഗ്ലീഷ് ബുക്കുകൾ ആയിരുന്നു. മുൽക്ക് രാജ് ആനന്ദും കിരൺ ദേശായിയുമൊക്കെ അങ്ങ് വരിവരിയായി ഷെൽഫിൽ ഉണ്ടായിരുന്നു.
ബർണാഡ് : പുനലൂരുകാരുടെ ബുക്കുകൾ ഇല്ലേ.......?
മീര : പുനലൂരുകാർക്ക് ബുക്കെഴുത്തല്ല പണി ......! അവർക്ക് വേറെ ജോലിയുണ്ട്!
ഷെൽഫിൽ കുറെ തപ്പിയപ്പോൾ വി എസ് നയ്പൊളിന്റെ " ഇൻ എ ഫ്രീ സ്റ്റേറ്റ് " വലത്തെ അറ്റത്തെ മൂലയിൽ രണ്ടു ബുക്കുകൾക്കിടയിൽ ഞെരുങ്ങി ഇരിക്കുന്നത് കണ്ടത്. അതെടുത്തു. പുതുമണം മാറിയിരുന്നില്ല.
ബർണാഡ് : ഇതെവിടുന്നാ.....? ഈ ടേസ്റ്റ് പിടിക്കാത്തതാണെല്ലോ......?
മീര : സ്റ്റോക്ക്ഹോമിൽ വച്ചു ഒരു സുഹൃത്ത് സമ്മാനിച്ചതാണു.
ബർണാഡ് : ഞാനിത് വായിച്ചിട്ട് തന്നേക്കാം.
മീര : അല്ല നീയെങ്ങോട്ട് പോവുകയാ.......?
ബർണാഡ് : ആദ്യം ഫ്ലാറ്റിലേക്ക്..... പിന്നെ ചെറിയൊരു ഷോപ്പിങ്..... എന്താ വരുന്നുണ്ടോ......?
മീര : ഇല്ല. തനിച്ചിരിക്കാനൊരു മോഹം!!!!!!
ബർണാഡ് : എങ്കിൽ ഞാനിറങ്ങുകയാ, സീ യു......
മടങ്ങി ചുളുങ്ങിയിരുന്ന ജവുക്കാളമൊക്കെ കുടഞ്ഞു കിച്ചനിലെ റാക്കിൽ തിരുകിവച്ചു. വാഷിങ് മെഷീനിലിട്ടിരുന്ന തുണിയൊക്കെ ഉണക്കാനായി അയയിൽ വിരിച്ചിട്ടു. നിലത്ത് വീണു കിടന്നിരുന്ന പത്രമെടുത്ത് ഒന്നു പരതിനോക്കി. പതിവ് പോലെ രാഷ്ട്രീയ വാർത്തകൾ ഒഴിവാക്കി. സ്പോർട്സ് പേജിൽ കൗതുകത്തോടെ ചില ന്യൂസുകളുടെ തലക്കെട്ടുകൾ ഹൃദ്യസ്തമാക്കുകയായിരുന്നു. ന്യൂസിലാന്റിൽ വച്ചു നടന്ന സ്ത്രീകളുടെ റഗ്ബി മാച്ചിന്റെ വിവരണമുണ്ടായിരുന്നു. വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ റഗ്ബി ബോളും കൊണ്ട് പ്രതിരോധക്കാരുടെ മുകളിലൂടെ വായുവിൽ ചാടിമറിയാൻ ശ്രമിക്കുന്ന ഒരു കളിക്കാരിയുടെ ചിത്രം സ്പോർട്സ് പേജിലുണ്ടായിരുന്നു. ആകാംഷ തോന്നിയെങ്കിലും റഗ്ബിക്കെന്തിവിടെ പ്രസക്തിയെന്ന തോന്നലായി. അതല്ല അപ്രസക്തമായതും അളന്നു തൂക്കം നോക്കി മേന്മയുണ്ടാക്കുന്ന കാലമാണെല്ലോയിതു......?
