16
മുൻ നിശ്ചയിച്ച പ്രകാരം കോളേജിൽ നടക്കുന്ന എക്‌സിബിഷനിൽ പങ്കെടുക്കാൻ അവർ തീരുമാനിച്ചു. മീരയും ബർണാഡും എമിയും ചേർന്നൊരു ഗ്രൂപ്പ്. ഭൂമിയുടെ തന്നെ ഇൻസ്റ്റിലേഷൻ! മനുഷ്യരും മൃഗങ്ങളും സയൻസുമൊക്കെ ചേർന്ന ഭൂപ്രകൃതിയുടെ വൈവിദ്ധ്യം ഉൾക്കൊള്ളുന്ന രൂപകല്പന . കേൾക്കാനും കാണാനും കേമമായിരിക്കും. ചെയ്തെടുക്കാനാണ് പ്രയാസം. മികച്ച കണ്ടെന്റ് വേണം. ഉള്ളിലെ കഴിവെല്ലാം പുറത്തെടുക്കണം. പണമൊരു പ്രശ്നമല്ലെങ്കിലും സമയവും മാൻപവറും അവർക്കു മുന്നിലെ വെല്ലുവിളികൾ തന്നെയായിരുന്നു.
ഒടുവിൽ മീരയോടും ബർണാഡിനോടും എമിയോടുമൊപ്പം ചില അവസാന വർഷ വിദ്യാർത്ഥികളും ഒപ്പം കൂടി. സംഗതികൾ നടത്താൻ പറ്റിയൊരിടം തേടി നടക്കുകയായിരുന്നു അവർ. ഒന്നും ഒത്തു വന്നില്ല. മീരയുടെ നിർബന്ധം കാരണം അവസാനം സ്വന്തം ഫ്ലാറ്റിൽ വച്ചു തന്നെ ഇൻസ്റ്റിലേഷൻ പൂർത്തികരിക്കാൻ തീരുമാനിച്ചു.
സുലൈമാൻ : അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ബർണാഡിൽ നിന്നും കിട്ടിയ വിവരമാണിത്.
വാണി : എന്നാൽ പിന്നെ കഥമെനയാനാണോ പാട്! സാറ് ബെറുതെ സ്റ്റേഷനിലെ വല്യ മൊതലാളിയെ വിശ്വസിക്കരുത്!
സുലൈമാൻ : പി സി ആദ്യമേ തന്നെ തോക്കിനകത്തു കയറി വെടി വക്കാതെ........
ചായയുടെ ചൂടാറുമുമ്പ് ഒരു തീരുമാനത്തിൽ എത്തേണ്ടതാണ്. ഇനി പറയുന്ന ഭാഗം മീര വാണിയോട് വിശദീകരിച്ചതാണ്. അതിൽ ആകാംഷ നിലനിറുത്തിക്കൊണ്ട് മറ്റെന്തെങ്കിലും ആയിക്കൂടന്നുണ്ടോ.....? അതോ ഇതൊക്കെ എസ് എച് ഒ വിശ്വസിക്കുമോ..... ഇതൊക്കെ പൈസയുടെ കളികളാണ്. അവിശ്വസിക്കേണ്ടത് വിശ്വസിക്കും. ചേർക്കാൻ പാടില്ലാത്തത് ചേർത്തിരിക്കും. അങ്ങനെ എന്തെല്ലാം പൊതുജനങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ വിഡ്ഡിത്തങ്ങൾ ആയിരിക്കും ഇവിടെ നടക്കാൻ പോകുന്നത്.........
സുലൈമാൻ : എങ്കിൽ ഒരനുഭവം നിങ്ങൾ കേൾക്കണം!
