6
നീങ്ക നൻപർ എവിടെ.....?
അണ്ണാച്ചി മലയാളം പോതും......! വെറുതെ തമിഴ് പേശി അറിയാവുന്ന മലയാളം വിഴുങ്ങണ്ട. കറുപ്പയ്യ തമിഴ് കലർന്ന മലയാളം ഒന്നു തട്ടിവിട്ടപ്പോൾ എമിയുടെ മറുചോദ്യമിങ്ങനെയായിരുന്നു.
അല്ലെങ്കിലും എന്തെങ്കിലും കൊനിഷ്ടാണ് ചോദിക്കുന്നെങ്കിൽ കറുപ്പയ്യ ഇമ്മാതിരിയേ ചോദിക്കുകയുള്ളൂ.
എമി : ആട്ടെ എന്താ തനിക്ക് അറിയേണ്ടത്.
കറുപ്പയ്യ : ഒന്നുമില്ലമ്മാ, ഞാൻ പോട്ടെ തിരക്കുണ്ട്.
കുറച്ചു നേരമായിട്ടും മീരയും ബർണാഡും ക്ലാസ്സിൽ എത്തിയിട്ടില്ലായിരുന്നു. എമി തികഞ്ഞൊരു ഉന്മാദിയേ പോലെ ഉന്മാദിയുടെ ചിന്തകൾ ക്യാൻവാസിൽ പകർത്തുകയായിരുന്നു. അസംതൃപ്തരായ മനുഷ്യരായിരുന്നു അതിൽ. പിന്നെ ഇരുൾ മൂടിയ അന്തരീക്ഷമായിരുന്നു. അകലെ സർക്കാരിന്റെ അഭിമാന സ്തംഭമായ പ്രതിമയിൽ ഘടിപ്പിച്ചിരുന്ന ഘടികാരത്തിന്റെ പെൻഡുലങ്ങൾ മണിക്കൂർ സൂചിപ്പിക്കാൻ വലത്തോട്ടും ഇടത്തോട്ടും ആടാൻ തുടങ്ങിയിരിക്കുന്നു. കാട്ടിൽ നിന്നും കൂട്ടം തെറ്റിവന്ന കുരങ്ങൻ ആടിക്കൊണ്ടിരിക്കുന്ന പെൻഡുലത്തിൽ പിടിച്ചുകൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു. സ്തൂപത്തിനു വക്കിലെ അഴുക്കു ചാലിൽ ഏതോ ഒരു ഭ്രാന്തൻ ഇറങ്ങുകയും പിന്നെ കയറുകയും ചെയ്യുന്നുണ്ട്. തെരുവ് സജീവമാകുന്നു. മൊബൈൽ സൂപ്പർ മാർക്കറ്റുകൾ ആയിരുന്നു അവിടെ കൂടുതൽ. സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം തുലോം കുറവുമായിരുന്നു........!
"ഹായ് എമി കുര്യൻ......" പിറകിൽ നിന്നുള്ള വിളികേട്ടാണ് എമി തലയൊന്ന് പുറകോട്ട് തിരിച്ചത്. മീരയും ബർണാഡും ഒരുമിച്ചായിരുന്നു വന്നത്.
മീര : നോക്കണ്ടന്നെ വി ആർ മിത്രോം.....! ഒരിടവേളക്കു ശേഷം ഞങ്ങൾ മിത്രങ്ങൾ ആയി.
എമിയും ബർണാഡും ചിരിച്ചു.
മീര : ഇവന്റെ ലാൻ ക്രൂയിസറിലാണ് ഇവിടെ വന്നിറങ്ങിയത്.
ആട്ടെ എന്താ സബ്ജക്റ്റ്.....? ഉന്മാദം തന്നെയാണോ....? ശില്പികൾ ഇമ്മാതിരി പണിക്ക് നിൽക്കില്ല. മീര വാചാലയായി.