ഡൽഹിയിൽ നിന്നും വന്നശേഷം പതിവിൽ കവിഞ്ഞൊരു അലസത. നാലാളു കാൺകെ ദേവുമൊത്ത് സെൽഫി! എങ്കിൽ പിന്നെ ആഗ്രഹിച്ചപ്പോ കിട്ടിയുമില്ല. ഒരു തരം മരവിപ്പാണ്. മറക്കാൻ ശ്രമിക്കുന്നതൊക്കെ തികട്ടി തികട്ടി വരികയാണ്. ഒന്നുകിൽ താനൊരു മണ്ടിയാണ്. അല്ലെങ്കിൽ പണ്ട് കോളേജിൽ പഠിപ്പിച്ചിരുന്ന രാമകൃഷ്ണൻ മാഷ് പറഞ്ഞപോലെ ജീവിതമെന്തെന്ന് മനസ്സിലാക്കാത്ത ഒരുത്തി! പക്ഷേ പുള്ളി പറഞ്ഞ മറ്റൊരു കാര്യത്താലാണ് ഇങ്ങനെ പിടിച്ചു നിൽക്കുന്നത്!
" താനാരാണെന്നുള്ളതിന് ഒരു മറുപടി ഉണ്ടാകണം! "
അതേ താൻ ഒന്നാന്തരം ലേസി ഫിഗറാണ്, നിർവികാരത ബാധിച്ചിട്ട് കാലമേറെയായി, ഇന്നിപ്പൊ കൂട്ടായി ജീർണ്ണത കൂടിയുണ്ട്, ജീവിതം ജീർണ്ണിച്ചു തുടങ്ങി, അതിൽ നിന്നുമുള്ള മോചനം അതാരും ആഗ്രഹിക്കില്ലേ............?
മീര : എനിക്ക് അത്രമാത്രമേ വേണ്ടുള്ളൂ!
പത്രത്തിൽ കാണുന്ന ഇഷ്ടപ്പെട്ട ന്യൂസുകൾ വെട്ടി എടുത്തു സൂക്ഷിക്കുന്ന ഏർപ്പാട് മീരക്കുണ്ടായിരുന്നു. റഗ്ബി ന്യൂസിലും എന്തോ കൗതുകം തോന്നിയതുകൊണ്ടാകണം അത് വെട്ടിയെടുത്ത് ആൽബത്തിൽ വച്ചു.പഴയ ചില പത്ര കട്ടിങ്ങുകളിലേക്ക് കണ്ണോടിച്ചു. ദൃഷ്ടിയെത്തിയത് പഴയൊരു അവാർഡ് ദാന ചടങ്ങിലേക്കായിരുന്നു. സ്വീഡിഷ് കൾച്ചറൽ ഫോറം ചെയർമാനിൽ നിന്നും അവാർഡ് സ്വീകരിക്കുന്ന മീരയുടെ ഫോട്ടോയായിരുന്നു ആ വിദേശ പത്രത്തിൽ ഉണ്ടായിരുന്നത്. വർണ്ണശബളമായ പത്രത്തിന്റെ പേജുകൾ തന്നെ വളരെ മുന്തിയയിനം പേപ്പറുപയോഗിച്ച് പ്രിന്റ് ചെയ്തവയായിരുന്നു. തന്റെ അന്നത്തെ രൂപം കണ്ടു മീര വെറുതെയൊന്ന് ആ ചിത്രത്തിനു പുറത്ത് കൂടി തലോടി. "ശരീരത്തിനു മാത്രമല്ല മനസ്സിനും മാറ്റം വന്നുതുടങ്ങിയിരിക്കുന്നു". മാറ്റത്തിനു വേണ്ടിയുള്ള പോരാട്ടം പലപ്പോഴും മീര മീരയോടോത്ത് തന്നെയായിരുന്നു എന്നത് വാസ്തവം!