കുറേ വർഷങ്ങൾക്ക് മുൻപ് വിതുര സ്റ്റേഷന്റെ പരിധിയിൽപെട്ട മലയുടെ മുകളിലെ പോലീസ് ഔട്ട് പോസ്റ്റിൽ പി സി ആയിട്ട് ജോലി നോക്കിയിരുന്നു. ഒരു പ്രധാന ഹിൽ സ്റ്റേഷൻ ആയിരുന്നെങ്കിൽ കൂടി ജോലിയൊക്കെ മടുപ്പായിരുന്നു. സ്ഥിരം കേസുകൾ. മിക്കതും പെറ്റി. ഇതിനിടയിൽ ചിലപ്പോൾ നാട്ടുകാരുടെ വക ചില സിവിൽ കേസുകളും. ജീവിതത്തിനു വലിയ അർഥങ്ങൾ ഇല്ലായിരുന്നെങ്കിൽ കൂടി ജോലി പരമ ബോർ!
അന്നത്തെ എസ് ഐ പൊടിയൂർ ദാമോദരൻ എന്ന പി ദാമോദരൻ ആയിരുന്നു. ആളു വല്യ കുഴപ്പക്കാരനല്ല. എന്നാൽ വല്യ നീതിമാനുമല്ല അന്നത്തെ ചില കള്ളച്ചാരായ വാറ്റുകാരുമായി ഒളിച്ചും പാത്തും ചില ഇടപാടുകൾ ഉണ്ടെന്നായിരുന്നു കരക്കമ്പി.പഴയൊരു ലാമ്പി സ്‌കൂട്ടർ മാത്രമുണ്ടായിരുന്ന ഏമാനു ഈ വകയിൽ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് മേടിച്ചു. പിന്നെ ഒരു അമ്പാസിഡർ കാറും. എന്നാലും വല്യ പരാതികളൊന്നും ഉയരാതെ ക്രമ സമാധാന നിലയോക്കെ ഒരു വിധം പ്രദേശത്തു നിലനിന്നു പോന്നു. ഇതിനിടയിൽ മുകളിൽ നിന്നും ഐ ജി യുടെ ഓർഡർ സർക്കിൾ മുഖേന സ്റ്റേഷനിലും എത്തി. മലയിലെ പോലീസ് ഔട്ട് പോസ്റ്റ് സംബന്ധിച്ചു.
ഇനിയിതു ശ്രദ്ധിച്ചു കേൾക്കേണ്ട ഭാഗമാണ്. ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും നമ്മുടെ കേസിലെ വാദികളുടെയും പ്രതികളുടെയും പേര് കൊടുക്കാം........
വാണി : അപ്പോൾ സർ ഉദ്ദേശിക്കുന്നത് മീര ബർണാഡ്, വക്കീൽ ഇങ്ങനെ ആവശ്യമുള്ളവരെ സൗകര്യപൂർവ്വം ഈ സംഭവത്തിൽ ഫിക്സ് ചെയ്‌താൽ സംഗതികൾ പിടികിട്ടുമെന്നാണ്.
അത്തരം വാദഗതികളൊന്നും മുഖവിലക്കെടുക്കാതെ സുലൈമാൻ തുടർന്നു. മലയിൽ എത്തുന്നവരെ തേടിയായി പിന്നെയുള്ള ശ്രമങ്ങൾ. അതുപക്ഷെ കരുതലോടെ വേണം. മലയുടെ മുകൾ ഭാഗം വളരെ വിശാലവും 360 ആങ്കിളിൽ കിഴക്ക് തെങ്കാശി മുതൽ പടിഞ്ഞാറു അറബിക്കടൽവരെയുള്ള മനോഹരമായ കാഴ്ച നൽകുകയും ചെയ്യും. ഗിരിനിരകളിൽ നിന്നും വരുന്ന കുളിർകാറ്റ് ശരീരത്തെ തലോടി സഹ്യസാനുക്കളിലേക്ക് എത്തുമ്പോളുള്ള അനുഭൂതി വർണ്ണനകൾക്കും അപ്പുറത്തെന്നാണ് അനുഭവസ്ഥർ പറയാറു. ചിലപ്പോൾ പെയ്തിറങ്ങുന്ന കോടമഞ്ഞാകട്ടെ അത് കണ്ണുകളെ മൂടിക്കളയും. അങ്ങനെ പരസ്പരം കാണാതാകുമ്പോൾ അവിടെ വരുന്നവർക്ക് ചില കുസൃതികൾ ഒപ്പിക്കാൻ തോന്നും.വാദികളും പ്രതികളും ഉണ്ടാകാൻ ഇതിൽ പരം എന്ത് വേണം.