എമി : വിഷയം ഉന്മാദം ആണെങ്കിലും ഇതിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും വളരെ വ്യത്യസ്തമാണ്.
ബർണാഡിനു എന്ത് തോന്നുന്നു......?
എമി ഇക്കാര്യത്തിൽ സാധാരണയായി അഭിപ്രായം ചോദിക്കാറില്ലായിരുന്നു. പക്ഷെ ഇങ്ങനെ പറഞ്ഞതുകൊണ്ടാകും എല്ലാവരും ഒന്നദ്ഭുതപ്പെട്ടു.
ചിരികൊണ്ട് ഒരുത്തരം കൊടുക്കാൻ കഴിയുമെങ്കിൽ അതാണ് ഇവിടെ വേണ്ടത്.പരിണാമ സിദ്ധാന്തത്തിനു വിരുദ്ധ മാണെങ്കിലും എല്ലാ മനുഷ്യരെയും കുരങ്ങന്റെ പ്രതിരൂപമായി കണ്ടു നോക്കൂ...? മനുഷ്യരുടെ അസംതൃപ്തി വികൃതിയായി പരിണമിക്കും. എമിയുടെ ഭാവനയിലെ കുരങ്ങൻ ചെയ്യുന്ന പോലെ. വട്ടാണെന്നു വേണമെങ്കിലും കണക്കാക്കാം!
ഈ രീതിയിൽ ബാർണാഡ് ഉത്തരമിട്ടപ്പോൾ എമിയും മീരയും കുണു കുണാന്നു ചിരിച്ചു.
എമി : നിങ്ങൾക്ക് നല്ല ലോജിക്കുണ്ട്. ഭാവനയെക്കാളും ലോജിക്കെന്നതിനെ വിളിക്കുന്നതാണു നല്ലത്!
മീരക്ക് ദേവിന്റെ കത്തുണ്ടായിരുന്നു. കത്ത് കൈമാറാൻ മാത്രമല്ല എന്തോ ചിലത് ചികഞ്ഞെടുക്കാൻ കൂടിയായിരുന്നു കറുപ്പയ്യ അവിടെ എത്തിയത്.
എമി : ആ ബോറൻ കറുപ്പയ്യ വന്നിരുന്നു. കത്തല്ല അയാളുടെ ലക്ഷ്യം!
ബർണാഡ് : പിന്നെ.......?
കറുപ്പയ്യ ആളൊരു നുണയനാണ്. അയാൾ കോളേജിലെ ശിപായി ആകുന്നതിന് മുൻപ് വക്കീലിന്റെ ഗുമസ്തനായിരുന്നു. അങ്ങനെ ചില കുരുട്ട് ബുദ്ധിയൊക്കെയുണ്ട്................ മീര തുടർന്നു.
മീര : എമി തന്ന അറിവ് ഞാൻ പങ്കുവച്ചന്നെ ഉള്ളൂ
Dr. കുര്യൻ വടകരയിൽ പ്രാക്ടീസ് ചെയ്യുന്ന സമയം. എമിയും ഡോക്ടറും അവിടത്തെ അറിയപ്പെടുന്ന ഒരു വക്കീലിന്റെ വീട്ടിൽ റെന്റിനായിരുന്നു താമസിച്ചിരുന്നത്. വക്കീലിന്റെ ഗുമസ്തനായി ഈ കറുപ്പയ്യ അവിടുണ്ടായിരുന്നു.പിന്നെയൊരു സുപ്രഭാതത്തിൽ അറിയുന്നത് ജോലി മതിയാക്കി അയാൾ തിരുവനന്തപുരത്തേക്ക് ചേക്കേറിയെന്നാണ്. ചില മാസങ്ങൾക്കു ശേഷം ഡോക്ടറുടെ പെങ്ങളുടെ സർവീസ് സംബന്ധിയായ പ്രശ്നങ്ങൾക്ക് ഇപ്പോഴത്തെ അയൽക്കാരിയും അഡ്വക്കേറ്റുമായ വാഹിദ ബീഗത്തെ തിരുവനന്തപുരത്ത് ചെന്ന് കണ്ടിരുന്നു. അന്നവിടെ ഗുമസ്ഥനായി കറുപ്പയ്യ ഉണ്ടായിരുന്നു. ഇടക്ക് കേസ് സംബന്ധമായി അയാളെ വിളിച്ചിട്ടുമുണ്ടായിരുന്നു. പിന്നെ കാണുന്നത് ഇപ്പോഴാണ്. എമി സംഭവങ്ങൾ വിശദീകരിച്ചു.