അല്ല കഴിഞ്ഞതിനെ ഓർത്തു പരിതപിച്ചിട്ട് കാര്യമില്ല. ജീവന് തുല്യം സ്നേഹിച്ചിരുന്നുവെന്ന് പറയുന്നതൊക്കെ ക്ലീ ഷെ പ്രയോഗമാണ്. മീരയും ദേവും പരസ്പരം മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. അവിടെ തുടങ്ങിയ പരാജയപ്പെടൽ പിന്നെയൊരു തുടർക്കഥയാകുന്നു. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പ്രൊഫഷണൽ ജലസി അപശകുനം പോലെ ദേവിന്റെ ജീവിതത്തിൽ കടന്നു കൂടിയിരുന്നു. അക്കാലത്തെ ദേവിന്റെ ശില്പങ്ങൾ പോലും ശോഭയറ്റ് ഇരുണ്ട കാല നിർമ്മിതി പോലെ ഇന്നും സ്റ്റോക്ക് ഹോമിലെ മ്യൂസിയങ്ങളിലുണ്ട്. അതിൽ തനിക്ക് രസം കണ്ടെത്താൻ സാധിക്കാതെ പോയതിൽ തുടങ്ങുന്നു കുറ്റപ്പെടുത്തലുകളുടെ പരമ്പര.
താൻ ദേവിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഏകപക്ഷീയമായൊരാരോപണം ഇ ക്കാലത്ത് മീര സ്വയം ഉന്നയിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ സീൽ ചെയ്ത് ഉറപ്പിച്ച പോലെയായി ജീവിതത്തിൽ. . ഉണ്ണുന്നതിനും ഉറങ്ങുന്നതിനുമൊക്കെ അനുവാദവും മേടിച്ചു പിന്നെ പ്രേമിക്കണമെന്ന് പറഞ്ഞാൽ നടപ്പുള്ള കാര്യമല്ലെന്ന് ഒരിക്കൽ ദേവിനോട് മീര തുറന്നു പറഞ്ഞിരുന്നു. പിന്നെയങ്ങനെ എന്തെല്ലാം...........! ഇന്നും അതിനൊരു സൊലൂഷൻ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.......
തന്റെ എഫ് ബി പേജ് സ്ക്രോൾ ചെയ്യുന്നതിനിടയിലാണ് കോളിങ് ബെൽ അടിച്ചത്. സാധാരണ അങ്ങനെയൊന്നു ഇല്ലാത്തതാണ്. ബർണാഡും എമിയും ഔപചാരികതയുടെ തിരി കൊളുത്താതെ നേരെ വാതിൽ തള്ളിതുറന്ന് അകത്തു കയറുകയാണ് പതിവ്. എനിവേ സർപ്രൈസ് അതിഥിയാണ്, അതിപ്പോൾ കള്ളനാണെങ്കിലും അഭ്യുദയകാംക്ഷി ആണെങ്കിൽ കൂടി!
മീര : വക്കീലേ വരൂ അകത്തെക്ക്
ശാരദ ശ്രീനിവാസൻ : അല്ല ഞാനുമുണ്ടെ....?
മീര : കണ്ടില്ലായിരുന്നു. എല്ലാരും വരൂ!
പ്രശസ്തയായൊരു അയൽക്കാരിയുള്ളപ്പോൾ പരിചയപ്പെടാതിരിക്കുന്നത് മോശമല്ലേ.....? മാത്രമല്ല ഇവിടത്തെ വിമൻസ് ക്ലബ്ബിലേക്ക് ക്ഷണിക്കാൻ കൂടിയാ വന്നത്. ശാരദ ശ്രീനിവാസൻ പറഞ്ഞു.
മീര : ആറു മാസത്തിനുള്ളിൽ സ്വീഡനിലേക്ക് തിരിച്ചുപോകേണ്ടതാണു. അപ്പോൾ പിന്നെ ശരിയാകില്ലല്ലോ.......?