വേണി : സാറൊന്ന് തെളിച്ചു പറ.....
അവിടെ നോക്കൂ!ജാലകത്തിലൂടെ നോക്കിക്കൊണ്ട് പറഞ്ഞു. അനക്കം വച്ച കുറ്റിച്ചെടി കണ്ടില്ലേ..... അനക്കം വക്കാൻ ഇവിടെ കാറ്റൊന്നും വീശിയില്ലല്ലോ..... പിന്നെ എന്താ ഗുട്ടൻസ്...........? ഏതോ രണ്ട് നാല്കാലികൾ വന്യമായ തൃഷ്ണയോടെ ആ രണ്ട് പേരിനുള്ളിലേക്ക് മാത്രമായി ചുരുങ്ങുകയാണ്. ഭാഗ്യ ജന്മങ്ങൾ! ഒപ്പിയെടുക്കാൻ ക്യാമറ കണ്ണുകൾ ഇല്ല. ഗുണദോഷിക്കാൻ സ്ഥലത്തെ കാർന്നോൻമാർ ഇല്ല. വന്യമായ രതികാഴ്ചകൾ പ്രകൃതിയുടെ ഭാഗമായി മാറുകയാണ്.
പറഞ്ഞുവന്നത് ഒരു പെറ്റി കേസ് പോലും ഏമാന്റെ ഉത്തരവിന് ശേഷം അവിടെ നിന്നും രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ ഇരിക്കെയാണ് സ്ഥലത്തെ ചില ദിവ്യൻമാരുടെ പരാതി വരുന്നത്.കോടമഞ്ഞു കൂടുന്നതിനൊപ്പം കുറ്റിച്ചെടികൾക്കു മറവിൽ പ്രഖ്യാപിത ജനതക്ക് അംഗീകരിക്കാൻ കഴിയാത്ത ജീവിതങ്ങൾ തഴച്ചുവളരുന്നുവെന്ന ആവലാതിയായിരുന്നു.പരാതിയുമായി പോലീസ് സ്റ്റേഷനിലും എത്തി.പൊടിയൂർ ദാമോദരൻ അന്നത്തെ പ്രോബെഷണറും ഇന്നത്തെ കഥാപാത്രവുമായ രാമലിംഗത്തെയൊന്നു തറപ്പിച്ചു നോക്കി.
എയ്ഡ് പോസ്റ്റിലേക്ക് ഫോൺ ഒന്ന് കറക്കുകയെ വേണ്ടൂ, റിസീവർ എടുക്കുന്ന നമ്മുടെ ഉദ്ദ്യോഗസ്ഥർ ഇറങ്ങിക്കൊള്ളുമെന്ന് രാമലിംഗം മൊഴിഞ്ഞു. അന്നൊക്കെ ഇത്തരം കേസുകളെന്നു വച്ചാൽ ത്രിൽ ആയിരുന്നു. നാറ്റക്കേസ് ആകുമ്പോൾ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുകയുമില്ല. സംഗതി കഴിച്ചിലായാൽ മതി. രാത്രിയുടെ മറവിൽ സ്ഥലത്തെ ഏതെങ്കിലും ദിവ്യന്മാർ തലയിൽ മുണ്ടുമിട്ട് സ്റ്റേഷനിൽ എത്തി കുറ്റാരോപിതരെ ഇറക്കിക്കൊണ്ട് പോകുമായിരുന്നു, ഇതിനിടയിൽ ഉദ്ദ്യോഗസ്ഥർക്കും എന്തെങ്കിലും തടയുമായിരുന്നു.
ഞൊടിയിടയിലായിരുന്നു എല്ലാം സംഭവിച്ചത്. പോലീസ് ജീപ്പിൽ വഴിവക്കിലെ പൂഴിമണ്ണും പറപ്പിച്ചു ഗട്ടറുകളെ കണ്ടില്ലെന്ന് നടിച്ചു കുതിരക്കോളൻ വേഗത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വാണി : എന്താ സാറേ കുതിരക്കോളൻ.....?