ബർണാഡ് : ഇന്നെന്താ ക്ലാസ്......? പ്രൊഫ. രഘുനന്ദനാണോ.......?
മീര : mr. കപിലമൂർത്തിയാണ്. മദ്യം അയാളെ വഹിക്കുന്നത്കൊണ്ട് ബാറിന്റെ വരാന്തയിലെവിടെയെങ്കിലും കിടന്നു ഉറങ്ങുന്നുണ്ടാവും!
എമി : പക്ഷെ ആള് നല്ലൊരു ശില്പിയാണ്.
മീര : പക്ഷെ എന്ത് ചെയ്യാം......! ഇങ്ങേരും ദേവുമൊക്കെ ഒരേ അച്ചിൽ വാർത്തെടുത്തവരാണ്. ജീവിക്കാൻ മറന്നുപോയവർ!
തത്കാലം ജീവിക്കാൻ മറന്നു പോയവരെ പറ്റി സംസാരിക്കാതിരിക്കുന്നതാണ് ശരി! ബർണാഡ് പറഞ്ഞു.
ബർണാഡ് : വായോ! മൂഡ് കളയണ്ട, ഓരോ കാലിച്ചായ അടിച്ചേക്കാം!
.............................................................................................…........................................
സമോവറിൽ വെള്ളം തിളച്ചു ആവി പൊന്തുന്നു. കരിയടിച്ച കോളേജ് ക്യാന്റീനിലെ ആദ്യ നിരയിലെ ടേബിളിനു ചുറ്റും മൂവരും ഇരുന്നു. ചൂടു പറക്കുന്ന കാരാവടയും നല്ല കടുപ്പത്തിൽ ചായയും മൂവർക്കും കൊണ്ടു വച്ചു.
ബർണാഡ് : അണ്ണാ ഉള്ളിവടയില്ലേ......
ഉള്ളിവടയില്ല സർ ഇതുമാത്രേ ഉള്ളൂ! ഉള്ളിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു.
എമി : ചായ ഉഷാറായിട്ടുണ്ട്. പിന്നെ ആ കറുപ്പയ്യയെ അങ്ങനെ വെറുതെ വിടാൻ വരട്ടെ!
മീര : യെസ്, പറഞ്ഞുവരുമ്പോൾ അയാൾ എത്തിയത് സ്പൈ വർക്കിന് വേണ്ടിയായിരിക്കും!
കത്തിന്റെ പേരിൽ അഡ്വ. വാഹിദ ബീഗത്തിനു വേണ്ടിയായിരിക്കും ഇവിടെ അയാൾ വന്നത് , അവർ തമ്മിൽ കുടുംബ പരമായി ഇപ്പോഴും നല്ല ബന്ധമുണ്ട്. എമി പറഞ്ഞു.
മീര ചില ദിവസങ്ങൾക്ക് മുൻപ് ജിമ്മിൽ വച്ചു കേട്ട ശാരദ ശ്രീനിവാസന്റെയും അഡ്വ. വാഹിദ ബീഗത്തിന്റെയും അടക്കം പറച്ചിൽ അവിടെ ഒന്നുകൂടെ ആവർത്തിച്ചു. ഇവിടെ എന്ത് നടക്കുന്നുവെന്ന് അറിയേണ്ടത് അവരുടെ കൂടെ ആവശ്യമായി മാറിയിരിക്കുന്നു.