അങ്ങോട്ടൊരു ചൂണ്ടക്കൊളുത്ത് എറിഞ്ഞതാണു. ആഗമനോദ്ദ്യേശം അറിയണമല്ലോ.....!
ഇതു കേട്ടപ്പോൾ വക്കീലും ശാരദ ശ്രീനിവാസനും ഒന്നു പരുങ്ങി.പ്രതീക്ഷിച്ചത് നടന്നില്ല. തങ്ങളുടെ ആവശ്യം പൂർണ്ണമായും നിരാകരിക്കാത്ത സാഹചര്യത്തിൽ നേരെ വിഷയത്തിലേക്ക് കടക്കാനുള്ള വെപ്രാളമായിരുന്നു അവർക്ക്. ഇനിയിപ്പോ മുഖവുരയുടെ ആവശ്യവുമില്ല.
അഡ്വ. വാഹിദ ബീഗം : കാര്യമെന്താന്നുവച്ചാ മോള് ചെറുപ്പമാ. ഈ ലോകം കണ്ട് വരണേ ഉള്ളൂ
മീര : ഐ കാന്റ് അണ്ടർസ്റ്റാന്റ്
മറ്റു ഫ്ലാറ്റുകാരുമായി വല്യ ബന്ധമൊന്നും വേണ്ടായേ.............ഇത് പറഞ്ഞത് ശാരദ ശ്രീനിവാസൻ ആയിരുന്നു.
അഡ്വ വാഹിദ ബീഗം : ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല!
ശാരദ ശ്രീനിവാസൻ : അനുഭവത്തിന്റെ വെളിച്ചത്തിലാ പറയണേ......നമ്മൾ പറയണത് മനസ്സിലായിക്കാണുമല്ലോ......?
മീര : ഇതൊരു പുതിയ അറിവാണെല്ലോ.......?
നോക്കാം!
അഡ്വ വാഹിദ ബീഗം : ങാ! അതു മതി, സീ യു........
അവരിറങ്ങിയപ്പോൾ വാതിലിന്റെ ലോക്കങ് ഇട്ടു!
അടുത്ത വീട്ടിൽ പട്ടിണിയാണെന്നറിഞ്ഞു നാഴിയരിയുമായി അവിടെ ചെല്ലുന്ന പെണ്ണുങ്ങൾ പണ്ട് നാട്ടുമ്പുറങ്ങളിൽ ഉണ്ടായിരുന്നു. ഇന്നിപ്പോ ആഹാരത്തിനു ദാരിദ്ര്യമില്ല. പക്ഷെ ദാരിദ്ര്യം മനസ്സിനുണ്ട്. അതിനെ അങ്ങനെ വിളിക്കാനും ഒക്കില്ല. കുഷ്oമാണ് ! മനസ്സിനെ ബാധിക്കുന്ന കുഷ്ഠം!
മീര വാക്കുകളിലൂടെ തന്റെ രോഷം പ്രകടിപ്പിച്ചു.
മീര : എന്റെ പരദൈവങ്ങളേ..........!
ചുറ്റും ബൈനോക്കുലർ കണ്ണുകളാണ്. അത് ഈ ചുമരുകളെ പോലും തുളച്ചു അന്തരീക്ഷത്തിൽ എത്തും! മുളയിലെ നുള്ളണം!
അതല്ല ഇമ്മാതിരി ടൈപ്പുകളെ പണ്ടും പേടിച്ചിട്ടില്ല. ഇപ്പോഴും പേടിയില്ല.