സുലൈമാൻ : സത്യമാണോ മിഥ്യയാണോ എന്നൊന്നും അറിയില്ല, അതിനു പിന്നിൽ ഒരു കഥയുണ്ട്............
തത്കാലം ആ കഥ പറയുന്നില്ല . അത്രക്ക് ശരവേഗത്തിലായിരുന്നു പോലീസ് ഉദ്ദ്യോഗസ്ഥർ അവിടേക്കെത്തിയത്. കോടമഞ്ഞായതിനാൽ അടുത്തുള്ള കാഴ്ച പോലും ദുഷ്കരം. പോരാത്തതിനു രാമലിംഗത്തിനും മറ്റു ഉദ്യോഗസ്ഥർക്കും സ്ഥല പരിചയവും പോരാ, വെപ്രാളപ്പെട്ടു നിന്ന അവർ വയർലെസിൽ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വിളിച്ചു. അതിനിടയിൽ ആരോ ജീപ്പിന്റെ ഫോഗ് ലാമ്പിട്ടു. ആ മങ്ങിയ വെളിച്ചത്തിൽ ഓടി കിതച്ചെത്തുന്ന എയ്ഡ് പോസ്റ്റിലെ ഡ്യൂട്ടി പോലീസുകാരെ കാണാം.
രാമലിംഗം : എന്താ സുലൈമാനെ മരുന്നിനു പോലും ഒരണ്ണത്തെ കിട്ടാനില്ലല്ലോ......?
സുലൈമാൻ : വാ സാറേ കുറ്റിക്കാട്ടിലോട്ട് ഇറങ്ങാം.
ഓരോ വള്ളിപടർപ്പിലും പിടിച്ചാൽ ഒതുങ്ങാത്ത മരച്ചുവട്ടിലുമൊക്കെ കറങ്ങി നടന്നെങ്കിലും ഒരാളെ പോലും കിട്ടിയില്ല. അപ്പോഴേക്കും ഫോഗ് ലാമ്പിൽ നിന്നുമുള്ള പ്രകാശം യാത്ര പറഞ്ഞു തുടങ്ങിയിരുന്നു.ദിക്കറിയാതെ ലക്ഷ്യമെന്തെന്നറിയാതെ പോലീസുകാർ കുറ്റികാട്ടിലൂടെ തേരാപാരാ നടന്നു.
സാർ....... ആരോ ഉറക്കെ വിളിച്ചു.
ഒരനക്കം. യേട്ട് സാറാമ്മ ഉറക്കെ വിളിച്ചു. അത് കാട്ടുപന്നിയോ മറ്റോ ആയിരിക്കും. "പണിമേടിക്കണ്ട വിട്ടുകള" ആരോ പറഞ്ഞു. അല്ല മറ്റെന്തോ വലുത്..........! ഇതു പറഞ്ഞതും രണ്ടു പേർ തൊട്ടടുത്ത കിടങ്ങും ചാടിക്കടന്ന് മലയിലെ ഊട് വഴികളിലെവിടെകൂടെയോ മറഞ്ഞു. സാറാമ്മ പാഞ്ഞടുത്തെങ്കിലും പിടിക്കാൻ സാധിച്ചില്ല.കൈവിട്ടു പോയല്ലോ സാറേ........? പോലീസ് കൂടുതൽ ഇടങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചു. കുറച്ചു ദൂരം കൂടി പിന്നിട്ടാൽ കൊടും കാടാണ്. ഇനിയങ്ങോട്ട് ആരും പോകാനും സാധ്യതയില്ല.
തിരച്ചിൽ മതിയാക്കി എയ്ഡ് പോസ്റ്റിലേക്ക് മടങ്ങുകയായിരുന്നു പോലീസ്. ചിലർ കയ്യിൽ കരുതിയിരുന്ന ടോർച്ച് തെളിയിച്ചു. അതിനിടയിൽ കോടയുടെ ശക്തി കുറഞ്ഞു തുടങ്ങിയിരുന്നു. അന്തരീക്ഷമാണെങ്കിൽ മേഘവൃതവും."സാറേ പെട്ടെന്ന് പോകാം. മഴക്കും സാധ്യതയുണ്ട് " ആരോ പറയുന്നുണ്ടായിരുന്നു.