ബർണാഡ് : ഇവിടെ എന്താണ് നടക്കുന്നതെന്ന് ചോദിച്ചാൽ കപില മൂർത്തി സർ അടിച്ചു പാമ്പായി ബാറിന്റെ വരാന്തയിൽ അഭയം കണ്ടെത്തിയതിനാൽ പ്രിയങ്കരനായ പ്രൊഫ. രഘുനന്ദൻ ക്ലാസ്സിനായി ഇവിടെയെത്തും അത്ര തന്നെ!
എല്ലാവരും ചിരിച്ചു.
ക്ലാസ്സിലേക്ക് തിരിച്ചു നടക്കുന്നതിനിടയിൽ പരിസര കടപ്പുറത്തേ ബലഹീനതകൾ ഇല്ലാത്ത ചില നല്ലവരായ സ്ത്രീകളെ പറ്റി അവർ സംസാരിച്ചു. ടൂറിന്റെ ഭാഗമായി കൂട്ടമായെത്തിയ കോളേജ് പിള്ളാരെ അടിച്ചോടിച്ചു മഞ്ഞ പത്രത്തിന്റെ ബോക്സ് ന്യൂസായി മാറിയ ആ പെണ്ണുങ്ങൾ അദ്ഭുതമാണെന്ന് അഭിപ്രായപ്പെട്ടു. ആദർശധീരരും മോറൽ ഭൂപഡ നിർമ്മാതക്കളുമായ ഈ സ്ത്രീകളും അവരെ പിന്താങ്ങുന്ന പുരുഷ പടയുമാണെല്ലോ നാടിന്റെ ടൂറിസത്തെ രേഖപ്പെടുത്തുന്നതെന്ന് ആലോചിച്ചപ്പോൾ ബീച്ചിൽ കിട്ടാതെ പോയ തല്ലുകളെ ഓർത്ത് അദ്ഭുതപ്പെട്ടുപോയി.
മീര : ഇതും ഒരു കാലം!
എമി : ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു
തല്ല് കിട്ടിയവരും തല്ല് കൊടുക്കുന്നവരും ഒരു പോലെ താരങ്ങളാണ്. താരങ്ങൾ ഇല്ലാത്ത ജീവിതം ഒരു ജീവിതമേ അല്ലെന്നാ വയ്പ്.ഭാണ്ഡത്തിലെവിടെയോ പൂഴ്ത്തിവച്ച വിവാഹ സർട്ടിഫിക്കറ്റും കൊണ്ടു വേണം ഇനിയിപ്പോ നാട്ടിലെ ബീച്ചിലൊക്കെ ഒന്ന് ഇറങ്ങാൻ!
എമി പരിഭവപ്പെട്ടു.
മീര : തത്കാലം നല്ലത് രഘുനന്ദൻ സറിന്റെ ക്ലാസ് തന്നെയാണ്!
ബർണാഡ് : ബീച്ചേ നിനക്ക് വിട! തല ചായിക്കാൻ ഒരിടം തന്ന ഫ്ലാറ്റെ..........
മീര : വായോ വേഗം.........!
5 comments:
സൂപ്പർ
Its intresting
Super❤️
നന്നായിട്ടുണ്ട്
വീൽ ഓഫ് ലൈഫ് ഒരുപാട് നന്നാവുന്നുണ്ട് സാരിനേട്ടാ... ഓരോ അദ്ധ്യായവും കഴിയുമ്പോ അടുത്തതിനുവേണ്ടിയുള്ള കാത്തിരിപ്പും പ്രതീക്ഷയും തരുന്നുണ്ട് അത്രയും സമ്പുഷ്ടമായ രചന വൈഭവവും ... മികച്ച വായന അനുഭവവും നൽകുന്നുണ്ട് വീൽ ഓഫ് ലൈഫ് ❤❤❤❤
Post a Comment