മീര : ഇതൊക്കെ വെറും " കടൽ ചൊറികൾ " മാത്രമാണ്. ഒന്നങ്ങു ചൊറിഞ്ഞിട്ട് പോകും! വെറുതെ എന്തിന് വ്യാകുലപ്പെടണം..........? "
കടൽചൊറിയുടെ കഥ
------------------------------------------------------
പണ്ടൊരിക്കൽ പുനലൂരെ അമ്മ വീട്ടീന്ന് തങ്കശ്ശേരി ബീച്ചു കാണാൻ പോയി. അച്ഛന്റെ കറുത്ത കളർ അംബാസിഡറിൽ മീരയും അമ്മയും അമ്മായിയും പിന്നെ സഹോദരൻ ഹരിയും കൊച്ചച്ചൻ പദ്മനാഭനും ഒക്കെയാണ് ഉണ്ടായിരുന്നത്. വല്യച്ഛനും കൊച്ചേട്ടൻ പ്രകാശനുമൊക്കെ വിന്റെജ് ഫാഷനായ എസ് ഡിയിലും. കൊച്ചേട്ടന്റെ കൂടെ എസ് ഡി യിൽ കയറാൻ വാശി പിടിച്ച സംഭവം ഇന്നും മീര ഓർക്കുന്നുണ്ട്.
നവംബർ മാസമായിരുന്നു. തുലാവർഷം ഒതുങ്ങി വരുന്നു. വളരെ വൃത്തിയുള്ള ബീച്ച്. മഴക്കാറ് ഉള്ളത് കൊണ്ട് കൊച്ചച്ചൻ പദ്മനാഭൻ തിരചവിട്ടാൻ ആരെയും അനുവദിച്ചില്ല. അരിശത്താൽ കൊച്ചേട്ടൻ വാടി കടപ്പുറത്തേക്ക് നടന്നു തുടങ്ങി. പുള്ളിക്കാരൻ എം എസ്. സി സുവോളജിയായിരുന്നു. അതിലുപരി അയാൾക്ക് ഭൂമിയിലെ സർവ്വ ചരാചരങ്ങളോടും പ്രത്യേക കമ്പമുള്ളതായി തോന്നിയിരുന്നു.മനുഷ്യരേക്കാൾ മറ്റു ജീവജാലങ്ങളോട് അടുപ്പം കാണിച്ചു. മീരക്ക് മറ്റാരേക്കാളും അടുപ്പം കൊച്ചേട്ടനുമായിട്ടായിരുന്നു. അതുകൊണ്ടാണ് വാടി ലക്ഷ്യമാക്കി ഒപ്പം നടന്നത്.
പോകുന്ന വഴിയിൽ ധാരാളം കടൽ ചൊറി കണ്ടിരുന്നു. ചെരുപ്പ് കൊണ്ട് അതിനെ ചവിട്ടി അതിന്റെ സത്ത് കളയാൻ പ്രത്യേകം താത്പര്യം കാണിച്ചിരുന്നു മീര. കുറെ കഴിഞ്ഞപ്പോൾ കൊച്ചേട്ടൻ ഇടപെട്ടു. " ഈ ചൊറിയൻ വല്യ കുഴപ്പക്കാരല്ല വിട്ടുകള ". ഇങ്ങനെ പറഞ്ഞതിൽ ചെറിയ വിരട്ടൽ കൂടി ഉള്ളതായി മീരക്ക് തോന്നി. " ഇന്നത്തെ നിസ്സാരൻ നാളെത്തേ അമൂല്യ വസ്തുവാണ്, ഇന്നല്ലെങ്കിൽ നാളെ ഇതിനെയൊക്ക ചീനക്ക് കയറ്റി അയക്കാനുള്ളതാ! "
" ഇതിന്റെ സ്ഥാനത്ത് കൊടും വിഷമുള്ള കടൽപാമ്പാണെങ്കി നീ ചവിട്ടുമോ......? "
പി എച് ഡിയൊക്കെ എടുത്ത ശേഷം കൊച്ചേട്ടൻ നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു.പുനലൂര് എൻട്രൻസ് കോച്ചിങ് സെന്റർ തുടങ്ങി. കുമ്പഴ ടൗണിൽ ഒരു പബ്ലിക് സ്കൂളും ആരംഭിച്ചു. എങ്കിലും കടൽ ജീവികൾ അപ്പോഴും ഹരമായിരുന്നു. വളർത്താൻ സാധിക്കാത്തതിനെ ഫോർമാലിൻ നിറച്ച ചില്ല് കുപ്പിയിലിട്ട് അടച്ചു സൂക്ഷിച്ചു.ജീവിത സഖിയായി കടൽ ജീവികളോട് കമ്പമുള്ള അനുരാധയും വന്നു.അനുരാധ ചേച്ചി കൊല്ലത്തെ കത്തോലിക്ക ബിഷപ്പുമാർ നടത്തുന്ന കോളേജിലെ സുവോളജി അധ്യാപിക ആയിരുന്നു.