രാമലിംഗം സ്വയമെന്തോ പിറുപിറുത്തു. ഏട്ട് സാറാമ്മ തെക്കോട്ടും വടക്കോട്ടും തേരാപാര നടക്കുന്നുണ്ടായിരുന്നു. സുലൈമാനാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ പോലീസ് എയ്ഡ് പോസ്റ്റ് ലക്ഷ്യമാക്കി നടന്നു നീങ്ങി. പൊടിയൂർ ദാമോദരന് കൊടുക്കേണ്ടുന്ന മറുപടി കണ്ടെത്തുന്ന വെപ്രാളമായിരുന്നു ഏവർക്കും.
സാറേ സാറേ വായോ...... ഏട്ട് സാറാമ്മ വീണ്ടും വിളിച്ചു കൂവി.... എല്ലാവരും അങ്ങോട്ടേക്ക് കുതിച്ചു. വള്ളിപ്പടർപ്പുകൾക്കിടയിൽ മറഞ്ഞിരുന്ന രണ്ടു പേരെ കണ്ടു. പോലീസുകാർ വിളിച്ചു കൂവി ബഹളം വച്ചെങ്കിലും അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും ചാറ്റൽ മഴ തുടങ്ങിയിരുന്നു. കുട കയ്യിൽ കരുതിയിരുന്നില്ല. ആ മഴ നനഞ്ഞുകൊണ്ട് തന്നെ അവർ വള്ളിപടർപ്പുകൾക്കുള്ളിലേക്ക് എടുത്തു ചാടി.ഈ പരിപാടികൾ ഒന്നും തന്നെ തങ്ങളെ ബാധിക്കാത്ത വിധത്തിൽ ആ രണ്ടു പേരും ആലിംഗനബദ്ധരായിരിക്കുകയായിരുന്നു.
പിന്നെ അവിടേ നടന്ന കാര്യങ്ങൾ ഒന്നും തന്നെ കൂടുതൽ വിവരിക്കാൻ സാധിക്കില്ല. അത്രക്ക് മോശമാണ്. ഇതിനിടയിൽ രാമലിംഗം ചില തരികിടകൾ ഒപ്പിച്ചു. എന്തെങ്കിലും കയ്യിൽ തടഞ്ഞാലോ എന്ന ലക്ഷ്യത്തോടെ. ഒന്നും നടന്നില്ല. ഒടുവിൽ ചിലർവന്നു ആൾ ജാമ്യത്തിൽ സ്റ്റേഷനിൽ നിന്നും അവരെ ഇറക്കി. അവരിൽ യാതൊരു ഭാവ വ്യത്യാസവും കണ്ടില്ല. മുഖത്ത് നിരാശ നിഴലിച്ചു നിന്നില്ല. ചില സായാഹ്ന പത്രക്കാർ വിവരമറിഞ്ഞു അവിടെ എത്തിയെങ്കിലും അവരോട് ഒന്നു പുഞ്ചിരിച്ച ശേഷം വരാന്തയിലേക്ക് ഇറങ്ങി. പോകും വഴി മഹാലിംഗത്തെയൊന്നു മുഖം കാണിച്ചു. ഏട്ട് സാറാമ്മയും രാമലിംഗത്തോടൊപ്പം അവിടേയുണ്ടായിരുന്നു." ഒരു നാൾ വരും സർ നമുക്കും ജീവിക്കാൻ ". ദമ്പതികൾ എന്ന് തെളിയിക്കാൻ പൊട്ടാത്ത താലിയും രജിസ്ട്രെഷൻ പേപ്പറിന്റെ കനവും വേണ്ടാത്ത ഒരു ദിവസം..........! ഇത്രയും പറഞ്ഞുകൊണ്ട് കുതിരക്കോളൻ വേഗത്തിൽ ആ ദമ്പതികൾ സ്റ്റേഷൻ വിട്ടു.
വാണി : എന്താ സാറേ കുതിരക്കോളൻ.........?