രാമകൃഷ്ണൻ മാഷിന്റെ അതി ഫെമസ് ഡയലോഗിനൊപ്പം പിന്നീട് ജീവിതത്തിൽ പല ഇടങ്ങളിൽ ഫിലോസഫി നിറച്ചു തന്നെ ആശ്വസിപ്പിച്ചിട്ടുള്ളത് കൊച്ചേട്ടനും അനുരാധ ചേച്ചിയും ആയിരുന്നു. സ്വീഡനിൽ ഒരിക്കൽ കൊച്ചേട്ടൻ കുടുംബവുമായി വന്നിട്ടുണ്ടായിരുന്നു. എല്ലാമറിഞ്ഞിട്ടും അറിയാത്തപോലെ നടിച്ച് മീരക്ക് വിഷമമുണ്ടാകാതിരിക്കാൻ വിഷയങ്ങളിൽ നിന്നും കൊച്ചേട്ടൻ മനപ്പൂർവം ഡൈവർട്ട് ചെയ്യുമായിരുന്നു.
ജീവിതം കടൽപാമ്പുകൾക്ക് വിട്ടു കൊടുക്കാനുള്ളതല്ല, പക്ഷേ രക്ഷപ്പെടാൻ കടൽചൊറികളോടൊപ്പം നടക്കേണ്ടതായുണ്ടെന്ന കൊച്ചേട്ടന്റെ പ്രാക്റ്റിക്കൽ ഫിലോസഫിയിലാണ് മുന്നോട്ടുള്ള ഗമനം!
മീര : ഇനിയും കൊച്ചേട്ടനെ വിളിച്ചു ശല്യപ്പെടുത്തുന്നില്ല......
ഫ്ലാറ്റിലെ ചൊറികളൊക്കെ എത്ര നിസ്സാരം! എങ്കിലും ശക്തമായി ആക്രമിക്കാൻ വന്നാൽ കണ്ണും കെട്ടി നോക്കി നിൽക്കില്ല, ഞെക്കി പിഴിഞ്ഞിരിക്കും!
സ്നേഹത്തിന്റെ മാഗ്നിറ്റ്യുഡോ ഡയമെൻഷനോ ഒന്നുമറിയില്ലെങ്കിലും ബർണാഡ് കൂടെയുണ്ടല്ലോ.......? പൊരുതുക തന്നെ! കൊല്ലത്തെ കടൽ ചൊറികൾക്ക് ആരെയും നശിപ്പിക്കാൻ അറിയില്ലല്ലോ.......? ശല്യം ചെയ്യൽ സ്ഥായിയാണെല്ലോ.......? പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന കടൽ പാമ്പുകളെ അപേക്ഷിച്ചു ഇതൊക്കെ എത്ര നിസ്സാരം! ഒന്നു പൊരുതാൻ പോലും അറിയില്ലെങ്കിൽ ജീവിതമേ വ്യഥ!!!!
4 comments:
👌👍
👌🏿👌🏿👌🏿👍🏿👍🏿
👌👌👌👌👍👍👍
Nice👌👌👌👌
Post a Comment